വിപരീത ചാർജ്ജുകൾ ആകർഷിക്കുന്ന ഇലക്ട്രോസ്റ്റാറ്റിക്സ് തത്വം പ്രയോജനപ്പെടുത്തിയാണ് ഈ സ്പ്രേയറുകൾ പ്രവർത്തിക്കുന്നത്. ഇലക്ട്രോസ്റ്റാറ്റിക് ചാർജുകൾ സൃഷ്ടിക്കുന്നതിനും അവയുമായി പ്രതികരിക്കുന്നതിനുമുള്ള കഴിവ് സസ്യങ്ങൾക്കുണ്ട്. ഇത് അവയുടെ ജൈവ പ്രക്രിയകൾക്കും പരിസ്ഥിതിയുമായുള്ള ഇടപെടലുകൾക്കും വളരെ നിർണ്ണായകമായ ഒരു പ്രതിഭാസമാണ്. ഈ പ്രതിഭാസമാണ് ഇലക്ട്രോസ്റ്റാറ്റിക് സ്പ്രേയറുകളുടെ ഉപയോഗം സാധ്യമാക്കുന്നത്. സസ്യങ്ങളിൽ, പ്രത്യേകിച്ച് ഇലകളിൽ, പ്രകാശസംശ്ലേഷണം, വായുഘർഷണം തുടങ്ങിയ ജൈവ, രാസ, ഭൗതിക പ്രക്രിയകളിൽ നിന്ന് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉടലെടുക്കുന്നു. ഭൂമി, ഒരു സ്വാഭാവിക കണ്ടക്ടർ എന്ന നിലയിൽ, സസ്യങ്ങളിൽ സംജാതമാകുന്ന വൈദ്യുത ചാർജുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
ഈ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി പ്രതിഭാസം വിപരീത ചാർജുകളുടെ ധ്രുവീകരണത്തിലേക്ക് നയിക്കുകയും സ്പ്രേ ചെയ്യപ്പെടുന്ന ദ്രാവക കണങ്ങളുടെ ചാർജ് സസ്യ പ്രതലത്തിൻ്റെ ചാർജിനു വിപരീതമാകയാൽ അവ തമ്മിലുള്ള ആകർഷണം ഉറപ്പാക്കുന്നു. പ്രകാശ സംശ്ലേഷ ണത്തിൻ്റെ അവിഭാജ്യഘടകമായ ഇലകൾ പലപ്പോഴും ഉയർന്ന ഇലക്ട്രോസ്റ്റാറ്റിക് പ്രവർത്തനം കാണിക്കുന്നു. സസ്യങ്ങൾ സ്റ്റാറ്റിക് ചാർജുകൾ വികസിപ്പിക്കുമ്പോൾ, ഭൂമിയുടെ ആകർഷണം ഈ ചാർജുകളെ നിർവീര്യമാക്കുകയും സന്തുലനം കൈവരിക്കുകയും ചെയ്യുന്നു. സസ്യങ്ങളുടെ പ്രതലങ്ങളിലുടനീളം പോസിറ്റീവ്, നെഗറ്റീവ് ചാർജുകളുടെ വിതരണം മൂലം പൂമ്പൊടി വ്യാപനം, കീടങ്ങൾക്കെതിരായ പ്രതിരോധം എന്നിങ്ങനെയുള്ള വിവിധ സ്വാഭാവിക സസ്യ പ്രതികരണങ്ങൾ സുഗമമാകുന്നു.
പരമ്പരാഗത സ്പ്രേയറുകളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രോസ്റ്റാറ്റിക് സ്പ്രേയറുകൾ വളരെ കൃത്യയോടെ ചാർജ്ജ് ചെയ്‌ത ദ്രാവക കണങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കു ന്നു. ഗുരുത്വാകർഷണബലത്തിന്റെ പത്തിരട്ടിയോളമുള്ള ഇലക്ട്രോ സ്റ്റാറ്റിക് ആകർഷണത്താൽ സൃഷ്ടിക്കപ്പെടുന്ന ബലമാണ് ഇതിനടിസ്ഥാനം.
ഇലയുടെ അടിവശം, മുകുളങ്ങൾ തുടങ്ങിയ എത്തിപ്പെടാൻ പ്രയാസമുള്ള സസ്യഭാഗങ്ങളിൽ ദ്രാവക കണികകളെ എത്തിക്കുവാനും അവയെ ചാർജിൻ്റെ സഹായത്തോടെ സസ്യഭാഗങ്ങളോടും കീടങ്ങളോടുമൊക്കെ ചേർത്തു നിർത്തുവാനും ഈ സ്പ്രേയറുകൾക്ക് സാധിക്കുന്നു.
കീടങ്ങളെയും രോഗങ്ങളെയും ഇങ്ങനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനു പുറമേ തൂവിപ്പോവുന്ന രാസവസ്‌തുക്കളുടെ അളവ് തുലോം നിസ്സാരമാക്കാൻ ഈ സാങ്കേതിക വിദ്യ ഇത്തരം സ്പ്രേയറുകളെ പര്യാപ്തമാക്കുന്നു. രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്ക്കുകയും മലിനീകരണം തടയുകയും ചെയ്യുന്നതിനാൽ വളരെ പരിസ്ഥിതി സൗഹൃദമായ ഈ സംവിധാനം വാണിജ്യ കൃഷിയിൽ ഇപ്പോൾ പ്രചാരം നേടി വരുന്നുണ്ട്. പഴങ്ങളിലെയും മറ്റും അവശിഷ്ട രാസവസ്തുക്കളുടെ അളവും നന്നായി കുറക്കാൻ ഇത്തരം സംവിധാനങ്ങൾക്ക് സാധിക്കുന്നുണ്ട്.
Share your comments