ചെടികളുടെ ക്രമാനുഗതമായ വളർച്ചയ്ക്കും ഉൽപാദനക്ഷമതയ്ക്കും പ്രകൃതിദത്ത മൂലകങ്ങൾ ആവശ്യമാണ്. അവയിൽ പ്രധാനിയാണ് ഫോസ്ഫറസ്, ചെടികൾക്കു മാത്രമല്ല, ജന്തുക്കൾക്കും ഇതു പ്രധാനമാണ്. പ്രകാശസംശ്ലേഷണ സമയത്ത് ചെടികൾ ഉൽപാദിപ്പിക്കുന്ന ഊർജം ATP (അഡിനോ സിൻ ട്രൈ ഫോസ്ഫേറ്റ്) രൂപത്തിലാണ് ശേഖരിച്ചുവയ്ക്കുന്നത്.
ഡിഎൻഎ(DNA), ആർ എൻഎ(RNA) പോലുള്ള ജനിതക ഘടകങ്ങളിലും ഫോസ്ഫറസ് നിർണായകമാണ്. ചെടികളുടെ വേരുപടലം വളരുന്നതിനും യഥാസമയം പൂക്കുന്നതിനും നല്ല ഈടുള്ള വിത്തുകൾ ഉണ്ടാകുന്നതിനും ഫോസ്ഫറസ് അത്യന്താപേക്ഷിതമാണ്.
സ്ഥിരമായി, എല്ലാക്കൊല്ലവും ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ (ഫാക്ടംഫോസ്, ഡൈ അമോണിയം ഫോസ്ഫേറ്റ്, ഫോസ് ഫറസ് അടങ്ങിയ മിശ്രിതവളങ്ങൾ, മസൂറി ഫോസ്, രാജ്ഫോസ്, സൂപ്പർ ഫോസ്ഫേറ്റ് മുതലായവ) കൊടുത്തുകൊണ്ടിരിക്കുന്ന മണ്ണിൽ അമ്ല- ക്ഷാര നില(പി.എച്ച്) കുറവാണെങ്കിൽ (അതായത്, പുളിപ്പ് കൂടുതലാണ ങ്കിൽ) ഫോസ്ഫറസിന്റെ ഗണ്യമായ ഭാഗം അതിലെ കളിമണ്ണിലും (Clay), ഇരുമ്പ്, അലുമിനിയം പോലുള്ള ലോഹതന്മാത്രകളിലും ഉറച്ചുപോകുന്നു.
ഈ പ്രതിഭാസത്തിനു ഫോസ്ഫറസ് ഫിക്സേഷൻ (Phosphorous Fixation) എന്നാണു പറയുന്നത്. ഇരുമ്പും അലുമിനിയവും ചേർന്നു തടവിലാക്കിയ ഫോസ്ഫറസിനെ മോചിപ്പിക്കാൻ മണ്ണൊരുക്കുമ്പോൾ ശുപാർശിത അളവിൽ കുമ്മായ വസ്തുക്കൾ ചേർത്താൽ മതി അടിസ്ഥാനവളമായ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിക്കൊപ്പം ജീവാണുവളമായ ഫോസ്ഫോ ബാക്ടീരിയ (Phospho bacteria) കൂടി ചേർത്തുകൊടുത്താലും അത് അലേയം (insoluble) ആയ കളി മണ്ണുമായി ചങ്ങാത്തത്തിലായ ഫോസ്ഫറസിനെ ലേയ (soluble) മാക്കി വേരുപടലങ്ങൾക്കു ലഭ്യമാക്കും.
മണ്ണുപരിശോധനയിൽ ഫോസ്ഫറസ് വളരെ കൂടുതലെന്നു കാണുന്നപക്ഷം ആ കൊല്ലം വിളകൾക്കു ഫോസ്ഫറസിന്റെ അളവ് കുറയ്ക്കാം, മണ്ണിൽ എല്ലുപൊടി ചേർത്തുകൊടുക്കുന്നത് ഫോസ്ഫറസ് മാത്രമല്ല. കാത്സ്യം, കാർബൺ, മറ്റ് സൂക്ഷ്മമൂലകങ്ങൾ എന്നിവയും ലഭിക്കാൻ സഹായിക്കും. മണ്ണിന്റെ ജൈവഗുണം കൂടുകയും ചെയ്യും.
Share your comments