ഗ്രാമ്പു, ജാതി, കറുവ, ബേ ലീഫ് എന്നിവയിലെ അവശ്യതൈലത്തിൽ കണ്ടുവരുന്നതാണ് യൂജനോൾ എന്ന ഫൈറ്റോകെമിക്കൽ. ബാക്ടീരിയകൾക്കെതിരെയും വെറസുകൾക്കെതിരെയും കുമിളുകൾക്കെതിരെയും അർബുദത്തിനെതിരെയും വീക്കത്തിനെതിരെയും നിരോക്സീകാരകമായും പ്രവർത്തിക്കാൻ യൂജനോളിനു കഴിയും. ഔഷധങ്ങളിലും സൗന്ദര്യവസ്തുക്കളിലും ഫാർമക്കോളജിയിലും യൂജനോൾ ഉപയോഗിക്കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കളിലെ രോഗകാരികളെ കൈകാര്യം ചെയ്യുന്നതിന് യുജനോളിന്റെ വിപുലമായ സംരക്ഷണരീതികൾ പ്രയോജനപ്പെടുത്താറുണ്ട്. ഭക്ഷ്യവ്യവസായ രംഗത്തെ വിവിധ ഉപയോഗങ്ങൾ താഴെ ച്ചേർത്തിരിക്കുന്നു.
കുമിൾനാശിനിയായി പേരെടുത്ത യൂജനോൾ സൂക്ഷിച്ചുവയ്ക്കുന്ന ധാന്യങ്ങളിൽ അഫ്ളാടോക്സിന്റെ ഉൽപ്പാദനത്തിന് കാരണമാകുന്ന ആസ്പർഗില്ലസ് പാരസൈറ്റിക്കസ്, ആസ്പർഗില്ലസ് ഓക്രേഷ്യസ്, ആർഗില്ലസ് ഫ്ളേവസ് എന്നിവയുടെ വളർച്ചയെ കുറയ്ക്കുന്നു.
ഗ്രാം നെഗറ്റീവ് ബാക്ടീരിയകളായ ഇ.കോളെ, സാൽമൊണെല്ല, സ്യൂഡോമൊണാസ് എറുജീനോസ, ഗ്രാം പോസിറ്റീവ് ബാക്ടീരിയകളായ സ്റ്റഫൈലോകോക്കസ്, സ്ട്രെപ്റ്റോകോക്കസ്, ലിസ്റ്റീരിയ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ജൈവപാളി രൂപപ്പെടുന്ന രീതിയേയും തടസപ്പെടുത്തി ഇവ മൂലമുള്ള അണുബാധ തടയുന്നു.
വിളവെടുപ്പിന് ശേഷമുള്ള ഘട്ടത്തിൽ പഴങ്ങളിലും പച്ചക്കറികളിലും യുജനോൾ വലിയതോതിൽ കുമിൾനാശിനിയായി ഉപയോഗിക്കുന്നു.
നല്ല കീടനാശിനിയായി പ്രവർത്തിക്കാൻ യുജനോളിന് കഴിവുണ്ട്. സൂക്ഷിപ്പുകേന്ദ്രങ്ങളിൽ ഫ്യൂമിഗേഷൻ നടത്തുന്നതിന് ഉപയോഗിക്കുമ്പോൾ കീടങ്ങളുടെ ആക്രമണം കുറയാറുണ്ട്.
മീനുകളിലെ ബാക്ടീരിയൽ രോഗങ്ങൾ തടയുന്നതിന് യൂജനോൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് എയ്റോമൊണാസ് ഹൈഡ്രോഫില ബാധിച്ച സിൽവർ കാറ്റ്ഫിഷ് രക്ഷപ്പെടുന്നതിന് യുജനോൾ പ്രയോജനപ്പെട്ടു. മീനുകളിൽ എറിത്രോസൈറ്റുകളുടെ ഇൻ വിട്രോഹീമോലൈ സിസ് കുറയ്ക്കാൻ യൂജനോൾ സഹായകമായി.
യൂജനോൾ ഫ്യൂസ്ഡ് പോളിഹൈഡ്രോക്സ് ബ്യൂ ടൈറേറ്റ് (പിഎച്ച്ബി) അടിസ്ഥാനമാക്കിയുള്ള ആന്റിമൈക്രോബിയൽ പാളികൾ പായ്ക്കിംഗ് വസ്തുവായി ഉപയോഗിച്ചാൽ ഭക്ഷ്യവ്യവസായരംഗത്തെ ഉൽപ്പന്നങ്ങളുടെ സൂക്ഷിപ്പുകാലം വർദ്ധിക്കും.
ഉയർന്ന സാന്ദ്രതയിൽ യൂജനോൾ വിഷകരമാണ്. എന്നാൽ, ഒരു കിലോ ശരീരഭാരത്തിന് 2.5 മില്ലിഗ്രാം വരെ യൂജനോൾ സുരക്ഷിതമാണന്ന് കണ്ടിട്ടുണ്ട്.
Share your comments