തൃക്കേട്ട ഞാറ്റുവേല
വൃശ്ചികം 17 മുതൽ 30 പകൽ ഉൾപ്പെടെ.
ഡിസംബർ 2 മുതൽ 15 വരെ .
ഇടവപ്പാതിക്ക് ശക്തമായ മഴയും വെള്ളവുമുള്ളപ്പോൾ കൃഷിയിറക്കാതെ ആഗസ്തിൽ കൃഷിയിറക്കിയവർക്ക് കൊയ്ത്തു കാലമാണ്. രണ്ടാം വിളയിലെയും മുണ്ടകനിലെയും നെല്ലുകൾ (മകരക്കൊയ്ത്തിനുളളവ ) വിളഞ്ഞു വരുന്നുണ്ടാവും. താഴ്നിലങ്ങളിലും കായൽപാടങ്ങളിലും കോൾ പാടങ്ങളിലും പുഞ്ചക്കൃഷിയിറക്കുന്ന സമയം. തെക്ക് ഭാഗങ്ങളിൽ ഇത് 'തൃക്കേട്ട പുഞ്ച' എന്നറിയപ്പെടുന്നു.
കൊയ്തൊഴിയുന്ന പാടങ്ങളിൽ ഉഴുന്ന്, ചെറുപയർ,വൻപയർ, മുതിര, എള്ള്, കുറ്റിയമര, സോയാബീൻ എന്നിവ വിതക്കാം. വയലിലെ വേനൽ പച്ചക്കറി കൃഷി തുടങ്ങാം. കണ്ടങ്ങൾ ഉഴുത് കായാനിടണം. ഉഴുവുന്നതിന് തൊട്ട് മുമ്പായി കുമ്മായവും വേപ്പിൻ പിണ്ണാക്കും ചേർക്കാവുന്നതാണ്. ചാണകപ്പൊടി വിത്ത് നടുമ്പോൾ ചേർത്താൽ മതി. ആട്ടിൻ കാട്ടവും കോഴിവളവും നൈട്രജൻ കൂടുതലുള്ളവയായതിനാൽ നേരിട്ട് ചേർക്കുന്നത് ഗുണം ചെയ്യില്ല. അവ കുറച്ച് കുമ്മായവും ചേർത്തിളക്കി കൂന കൂട്ടിയിടണം.
ഇടക്കിടെ കുറേശ്ശെ വെള്ളം തളിച്ചു കൊടുക്കണം. മൂന്നാേ നാലോ ദിവസം കൂടുമ്പോൾ വീണ്ടും കൊത്തിയിളക്കി കൂന കൂട്ടണം. നന്നായി പൊടിഞ്ഞതിനു ശേഷമേ ചെടികൾക്ക് പ്രയാേഗിക്കാവൂ. വിത്ത് നടുന്നവർ കാലേക്കൂട്ടി വിത്ത് എടുത്തു വെക്കുകയും ഇപ്പോൾ കായ പൊട്ടിച്ച് വെയില് കൊള്ളിക്കുകയും വേണം. നടുന്നതിന് മുമ്പേ വെള്ളത്തിലിട്ട് കരുത്തുള്ളവ തെരഞ്ഞെടുക്കണം. നടുന്നതിന് മുമ്പ് നാലഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം. നഴ്സറി ത്തൈകളും ഉപയാേഗിക്കാവുന്നതാണ്.
വെള്ളരി, കറുത്ത വാവിനോ തൊട്ടുമുമ്പുള്ള ദിവസമാേ നടുന്നത് തനതു നാടൻ വിത്തുകളിൽ കൂടുതൽ ഉൽപാദനത്തിന് സഹായിക്കും. 28 ദിവസം കൊണ്ട് പൂവിടുന്നതിനാൽ അടുത്ത കറുത്തവാവിന് പൂവിടും. തുടർന്നുളള വെളുത്തപക്ഷത്തിൽ നിശാശലഭങ്ങൾക്ക് പരാഗണം നടത്താൻ എളുപ്പമാണ്. രാത്രികാലങ്ങളിൽ പൂവിടുന്ന വെളുത്ത പൂവുള്ള ഇനങ്ങളും കറുത്ത വാവിനു പൂവിടുന്ന രീതിയിൽ ദിവസം ക്രമീകരിച്ച് നടാവുന്നതാണ്.
എന്നാൽ ഹൈബ്രിഡ് വിത്തുകളിൽ ഇക്കാര്യം ശരിയായിക്കൊള്ളണമെന്നില്ല. കാരണം അവയിലെ ജനിറ്റിക്ക് കോഡുകൾ പലതും താറുമാറായിരിക്കും. തേനീച്ചക്കോളനികൾ ഇനിയും സെറ്റ് പിരിച്ചില്ലെങ്കിൽ ഇപ്പോൾ ചെയ്യേണ്ടതാണ്. ഒന്നാേ രണ്ടോ തേനീച്ചക്കോളനികൾ പരിപാലിക്കുന്നത് പച്ചക്കറി ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കും.
മാവും പ്ലാവും കായ്ച്ചു തുടങ്ങും. ഉണ്ണിമാങ്ങയും ചക്കപ്പൂതലും കണ്ണിനു കുളിർമ്മയും മനസ്സിന് പ്രതീക്ഷയും ഓർമകൾക്ക് ഗൃഹാതുരതയും പകർന്ന് വളരാൻ തുടങ്ങും. കണ്ണിമാങ്ങ അച്ചാറിടാനും ചക്കപ്പൂതൽ മസാലക്കറി, തോരൻ, പുളിങ്കറി എന്നിവയക്കും അത്യുത്തമം.
ഓരോ വീടും സ്വാശ്രയമാകട്ടെ ;
ഓരോ ഗ്രാമവും സ്വാശ്രയമാവട്ടെ .
ജൈവകൃഷിയിലൂടെ ജൈവ ജീവിതത്തിലേക്ക് .
Share your comments