ഒന്നിൽ കൂടുതൽ റാണിസെല്ലുകളുണ്ടാക്കിയ കൂട്ടിൽ കർഷകർ ഒരു റാണി സെല്ലു മാത്രം വെച്ച് മറ്റുള്ളവ കട്ട് ചെയ്തു മാറ്റിയ കൂട്ടിലെ റാണിയാണ് ഇണചേരലിന് ശേഷം നഷ്ടപ്പെട്ടതെങ്കിൽ വേലക്കാരി ഈച്ചകൾക്ക് പുതിയ റാണിയെ ഉണ്ടാക്കാനുള്ള നൂൽമുട്ടയോ പുഴുവോ ആ കൂട്ടിലുണ്ടാവില്ല. റാണി വിരിഞ്ഞ് പത്ത് പന്ത്രണ്ട് ദിവസത്തിനുള്ളിൽ നൂൽ മുട്ടകൾ കൂട്ടിൽ കണ്ടില്ലെങ്കിൽ റാണി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് നോക്കിയിരിക്കണം.
റാണി നഷ്ടപ്പെട്ടാൽ ആ കൂട്ടിലേക്ക് വേറൊരു കൂട്ടിലെ ബ്രൂഡ് ചേംബറിൽ നിന്നും ഈച്ചയെ മാറ്റി പുഴുവും മുട്ടയുമുള്ള ഒരു ചട്ടം എടുത്തിട്ട് കൊടുക്കുകയോ പുതിയ റാണിസെല്ലോ പുതിയ റാണിയേയോ വെച്ച് കൊടുക്കുകയോ ചെയ്യേണ്ടതാണ്.
കൂട് പിരിക്കുമ്പോഴോ വേറെ എന്തെങ്കിലും കാരണത്താലോ മുട്ടയിട്ട് കൊണ്ടിരിക്കുന്ന റാണി നഷ്ടപ്പെട്ടാൽ - റാണി നഷ്ടപ്പെട്ട കൂട്ടിൽ ബുദ്ധിപരമായ നീക്കത്തിലൂടെ കൂട്ടമായ പ്രയത്നത്താൽ റാണിയെ ഉണ്ടാക്കുന്നത് വരെ വിശ്രമമില്ലാത്ത ജോലിയായിരിക്കും പെണ്ണീച്ചകൾക്ക്. പുതിയ റാണി വിരിയും വരെ കൂട്ടിൽ മധുവും പൂമ്പൊടിയും ശേഖരിക്കാനുള്ള സാഹചര്യമല്ലാത്തതിനാൽ കൂടിനകത്ത് അവ കുറവായിരിക്കും. മാത്രമല്ല കൂടിനകത്ത് മുട്ടയും പുഴുവും വിരിഞ്ഞ ഉടനെയുള്ള ഈച്ചകളും ഉണ്ടാവാൻ സാധ്യത കുറവാണ്. അതിന് പരിഹാരമായി വേറെ ഒരു കൂട്ടിൽ നിന്നും മുട്ടയും പുഴുവും സമാധിയും ഉള്ള ഈച്ചയെ ഒഴിവാക്കിയ ഒന്നോ രണ്ടോ നല്ല അടകൾ എടുത്ത് ഈ പുതിയ റാണിയുള്ള കൂട്ടിലിട്ട് കൊടുത്താൽ പുതിയ റാണിയുള്ള കൂട്ടിൽ പെട്ടെന്ന് തന്നെ ഈച്ചകൾ പെരുകാൻ സഹായകമാവും.
പുതിയ റാണി ഇണചേർന്ന് കൂട്ടിൽ തിരിച്ചെത്തിയാൽ ഒരാഴ്ചക്കുള്ളിൽ മുട് കൂട് പിരിച്ച് അന്ന് മുതൽ റാണി വിരിയുന്നത് വരെയുള്ള പത്ത് ദിവസം ലാഭിക്കാൻ വേണ്ടി വേറെ പിരിച്ച കൂട്ടിൽ നിന്നും കൂടുതലാ യുള്ള മുഴുത്ത പാകമായ ഒരു റാണിസെല്ല് അടയോട്കൂടി കട്ട് ചെയ്ത് കൂട്പിരിച്ച് കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം റാണിയില്ലാത്ത കൂട്ടിലെ ചട്ടങ്ങൾക്കിടയിൽ വെച്ച് കൊടുത്തും കൂട് പിരിക്കാം .
പിരിച്ച് ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം മാത്രമേ പുതിയ റാണിസെല്ല് വെക്കാൻ പാടുള്ളൂ എന്ന് പറയാൻ കാരണം - പിരിച്ച കൂട്ടിൽ റാണിയില്ല എന്ന് മറ്റീച്ചകൾക്ക് മനസ്സിലാവാൻ ഒന്നോ രണ്ടോ മണിക്കൂർ കഴിയണം. മാത്രമല്ല പുറത്ത് പോയ ഈച്ചകൾക്കും റാണി നഷ്ടപ്പെട്ടത് മനസ്സിലായിരിക്കണം. ഇല്ലെങ്കിൽ ഒരു റാണി കൂട്ടിലുണ്ടെന്ന് കരുതി പുതിയതായി വെച്ചു കൊടുത്ത റാണി സെല്ല് വേലക്കാരി ഈച്ചകൾ നശിപ്പിച്ച് കളയും. പിരിച്ച അന്ന് തന്നെ പാകമായ പുതിയ റാണിസെല്ല് കൊടുത്താൽ രണ്ട് - മൂന്ന് ദിവസം കൊണ്ട് പുതിയ റാണി വിരിഞ്ഞിറങ്ങും.
വിരിഞ്ഞിറങ്ങി ഒരാഴ്ചക്കുള്ളിൽ ഇണചേർന്ന് ശേഷമുള്ള ഒരാഴ്ച കൊണ്ട് റാണിയീച്ച മുട്ടയിടാൻ തുടങ്ങിയാൽ കൂട് പെട്ടെന്ന് തന്നെ ശക്തമാവും. മേൽപ്പറഞ്ഞ പ്രകാരം റാണിയില്ലാത്ത കൂട്ടിൽ പാകമായ റാണിസെല്ല് കൊടുത്താൽ റാണി വിരിഞ്ഞ് മുട്ടയിടാൻ 12-14 ദിവസം മതിയാവും. ഈ ഒരു പത്ത് ദിവസത്തെ ലാഭം തേനെടുക്കുന്ന സീസണിൽ തേനീച്ച കർഷകർക്ക് കൂടുതൽ തേൻ കിട്ടാൻ സഹായകമാവും. റാണിയില്ലാതെ സെറ്റ് പിരിച്ച് കോളനിയിൽ പുതിയ റാണി വിരിഞ്ഞ് ആണീച്ചകളുമായി ഇണചേർന്ന് മുട്ടകളിടാൻ 21-23 ദിവസവും പിരിച്ച കോളനിയിൽ റാണി സെല്ല് കൊടുത്ത് റാണി വിരിഞ്ഞ് ഇണചേർന്ന് മുട്ടകളിടാൻ 12-14 ദിവസവും പിരിച്ച കോളനിയിലേക്ക് പുതിയ റാണിയെ കൊടുത്താൽ ഇണചേർന്ന് മുട്ടകളിടാൻ 6 - 8 ദിവസവും വേണ്ടിവരും എന്നാണ് അനുഭവത്തിലൂടെ മനസ്സിലാവുന്നത്.
Share your comments