തെങ്ങിന് ചുറ്റും നറുനീണ്ടി കൃഷി ചെയ്യുന്നത് തെങ്ങിന് വളരെ ഗുണകരമാണ്. തെങ്ങിന് ചുറ്റും ജീവനുള്ള പൊതയായി മണ്ണിൽ ഈർപ്പം നിലനിർത്തി ജീവാണുക്കൾ വളരാൻ സഹായിക്കും. ഇതിന്റെ വേരുകൾക്ക് രോഗശമനശേഷി ഉണ്ടായതിനാൽ തെങ്ങിന്റെ വേരുകൾക്ക് ഉണ്ടാവുന്ന രോഗങ്ങൾക്ക് ശമനം വരുത്താനും കൂടാതെ തെങ്ങിന്റെ വളർച്ചാ ഘട്ടത്തിൽ നല്ല രോഗപ്രതിരോധശേഷി ഉണ്ടാവാനും സഹായിക്കും.
നറുനീണ്ടി അസിപിയഡേസിയേ എന്ന സസ്യകുടുംബത്തിൽ പെടുന്നു. പച്ച കലർന്ന ഇരുണ്ട നീലനിറമുള്ള നേർത്ത വള്ളിയോടു കൂടിയ ഒരു ബഹുവർഷിയ സസ്യമാണ് നറുനീണ്ടി. നറുനീണ്ടിക്കിഴങ്ങുകളാണ് പ്രധാനമായും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കിഴങ്ങിൽ ഹെമിഡെസ്മിൻ, ബീറ്റ് സിറ്റോസ്റ്റിറോൾ, ആൽഫ അമൈറിൻ, ബീറ്റ് അമൈറിൻ, ലൂവിയോൾ മുതലായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. കിഴങ്ങുകൾക്ക് നല്ല ഗന്ധമുണ്ട്. രക്തവാതം, ത്വക്ക് രോഗങ്ങൾ, കുഷ്ഠം, മൂത്രാശയരോഗങ്ങൾ എന്നിവക്ക് പ്രതിവിധിയായി നറുനീണ്ടി ഉപയോഗിക്കുന്നു. രക്തശുദ്ധിക്കുള്ള ഔഷധങ്ങളിൽ പ്രധാനിയായ ഒന്നാണ് നറുനീണ്ടി, കഫ-പിത്തദോഷങ്ങൾക്കും ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്നതിനും നറുനീണ്ടി ഉപയോഗിക്കാറുണ്ട്. സർബത്തുണ്ടാക്കുന്നതിന് നറുനീണ്ടി പ്രസിദ്ധമാണ്. വേനൽക്കാലത്ത് നറുനീണ്ടി സർബത്ത് ഒരു ഉത്തമ ദാഹശമനിയാണ്.
മണ്ണും കാലാവസ്ഥയും
നല്ല മഴ ലഭിക്കുന്ന ഉഷ്ണമേഖലാപ്രദേശങ്ങളാണ് നറുനീണ്ടിക്ക് ഏറ്റവും യോജിച്ചത്. നല്ല വളക്കൂറും ഈർപ്പവുമുള്ള മണൽമണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയത്.
പ്രവർത്തനം
വേര് മുറിച്ച് നട്ടാണ് തൈകളുണ്ടാക്കുന്നത്. 3-5 സെന്റിമീറ്റർ നീളത്തിൽ മുറിച്ച വേരുകൾ നേരിട്ട് കൃഷിസ്ഥലത്ത് തയ്യാറാക്കിയിട്ടുള്ള തടങ്ങളിൽ നടാം.
കൃഷിരീതി
ചെറിയ വരമ്പുകളോ തടങ്ങളോ നടുവാൻ ഉപയോഗിക്കാം. ങ്ങളിൽ വരികൾ തമ്മിൽ 10 സെന്റിമീറ്ററും ചെടികൾ തമ്മിൽ 10 സെന്റി മീറ്ററും അകലത്തിൽ നടുമ്പോഴാണ് കൂടുതൽ വിളവും വളർച്ചയും ലഭിക്കുന്നതെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നടുന്നതിന് മുമ്പ് 4 ടൺ കാലിവളമോ, 1.5 ടൺ മണ്ണിരകമ്പോസ്റ്റോ ഒരു ഏക്കറിന് എന്ന തോതിൽ മണ്ണിലിട്ട് നല്ലപോലെ ഇളക്കികൊടുക്കണം. 3-4 ആഴ്ചകൾകൊണ്ട് തൈകൾ മുളച്ചുതുടങ്ങും, നറുനീണ്ടി വളരെ സാവധാനത്തിൽ വളരുന്ന ഒരു സസ്യമാണ്. അതുകൊണ്ട് കൃഷിസ്ഥലത്ത് കളകൾ വളരാതെ നോക്കണം. 3-4 മാസം കഴിയുമ്പോൾ തടത്തിൽ മണ്ണ് കയറ്റികൊടുക്കുകയും വേണം. ചെടികൾ പടരുന്നതിന് താങ്ങിട്ടുകൊടുക്കുന്നത് ആവശ്യമാണ്. വേനൽക്കാലത്ത് ചെറിയ തോതിൽ നന നൽക്കുന്നത് ആവശ്യമാണ്.
വിളവെടുപ്പും സംസ്കരണവും
നട്ട് 8 മാസം കഴിയുമ്പോൾ നറുനീണ്ടി വിളവെടുപ്പിന് പാകമാകും. വിളവെടുപ്പിന് മുമ്പായി ഒരു നന കൊടുക്കുന്നത് നല്ലതാണ്. മണ്ണിൽ ഈർപ്പം ഉണ്ടെങ്കിൽ കിഴങ്ങ് ശേഖരിക്കൽ കൂടുതൽ എളുപ്പമാകും. തൂമ്പ ഉപയോഗിച്ച് മണ്ണിളക്കി നറുനീണ്ടി കിഴങ്ങുകൾ മുറിവോ ക്ഷതമോ ഏൽക്കാതെ ശേഖരിയ്ക്കണം. ശേഖരിച്ചെടുത്ത കിഴങ്ങുകൾ മണ്ണും മറ്റ് അവശിഷ്ടങ്ങളും കഴുകിക്കളഞ്ഞ് വെയിലിൽ ഉണക്കിയോ പച്ചയായിത്തന്നെയോ വിപണനം നടത്താവുന്നതാണ്. പച്ചക്കിഴങ്ങിനാണ് ഉണങ്ങിയതിനേക്കാൾ മണം.
Share your comments