കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനം കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന നിരവധി ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കാറ്റു വീഴ്ച രോഗത്തെ പ്രതിരോധിക്കുന്ന കൽപീ (ചാവക്കാട് കുറിയ പച്ചയിൽ (സി.ജി ഡി) നിന്ന് തിരഞ്ഞെടുത്തത് ), കൽപരക്ഷ (മലയൻ കുറിയ പച്ചയിൽ നിന്ന് തിരഞ്ഞെടുത്തത്) ഇനങ്ങളും, കൽപ സങ്കര (ചാവക്കാട് കുറിയ പച്ച : പശ്ചിമ തീര നെടിയ ഇനം) എന്ന സങ്കരയിനവും അവയിൽ ചിലത് മാത്രമാണ്.
2022-ൽ, കാറ്റു വീഴ്ച രോഗ ബാധിത മേഖലയ്ക്കായി (രോഗരഹിതമായ പശ്ചിമ തീര നെടിയ ഇനം എന്ന ഇനവും തിരഞ്ഞെടുത്തിട്ടുണ്ട്. തമിഴ് നാട്ടിലെ കുലശേഖരത്തു നിന്ന് പുറത്തിറക്കിയ കുലശേഖരം കുറിയ പച്ച ഇനത്തിൽ നിന്ന് തിരഞ്ഞെടുത്ത കാൽ ഹരിത തെങ്ങിലെ മണ്ഡരിബാധയെ ചെറുക്കുവാൻ കഴിവുള്ള ഇനമാണ്. പൊതുവേ, ഉരുണ്ട് തേങ്ങ ഉണ്ടാകുന്ന ചാവക്കാട് കുറിയ ഓറഞ്ച്, മലയൻ കുറിയ മഞ്ഞ തുടങ്ങിയ ഇനങ്ങളിൽ മണ്ഡരി ബാധയും പൂങ്കുല ചാഴിയുടെ ആക്രമണവും താരതമ്യേന കുറവാണ്. കുള്ളൻ ഇനങ്ങളെ അപേക്ഷിച്ച് - നെടിയ ഇനങ്ങൾക്ക് ചെമ്പൻ ചെല്ലി ആക്രമണം താരതമ്യേന കുറവാണ്.
ജൈവ നിയന്ത്രണം പ്രായോഗിക പ്രതിവിധി
ഒരു ജീവിയുടെ അംഗസംഖ്യ നിയന്ത്രിക്കുവാൻ മറ്റൊരു ജീവിയെ ഉപയോഗിക്കുകയാണ് ജൈവിക നിയന്ത്രണത്തിൽ ചെയ്യുന്നത്. മൈന പോലുള്ള പക്ഷികൾ, നീറുകൾ (red ant) എന്നിവയെ വളരെ പണ്ട് മുതലേ ജൈവിക നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്നു. വളരെ ഉയരമുള്ളതും ബഹുവർഷ വിളയുമായതിനാൽ തന്നെ ജൈവിക നിയന്ത്രണമാണ് തെങ്ങിലെ ഏറ്റവും പ്രായോഗികമായ കീട നിയന്ത്രണമാർഗം. മിക്ക കിടങ്ങളെയും ഫലപ്രദമായി ജൈവിക രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നു എന്നത് ഒരു സവിശേഷതയാണ്. പണ്ട് രൂക്ഷ മായിരുന്ന തെങ്ങോലപ്പുഴു, ശൽക കീടങ്ങൾ തുടങ്ങിയവ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നത് ജൈവിക നിയന്തണത്തിന്റെ ഫലമായാണ്.
Share your comments