സിഗ്നൽ ( Brachiaria decumbens) കാഴ്ചയ്ക്ക് കോംഗോസിഗ്നൽ പോലെ തന്നെയാണ്. പക്ഷേ, കോംഗോസിഗ്നലിന്റെയത്ര ഉയരം വയ്ക്കാറില്ല. സാധാരണ 25 മുതൽ 60 സെന്റീമീറ്റർ വരെ ഉയരത്തിൽ പടർന്നു വളരുകയാണ് ചെയ്യുന്നത്. ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളതിനാൽ കടുംകൃഷിക്ക് യോജിച്ച സിഗ്നൽ തീവ്രമായ മേച്ചിലിനേയും അതിജീവിക്കാൻ ശേഷിയുള്ളയിനം പുല്ലാണ്. മണ്ണിന്റെ പ്രതലത്തിൽ പടർന്നു കിടക്കുന്നതിനാൽ മണ്ണൊലിപ്പ് തടയാനും സിഗ്നൽ വളർത്താം. തണലത്ത് വളരുവാനും മെതിക്കലും, മേച്ചിലും അതിജീവിക്കുവാനുള്ള ശേഷിയും ഉള്ളതിനാൽ തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യാനും യോജിച്ചതാണ്. പടർന്നുവളരുന്ന സ്വഭാവമുള്ളതിനാൽ പയറു വർഗച്ചെടികളുമായി ഇടകലർത്തി കൃഷി ചെയ്യാൻ അനുയോജ്യമല്ല. 'ബസിലിക്' (Basilik) എന്ന ഇനമാണ് പൊതുവെ നട്ടുപിടിപ്പിക്കുന്നത്.
ഫലഭൂയിഷ്ടി കുറഞ്ഞ മണ്ണിലും അമ്ലമണ്ണിലും പൊരുത്തപ്പെടാൻ സിഗ്നലിന് സാധിക്കും. വേരുള്ള തണ്ടിൻ കഷണങ്ങളോ വിത്തോ ഉപയോഗിച്ച് വളർത്താം. വിത്താണെങ്കിൽ ഹെക്ടറിന് 8-10 കിലോഗ്രാം കണക്കിൽ വേണം. വിത്തിന്റെ സുഷുപ്താവസ്ഥ മാറുവാൻ 10-12 മാസം ആവശ്യമാണ്. വേരുള്ള തണ്ടുകൾ അഥവാ ഭൂസ്താരികൾ (stolons) ആണ് നടാനുപയോഗിക്കുന്നതെങ്കിൽ ചെറിയ ചാലെടുത്ത് അവയിൽ നടണം. ചാലുകൾ തമ്മിൽ 40 സെ.മീറ്റർ അകലവും നുരികൾ തമ്മിൽ 20 സെ.മീറ്റർ അകലവും നൽകാം. ഏകദേശം മൂന്നുമാസം കൊണ്ട് സിഗ്നൽ നന്നായി നിലം മറച്ചു തന്നെ വളർന്നു തിങ്ങും. മറ്റു ശുശ്രൂഷകളെല്ലാം കോംഗോ സിഗ്നലിന് നൽകുന്നതുപോലെ തന്നെ മതി.
സിഗ്നൽ പുല്ലിന് തീവ്രമായ മേച്ചിൽ അതിജീവിക്കാൻ കഴിവുമുണ്ട്. കന്നുകാലിമേച്ചിലിന് വിധേയമാകുന്ന അവസ്ഥയിൽ സിഗ്നലിന് ഇടതിങ്ങി പരവതാനി പോലെ വളരാൻ കഴിയും. നേരത്തെയുള്ള മേച്ചിൽ തീവ്രമായി വളരാൻ പ്രേരിപ്പിക്കും. പരിവർത്തനരീതിയിലുള്ള മേച്ചിലാണ് (Rotational Brazing) ശുപാർശ ചെയ്യുന്നത്. നട്ട് 45 ദിവസമാവുമ്പോഴേക്കും മേച്ചിലിന് യോഗ്യമാകും, തുടർന്ന് 30-40 ദിവസത്തെ ഇടവേളകളിൽ മേച്ചിലിനായോ, മുറിച്ച് തീറ്റയായി കൊടുക്കുന്നതിനോ ഉപയോഗിക്കാം. ഹെക്ടറൊന്നിന് പ്രതിവർഷം 80-100 ടൺ വിളവ് പ്രതീക്ഷിക്കാം. സിഗ്നൽ രുചിയുള്ളതും ഏകദേശം 11 ശതമാനം അസംസ്കൃത മാംസ്യവും 28 ശതമാനത്തോളം അസംസ്കൃത നാരും അടങ്ങിയ തീറ്റയാണ്
Share your comments