ആഗോള പോഷണ സുരക്ഷ (Nutritional Security) നിലനിർത്താൻ ജൈവവൈവിധ്യത്തിലെ മുഖ്യ കണ്ണിയായ വന്യഭക്ഷ്യ സസ്യങ്ങൾക്ക് ഏറെ പങ്കുണ്ട്. ഇത് ഭക്ഷ്യ സുരക്ഷയും സുസ്ഥിര വികസനവും ഉറപ്പ് വരുത്താൻ സഹായകമാകും. വന്യ ഭക്ഷ്യ സസ്യങ്ങളിൽ നാളിതുവരെ നടത്തിയ പഠനങ്ങൾ അപര്യാപ്തമാണ്. ലോകത്തെമ്പാടുമായി 20,000 ത്തോളം ഭക്ഷ്യസസ്യജാതികൾ കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ആഹാരത്തിനായി അധികമാത്രയിൽ ഉപയോഗിക്കുന്നതിന്റെ 90 ശതമാനവും കേവലം 30 ഓളം ഭക്ഷ്യ സസ്യജാതികളിൽ അധിഷ്ഠിതമാണ്. ഇന്ത്യയിൽ 3900-ന് മുകളിൽ വന്യഭക്ഷ്യ സസ്യങ്ങളുടെ ഉപലബ്ധി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തറിയാൻ കഴിഞ്ഞതും കഴിയാതെ പോയതുമായ വന്യമായ ഇല വർഗ്ഗങ്ങളും, ഫലങ്ങളും, കിഴങ്ങുകളും, പയറു വർഗ്ഗങ്ങളും വന്യമായിത്തന്നെ സംരക്ഷിക്കുന്നതിനോടൊപ്പം അവകളെ കൃഷിയിടങ്ങളിലേയ്ക്ക് കൊണ്ട് വരേണ്ടതുണ്ട്. പോഷകസമൃദ്ധവും, സൂക്ഷ്മ പോഷണ ഘടകങ്ങളുടെ (വിറ്റാമിനുകൾ, മിനറൽസ്) സാന്നിദ്ധ്യവുമാണ് വന്യഭക്ഷ്യ സസ്യങ്ങളുടെ മേൻമ. ഇതിലുൾപ്പെടുന്ന ഏതാനും കാട്ടുകിഴങ്ങ് വർഗ്ഗങ്ങളെ നമുക്കടുത്തറിയാം.
നൂറാൻ കിഴങ്ങ്
നൂറിന്റെ അംശം കൂടുതലുളളതു നൂറാൻ, കാട്ട്കിഴങ്ങ് വർഗ്ഗങ്ങളിൽ ശ്രേഷ്ഠനായ കാച്ചിലിന്റെ ചരിത്രം മനുഷ്യനോളം തന്നെ പഴക്കമുണ്ട്. നൂറാൻ കിഴങ്ങിന് ആറ് ഇനങ്ങൾ ഉണ്ടെന്ന് വയനാട്ടിലെ കാട്ട്നായ്ക്കൻ വിഭാഗം പറയുന്നു. കൊറ, നൂറ കൊറണ, ഹെന്തി കൊണ എന്നീയിനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് വളരാൻ കെല്പ്പുളളതാണ്. കേരളത്തിലെ ആദിവാസികൾ നൂറാൻ കിഴങ്ങ് ചുട്ടും, പുഴുങ്ങിയും കറി വെച്ചുമാണ് കഴിക്കുന്നത്. ബയോഫോർട്ടിഫിക്കേഷനിലൂടെ നൂതന ഉല്പന്നങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്നത് പഠന വിഷയമാക്കേണ്ടതാണ്.
രൂപവിവരണം
മുളളുളള വളളിച്ചെടിയായി 10 മീറ്റർ വരെ നീളത്തിൽ പടർന്ന് കയറുന്നു. ഇലകൾ ഹസ്താകൃതിയിലുളളതാണ്. കിഴങ്ങുകൾ ആഴത്തിൽ പോകുന്നു. ഒരു വള്ളിയിൽ ഒരു കിഴങ്ങ് മാത്രമേ ഉണ്ടാകൂ.
വിതരണം
തെക്ക് കിഴക്കൻ ഏഷ്യയിലും, ഇന്ത്യയിലും, കേരളത്തിലെ വനപ്രദേശങ്ങളിലുടനീളം ഇതിൽ ചിലയിനങ്ങൾ കാണുന്നു.
ആഹാര ഔഷധഗുണങ്ങൾ/ശാസ്ത്രീയ പഠന നിരീക്ഷണങ്ങൾ
പ്രോട്ടീനും, അന്നജവും, ചെറിയ അളവിൽ മിനറൽസും, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു.
രോഗപ്രതിരോധനിര സജ്ജമാക്കാൻ (Immuno boosting)
ബലവർധകം, ഊർജ്ജദായകം, ഉൻമേഷം നൽകുന്നു (Enhancing Stamina &Vitality)
കവലാൻ കിഴങ്ങ്
നൂറാനെ പോലെ കവലാനും ആദിവാസി സമുദായങ്ങളുടെ ഭക്ഷണകൊട്ട് (Food basket) യിലുള കിഴങ്ങാണ്. ത്രിപുരയിലെ ചക്മ ആദിവാസികൾ കവലാന്റെ ഇല പാമ്പ് വിഷത്തിനെതിരെ മരുന്നായി ഉപയോഗിക്കുന്നു. കേരളത്തിലെ ആദിവാസികൾ കവലാൻ കിഴങ്ങ് ചുട്ടും, പുഴുങ്ങിയും കറി വെച്ചുമാണ് കഴിക്കുന്നത്. ബലവർദ്ധകവും ഊർജദായകവുമാണ്
രൂപവിവരണം
വള്ളിച്ചെടിയാണ്. ഒരു വളളിയിൽ ഒരു കിഴങ്ങു മാത്രം, ആഴത്തിൽ പോകുന്നു. കിഴങ്ങ് പെട്ടന്ന് ഒടിഞ്ഞ് പോകുന്നതാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.
വിതരണം
കേരളത്തിലെ വനാന്തരങ്ങളിലും കാണുന്നു. കാട്ടിതുളളിലെ നദിയോരങ്ങളിലും കൂടുതലായി കണ്ട് വരുന്നു. ഇന്ത്യയിൽ വടക്ക് കിഴക്കൻ പ്രദേശങ്ങളായ ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും കാണാം.
ആഹാര ഔഷധഗുണങ്ങൾ/ശാസ്ത്രീയ പഠന നിരീക്ഷണങ്ങൾ
പ്രോട്ടീനും അന്നജവും, ചെറിയ അളവിൽ മിനറൽസും, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു.
ബലവർധകം (Stamina boosting)
രോഗപ്രതിരോധകനിര സജ്ജമാക്കാൻ (Immuno boosting)
ശരീരപുഷ്ടിയെ (Gaining body weight) പ്രദാനം ചെയ്യുന്നു
ക്ഷീണമകറ്റാൻ (Anti fatigue)
Share your comments