പശ്ചിമഘട്ട വനങ്ങളിലും, പുരയിടങ്ങളിലും വളരുന്ന ചെറുമരമാണ് കലയം. കാരിലവ്, ഉദി, കാട്ടുകര, ഒടിയമരം, കലശ്, കരശം, കരയം എന്നിങ്ങനെ ഒട്ടേറെ പ്രാദേശിക പേരുകളുണ്ട്. Odina wodier എന്ന ശാസ്ത്രീയനാമമുള്ള കലയത്തിന്റെ കമ്പുകൾ കുരുമുളക് കൊടിക്ക് പറ്റിയ താങ്ങു മരമായി നട്ടു വളർത്തുന്നു. 40 അടി വരെ ഉയരം വെയ്ക്കുന്ന ഇതിന്റെ തൊലി മിനുത്തതും ചാര നിറവുമാണ്. മുറിച്ചു കഴിഞ്ഞാൽ ചുവന്ന നിറത്തിലുള്ള ഔഷധഗുണമുള്ള കറ ഒലിച്ചു വരും. കാതലിന് ഇരുണ്ട തവിട്ട് നിറവും വെളുത്ത വെള്ളയുമാണ്. ഇലകൾ സംയുക്തവും, കൂമ്പിന് ചുവപ്പ് നിറവുമായിരിക്കും. പൂക്കൾക്ക് പച്ച കലർന്ന മഞ്ഞ നിറമാണ്.
ജനുവരി മുതൽ ഏപ്രിൽ വരെയാണ് പൂക്കാലം. ആൺ പൂക്കൾ കുലകളായും, പെൺ പൂക്കൾ ഒറ്റയായും എണ്ണം കുറഞ്ഞും ശാഖാഗ്രങ്ങളിലുണ്ടാവുന്നു. പഴം ഉരുണ്ടതും ഇളം മണ്ടയോടുകൂടി ചുവപ്പ് നിറവുമായിരിക്കും. അകത്ത് വിത്തുണ്ടാവും. പുതുമഴ തുടങ്ങുന്നതിന് മുൻപ് ഇലപൊഴിഞ്ഞ് നിൽക്കുന്ന കമ്പുകൾ 3 അടി നീളത്തിലെങ്കിലും വെട്ടി സൂക്ഷിക്കണം. ഒരടി കുഴികളെടുത്ത് ജൈവവളങ്ങൾ ചേർത്ത് മഴക്കാലമാവുന്നതോടു കൂടി നട്ടു പിടിപ്പിക്കാം. ഒരു മാസത്തിനകം ചുവന്ന ശാഖകൾ മുളച്ചു വരും.
ഇതിന്റെ തൊലി ഹൃദ്രോഗം, വ്രണങ്ങൾ, യോനിരോഗങ്ങൾ, ഉളുക്ക്, ചതവ്, നീര്, ത്വക്ക് രോഗങ്ങൾ ഇവ ശമിപ്പിക്കും.
ഉണങ്ങാത്ത വ്രണങ്ങൾ ശമിപ്പിക്കുവാൻ തൊലിയരച്ചിട്ടാൽ മതി. വായിലെ രോഗങ്ങൾക്കും, പല്ലുവേദനയ്ക്കും തൊലിക്കഷായം ഉത്തമമാണ്.
ഉളുക്ക്, ചതവ്, മുറിവ് എന്നിവയ്ക്ക് പശ തേങ്ങാപ്പാലിൽ ചേർത്ത് ലേപനം ചെയ്താൽ മതി.
തൊലിക്കഷായം ത്വക്ക് രോഗങ്ങൾക്കും, വൃണങ്ങളിൽ കഴുകുന്നതും വളരെ ഗുണകരം.
പശ ആസ്ത്മ രോഗികൾക്ക് ഉത്തമം. വാതവേദനയ്ക്ക് ഇലയും കുരുമുളകും അരച്ചിടുന്നത് ആശ്വാസകരമാണ്.
കാതൽ തടി ഉരുപ്പടികൾക്കും പൾപ്പിനും, വിറകായും ഉപയോഗിക്കുന്നു. കമ്പുകൾ കുരുമുളക് പടർത്താൻ ഉത്തമം.
Share your comments