1. Organic Farming

തക്കാളി കൃഷിക്ക് ഏറ്റവും യോജിച്ച സമയം സെപ്റ്റംബർ മാസത്തിൽ നടുന്നതാണ്‌

പച്ചയ്ക്കും പഴുപ്പിച്ചും കറിയായും പ്രോസസ്സ് ചെയ്തും കഴിക്കുന്ന ഒരേ ഒരു പച്ചക്കറി തക്കാളി തന്നെ. അരക്കിലോയിൽ അധികം വലിപ്പമുള്ള Beefsteak Tomato മുതൽ 15-20g തൂക്കം വരുന്ന Cherry Tomato വരെ ഉണ്ട് കൂട്ടത്തിൽ.

Arun T

പ്രമോദ് മാധവൻ

പച്ചയ്ക്കും പഴുപ്പിച്ചും കറിയായും പ്രോസസ്സ് ചെയ്തും കഴിക്കുന്ന ഒരേ ഒരു പച്ചക്കറി തക്കാളി തന്നെ.

അരക്കിലോയിൽ അധികം വലിപ്പമുള്ള Beefsteak Tomato മുതൽ 15-20g തൂക്കം വരുന്ന Cherry Tomato വരെ ഉണ്ട് കൂട്ടത്തിൽ.

തക്കാളി പഴമാണോ പച്ചക്കറിയാണോ എന്ന് തർക്കമുണ്ടായി അമേരിക്കയിൽ. 1887 ൽ പച്ചക്കറികൾക്ക് നികുതി ഈപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്.പിന്നെ പച്ചക്കറി തന്നെ എന്ന് തീർപ്പായി.

സ്പെയിനിലെ Valencia യിലെ ബ്യൂണോളിൽ നടക്കുന്ന തക്കാളിയേറ് ലോക പ്രശസ്തമാണ്. ഒരു ലക്ഷം കിലോ തക്കാളിയാണ് എറിഞ്ഞു അർമാദിക്കാറ്.

ലോകത്തു ഏറ്റവും വലിയ തക്കാളി ഉൽപ്പാദിപ്പിച്ചതിന്റെ ക്രെഡിറ്റ്‌ Oklahoma യിലുള്ള ഒരു കർഷകനാണ്. തൂക്കം 3.51 കിലോ. അമ്പമ്പോ..

ഏറ്റവും കൂടുതൽ തക്കാളി ഉൽപ്പാദിപ്പിക്കുന്നത് ചൈനക്കാർ ആണ്.

തക്കാളി ഇനങ്ങളുടെ സ്വീകാര്യത പ്രധാനമായും അതിന്റെ രുചി, കേടാകാതെ എത്ര ദിവസം ഇരിക്കും (shelf life )എന്നുള്ളത്,
നിറം,വിണ്ടു കീറാതെ ഇരിക്കാൻ (cracking )ഉള്ള കഴിവ്, മണ്ണിലെ നിമ വിരകളെ ചെറുക്കാൻ ഉള്ള കഴിവ്,ഇല ചുരുളൽ പോലെ ഉള്ള ഒരു കൂട്ടം virus രോഗങ്ങളെ ചെറുക്കാൻ ഉള്ള കഴിവ്

എന്നിവ കണക്കിൽ എടുത്താണ് നിശ്ചയിക്കാറ്.

ഇപ്പോൾ വിപണിയിലെ താരം Indian Institute of Horticulture, ഹെസ്സർഘട്ട, ബാംഗ്ലൂരിൽ നിന്നും പുറത്തിറക്കിയ അർക്ക രക്ഷക് എന്ന ഇനമാണ്. കായ് തുരപ്പൻ, ഇല ചുരുളൽ, Early Blight എന്ന fungus രോഗം, ഇവ മൂന്നിനേയും ചെറുക്കൻ കഴിവുണ്ട്. വിദേശ രാജ്യങ്ങളിലേക്കും ഇതിന്റെ വിത്തുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. Precision farming വഴി ഒരു ചെടിയിൽ നിന്നും 17 കിലോ വരെ കായകൾ ലഭിച്ചു എന്ന് റിപ്പോർട്ട്‌ ഉണ്ട്.

കേരളത്തിൽ തക്കാളി കൃഷിക്ക് ഏറ്റവും യോജിച്ച സമയം സെപ്റ്റംബർ മാസത്തിൽ നടുന്നതാണ്‌. 30-32ഡിഗ്രി ചൂടിന് താഴെ ആയിരിക്കണം അന്തരീക്ഷ താപനില.

നല്ല സൂര്യ പ്രകാശം വേണം.

പ്രകാശം കുറഞ്ഞാൽ ചെടികൾ ബലം കുറഞ്ഞു കോലിച്ചു ഇലകൾ തമ്മിൽ ഉള്ള അകലം കൂടി ഉൽപ്പാദനം കുറയും.

പക്ഷെ തക്കാളിയുടെ ഏറ്റവും മാരകമായ രോഗം ബാക്റ്റീരിയൽ വാട്ടം ആണ്. കേരളത്തിലെ മണ്ണിന്റെ pH അത് വരാൻ അനുയോജ്യവും ആണ്. പിന്നെ അജ്ഞതയും. സ്വതവേ ദുർബല , പോരെങ്കിൽ ഗർഭിണിയും.

Ralstonia solanacearum എന്ന ഈ ഭീകര 'മ്യാരക' ബാക്ടീരിയയുടെ പിടിയിൽ തക്കാളി ചെടി അമരാതിരിക്കാൻ എന്തൊക്കെ ചെയ്യണം?

1.ഒരിക്കൽ ഈ രോഗം വന്ന മണ്ണിൽ ഇവൻ ദീർഘ നാൾ അധിവസിക്കും. ആയതിനാൽ തുടർ കൃഷി ഒഴിവാക്കണം Crop rotation പിന്തുടരണം. പക്ഷെ മുളക്, വഴുതന എന്നീ ബന്ധു വിളകളും (മൂന്നു പേരും സൊളനേസിയെ എന്ന സസ്യ താവഴിയിൽ പെട്ടവർ )ഒഴിവാക്കണം.

2.മണ്ണിന്റെ pH 6-7 നും ഇടയ്ക്കു ആയിരിക്കണം. അതിനു സെന്റിന് 2-3കിലോ കുമ്മായം /ഡോളോമൈറ്റ് ചേർത്ത് രണ്ടാഴ്ച ഇടണം. മാത്രമല്ല വലിയ അളവിൽ കാൽസ്യം തക്കാളിക്ക് ആവശ്യം ഉണ്ട് താനും. ഇല്ലെങ്കിൽ കായ്‌തുമ്പു കറുത്തു പോകുന്ന Blossom End Rot എന്ന് പറയുന്ന പ്രശ്നവും ഉണ്ടാകും

3.Trichoderma യാൽ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് മിശ്രിതം തന്നെ അടിവളമായി നൽകണം.

4.നട്ടു രണ്ടാഴ്ച കൂടുമ്പോൾ 2%വീര്യത്തിൽ സ്യൂഡോമോണസ് ലായനി ഒഴിച്ച് വേരുപടലം കുതിർക്കണം.

ഇത്രയൊക്കെ ചെയ്താലും വരാം എന്നിരിക്കെ ചെയ്യാൻ പറ്റില്ല എങ്കിൽ ഈ പണിക്കു ഇറങ്ങേണ്ട

No pain... no gain...

പോഷക ഗുണം പറയാൻ തുടങ്ങിയാൽ എന്റെ തക്കാളീ... നീ പൊന്നപ്പനല്ല, തങ്കപ്പനാ...

Lycopene, Beta Carotene, Nanugenin, Chloragenic acid എന്നീ anti oxidant കളാൽ സമ്പന്നം.

കാൽസ്യം, വിറ്റാമിൻ C, പൊട്ടാസിയം എന്നിവ വേണ്ടതിലേറെ. കിഡ്നി സ്റ്റോൺ ഉള്ളവർ കുറേശ്ശേ മാത്രം കഴിക്കുക.

ഒരു പഴത്തിൽ മാത്രം ഉണ്ട് ഒന്നര ഗ്രാമിലേറെ ദഹന നാരുകൾ.

തൊലിക്കും തുടിപ്പും മിനുപ്പും നിറവും നൽകും

ദിവസവും കഴിക്കാൻ വേണ്ടതിലേറെ കാരണങ്ങൾ....

നല്ല ഇനങ്ങൾ? ഒരു പഞ്ഞവുമില്ല.

കാർഷിക സർവ്വകലാ ശാല പുറത്തിറക്കിയ
ശക്തി
മുക്തി
അനഘ
വെള്ളായണി വിജയ്
മനുപ്രഭ
അക്ഷയ. ചോദിച്ചു ചെല്ലുമ്പോൾ stock ഉണ്ടായാൽ മതിയായിരുന്നു.

പിന്നെ അങ്ങ് ദില്ലിയിൽ നിന്നും

പുസ റൂബി
പുസ സദാ ബഹാർ
പുസ ഉപഹാർ

ബാംഗ്ലൂരിൽ നിന്നും
അർക്ക രക്ഷക്
അർക്ക വർദ്ധൻ
അർക്ക അലോക്
അർക്ക അഭീജിത്

പിന്നെ സങ്കരന്മാർ
ശിവം
സരസ്വതി
രമ്യ
രൂപാലി
അമോഗ്
NS 815... അങ്ങനെ അങ്ങനെ.

വെള്ള, ചുവപ്പ്, പിങ്ക്, പർപ്പിൾ, ചോക്ലേറ്റ്, ബ്ലാക്ക്, മഞ്ഞ ഇങ്ങനെ പല നിറങ്ങളിൽ ഇനങ്ങൾ ലഭ്യമാണ്.

കിളച്ചു നന്നായി കട്ട ഉടച്ചു കുമ്മായം ചേർത്ത് രണ്ടാഴ്ച ഇട്ടതിനു ശേഷം ട്രൈക്കോഡെര്മയാൽ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് മിശ്രിതം, എല്ലുപൊടി, ചാരം, കടല പിണ്ണാക്ക് പൊടിച്ചത് ഇങ്ങനെ ആന മയിൽ ഒട്ടകം ജൈവ വസ്തുക്കൾ കഴിവുള്ള പോലെ അടിവളമായി നൽകിയിട്ടു വേണം നാലാഴ്ച പ്രായമുള്ള തക്കിടിമുണ്ടൻ തൈകൾ പറിച്ചു നടാൻ. വൈകുന്നേരം പറിച്ചു നടുക. രണ്ടു മൂന്നു ദിവസം തണൽ നൽകുക.

വരികൾ തമ്മിലും വരിയിലെ ചെടികൾ തമ്മിലും രണ്ടടി അകലം നൽകുക.

തടത്തിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുക.

ആഴ്ചയിൽ ഒരിക്കൽ ഒരു ചെറിയ മേൽവളം നൽകുക. അടിവളമായി സെന്റൊന്നിന് 500ഗ്രാം factom ഫോസ്, 150ഗ്രാം പൊട്ടാഷ് എന്നിവ നൽകാം. ഒരു സെന്റിൽ 110ചെടികൾ ഉണ്ടാകും എന്നോർക്കുക.

ചെടികൾ ഉയരം വയ്ക്കാൻ തുടങ്ങുമ്പോൾ കമ്പുകൾ കെട്ടി താങ്ങു നൽകണം.

ഇലകളുടെ കക്ഷത്തിൽ നിന്നും മുളയ്ക്കുന്ന അനാവശ്യ ശിഖരങ്ങൾ ശ്രദ്ധയോടെ മുറിച്ചു മാറ്റുക.

പ്രായമാകുന്ന ഇലകൾ പറിച്ചു മാറ്റി നശിപ്പിക്കുക.

പിന്നെ രോഗ കീടങ്ങൾ..
അതുറപ്പായും വരും.

കീടങ്ങൾ ആരൊക്കെ?

ചിത്ര കീടം
കായ് തുരപ്പൻ പുഴു
വെള്ളീച്ച

രോഗങ്ങളോ?
ബാക്റ്റീരിയൽ വാട്ടം
Fungal വാട്ടം (Fusarium sp)
Damping off (തൈ അഴുകൽ )
Early Blight
Late Blight
പൊടിപ്പൂപ്പ് രോഗം
ഇല ചുരുളൽ (വൈറസ് )
Spotted Wilt വൈറസ്
കായ് അഴുകൽ

ഇങ്ങനെ പോകുന്നു.
ഇപ്പോൾ മനസ്സിലായല്ലോ മരുന്നുകൾ ചില്ലറ ഒന്നുമായിരിക്കില്ല തക്കാളിയിൽ അടിക്കുന്നത് എന്ന്. ആയതിനാൽ അവർ (ആര്? അയൽ സംസ്ഥാനക്കാർ )ഒൻപതു തവണ മരുന്നടിച്ചു കൊണ്ട് വരുന്നതിനേക്കാൾ നല്ലത് വേണ്ടി വന്നാൽ നമ്മൾ തന്നെ ഒരു Plant ഡോക്ടർ ടെ ഉപദേശ പ്രകാരം വേണ്ടി വന്നാൽ ഒന്നോ രണ്ടോ തവണ അടിച്ചു ഉണ്ടാക്കുന്നതാണ് എന്ന് ചുരുക്കം.
ജൈവ തീവ്ര വാദം(ക്ഷമിക്കണം ) ചിലപ്പോൾ തക്കാളിയിൽ ഫലിച്ചെന്നു വരില്ല.

ഇല ചുരുളൽ വന്നാൽ ഉടൻ തന്നെ പറിച്ചു മാറ്റിയേക്കണം. അവിടെ നിർത്തി പരീക്ഷിക്കരുത്. പറഞ്ഞേക്കാം.

അങ്ങനെ കാര്യങ്ങൾ ഇപ്രകാരം ആണെങ്കിൽ പറിച്ചു 60-70ദിവസം കഴിയുമ്പോൾ വിളവെടുപ്പ് തുടങ്ങാം.

ചൂട് ഒരുപാടു കൂടുമ്പോൾ പൂക്കൾ കൊഴിയും. പരാഗണം സ്വയം നടക്കും. രാവിലെ ചെടികൾ ചെറുതായി ഒന്ന് കുലുക്കി കൊടുത്താൽ സന്തോഷം.

കൃത്യമായി നനച്ചാൽ കായ് വിണ്ടു കീറുന്നത് ഒഴിവാക്കാം.

ഒന്നോ രണ്ടോ തവണ ഇലകളിൽ സൂക്ഷ്മ മൂലക മിശ്രിതം തളിക്കുന്നതും നല്ലത്.

Cherry തക്കാളി പഴമായി കഴിക്കാൻ നല്ലത്.

Sun gold
Sweet cherry
Yellow Pear എന്നിവ നല്ല ഇനങ്ങൾ.

വാൽക്കഷ്ണം :Heinz എന്ന കമ്പനിയുടെ Tomato Ketch up ന്റെ ഒരു പ്രധാന ഗുണമേന്മ സൂചകമായി കണക്കാക്കുന്നത് അത് കുപ്പിയിൽ നിന്നും പുറത്തേക്കു ഒഴുകുന്ന speed ആണ്. അത് 0.028 miles per hour ൽ കൂടിയാൽ ആ lot കമ്പനി reject ചെയ്യും. ആ.. ആ.. ആജാ.. എന്ന ഒരു പരസ്യം ഓർമ വരുന്നുണ്ടോ?

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷി ഭവൻ

English Summary: tomato farming is best suitable in september

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds