ചെടികൾ നല്ല ആരോഗ്യത്തോടെ വളർന്ന് പൂവിടുമെങ്കിലും കായ്പിടുത്തമില്ലാതെ അവ കൊഴിഞ്ഞു പോകും. പയർ, തക്കാളി, വഴുതന തുടങ്ങിയ വിളകളിൽ ഇതു സാധാരണമാണ്. നിരവധി വളങ്ങളും കീടനാശിനികളും പ്രയോഗിച്ചു നോക്കിയാലും രക്ഷയുണ്ടാകില്ല.
തൈരും പാൽക്കായവും ചേർത്ത് തയാറാക്കുന്ന ലായനി തക്കാളി കായ് പിടിക്കാൻ ഫലപ്രദമാണെന്ന് കർഷകർ പറയാറുണ്ട്.
പാൽക്കായം, തൈര് തയാറാക്കുന്ന വിധം
പാൽക്കായം, തൈര്, വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. രണ്ടും സുലഭമായി നമ്മുടെ നാട്ടിൽ തന്നെ ലഭിക്കും. മറ്റു വസ്തുക്കളെ അപേക്ഷിച്ചു നോക്കുമ്പോൾ വിലയും കുറവാണ്. വളരെ വേഗം വീട്ടിലെ അടുക്കളയിൽ തന്നെ ലായനി തയാറാക്കുകയും ചെയ്യാം.
ഒരു ലിറ്റർ തൈരും, പത്തു ഗ്രാം പാൽക്കായവുമെടുത്ത് ചേർത്ത് നന്നായി ഇളക്കുക. ലായനി തയാറായി. മൂന്ന് ദിവസം നിഴലത്തു വയ്ക്കുക. അതിന് ശേഷം 5 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചെടിക്ക് സ്പ്രേ ചെയ്യുക
പ്രയോഗിക്കേണ്ട രീതി
ആഴ്ചയിലൊരിക്കൽ ലായനി ചെടികളിൽ തളിക്കാം. ഇലകളിലും തണ്ടുകളിലും തളിക്കണം. വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് നല്ലതെന്ന് അനുഭവസ്ഥർ പറയുന്നു. വഴുതന, പയർ, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിൽ ഇതു നന്നായി ഫലം ചെയ്യും.
Share your comments