കാഴ്ചയിലും വളർച്ചാശൈലിയിലും ഒട്ടനവധി പ്രത്യേകതകളുള്ള ഒരു ബഹുവർഷ ഔഷധിയാണ് വള്ളിപ്പാല. ഇലകൾ മാംസളവും മിനുസമുള്ളതുമാണ്. നല്ല തിളങ്ങുന്ന പച്ചനിറം ഈ സസ്യത്തിന്റെ പ്രധാന ആകർഷണമാണ്. പുഷ്പങ്ങൾ ചെറുതെങ്കിലും തെളിഞ്ഞ മഞ്ഞനിറത്തിലുള്ളവയാണ്. പുഷ്പങ്ങളുടെ ഉള്ള ഇളം പർപ്പിൾ ഷേഡുള്ളവയാണ്.
മണ്ണും കാലാവസ്ഥയും
മണലടങ്ങിയ പശിമരാശിമണ്ണിലാണ് ഏറ്റവും ഫലപുഷ്ടിയോടെ വള്ളിപ്പാല വളരുക, ഈർപ്പമുള്ള ഏതുതരം മണ്ണിലും ഇത് കൃഷി ചെയ്യാം. നേരിയ തണൽ വളർച്ചയെ ബാധിക്കാറില്ല. വലിയ മരങ്ങളുടെ കീഴിൽ ഇടവിളയെന്ന രീതിയിലും അനായാസം കൃഷി നടത്താം. മഴയെ ആശ്രയിച്ച് വളരുന്ന ഒരു ഔഷധിയെന്ന നിലയ്ക്ക് വളർച്ചയിലെ പ്രാരംഭദശ പിന്നിട്ടാൽ പിന്നെ കാര്യമായ പരിചരണമൊന്നും വള്ളിപ്പാലയ്ക്ക് ആവശ്യമില്ല.
വിത്തും വിതയും
പരാഗണം കഴിയുന്നമുറയ്ക്ക് കായ്കൾ വളരുന്നു. 6-11 സെ.മീ. വരെ നീളമുള്ള കായ്കൾ സെപ്റ്റംബർ-ഒക്റ്റോബർ മാസത്തോടെ തായ് ചെടിയിൽ നിന്നും പറിച്ചുണക്കുക. കായ്കൾ ആറുദിവസം സൂര്യപ്രകാശത്തിൽ ഉണക്കിയ ശേഷം പൊളിച്ച് അണ്ഡാകൃതിയിലുള്ള വിത്തുകൾ തുണിയിൽ നിരത്തി മരത്തണലിൽ ഉണക്കുക. വിത്തിന് വിശ്രമം ആവശ്യമില്ല. ഉടനടി നിലത്തു വീണാലും നാലു ദിവസത്തിനുള്ളിൽ മുളക്കും. വീട്ടുവളപ്പിൽ അതിർത്തിയുടെ അരികിലോ മറ്റു പടർത്താൻ സൗകര്യമുള്ള ചെറുവൃക്ഷച്ചുവട്ടിലോ കൂട്ടി മേൽഭാഗം നിരത്തി മൂന്ന് വിത്ത് വീതം 2 സെ.മീ താഴ്ചയിൽ നടുക. വിത്ത് സൗകര്യപ്രദമായ സ്ഥലത്ത് നേരിട്ടു നട്ട് വംശവർധനവ് നടത്താം. കൂടാതെ പതിവച്ച് വംശവർധനവ് നടത്തുന്ന രീതിയിൽ വായവപതിയിലൂടെ അതിവേഗം പ്രജനനം നടത്താം.
വള്ളിപ്പാലയുടെ രണ്ടോ മൂന്നോ മുട്ടുകൾ ഉൾക്കൊള്ളുന്ന തലക്കങ്ങളിലാണ് പതിവയ്ക്കാൻ എളുപ്പം. വള്ളിയുടെ അഗ്രത്തു നിന്നും കീഴ്പ്പോട്ട് മൂന്നാമത്തെ മുട്ടിന് തൊട്ടുതാഴെ മൂർച്ചയുള്ള ഒരു കത്തികൊണ്ട് ചരിച്ച് തണ്ടിന്റെ പകുതി ഭാഗം മാത്രം, മുറിയാൻ പാകത്തിന് ഒരു മുറിവുണ്ടാക്കുക. ആ മുറിവിൽ ഒരു പോളിത്തീൻ കവറിന്റെ ചെറിയ കഷണം വച്ച് മുറി കൂടാതെ വളക്കൂറുള്ള മേൽമണ്ണുവച്ച് ചകിരിച്ചോറു പൊതിഞ്ഞുകെട്ടുക. ദിവസേന നനയ്ക്കുക. മൂന്നാഴ്ചക്കകം വേരുകൾ പ്രത്യക്ഷപ്പെടും. വേരിനൊപ്പം മുറിച്ചെടുത്ത് ആവശ്യമുള്ള സ്ഥലത്ത് വളർത്താം. താടിയിൽ നിന്നും പതിവച്ച് മാറ്റുന്ന തലക്കങ്ങളിലെ ഇലകൾ വാടുക പോലും ചെയ്യാതെ അതിവേഗം വളർന്ന് പന്തലിക്കുന്നു.
ഇവ കൂടാതെ വേരുമേഖലയിൽ നിന്നും ചെറുതൈകൾ മുളച്ച് പൊന്താറുണ്ട്. വേരിനൊപ്പം കട കേടു വരുത്താതെ ഒപ്പമുള്ള മണ്ണോടെ ഇളക്കി സൗകര്യപ്രദമായ സ്ഥലത്തു നട്ട് പരിചരിക്കാം. വള്ളിപ്പാലയുടെ വളർച്ചയ്ക്ക് താങ്ങുചെടി അത്യന്താപേക്ഷിതമാണ്.
നടീൽ, അടിസ്ഥാന വളം
പതിത്തൈകളും വേരുമേഖലയിൽ നിന്ന് ഇളക്കി നടുന്ന തൈകളും അരമീറ്റർ ആഴത്തിൽ കുഴികുത്തി മേൽമണ്ണും കുഴിയൊന്നിന് മൂന്നു കിലോ കമ്പോസ്റ്റും അഥവാ ഉണങ്ങിയ കാലിവളവും ഒപ്പം ചേർത്ത് കുഴി നിറച്ച് ഒരു കൂനയായി മേൽമണ്ണിട്ട് നിറക്കുക. കൂനക്ക് തറനിരപ്പിൽ നിന്നും 25 സെ.മീ ഉയരമുണ്ടായിരിക്കണം. ഒന്നോ രണ്ടോ ചെടികൾ ഈ കൂന യിൽ നട്ട് ജലസേചനം, താങ്ങുകൊടുക്കൽ എന്നിവ സാഹചര്യങ്ങൾക്ക് അനുസൃതമായി ചെയ്യുക.
മണ്ണിന് നേരിയ നനവും ആവശ്യാനുസരണം സൂര്യപ്രകാശവും ലഭ്യമായാൽ ജലസേചനം, മേൽവളം എന്നിവ പഥ്യമല്ലാത്ത ഒരു വന്യമായ വളർച്ചാ ശൈലിയുള്ള ഔഷധിയാണിത്. ബഹുവർഷിയാണ് വള്ളിപ്പാല. വേരിൽ നിന്നും മുളയ്ക്കുന്നതും ഒപ്പം വീർത്ത് താനേ വിണ് മുളക്കുന്നതുമായി സമീപത്ത് ധാരാളം ചെടികൾ വളർന്ന് അടുത്തുള്ള ലഭ്യമായ താങ്ങുകളിൽ ചുറ്റിക്കയറുന്നു.
Share your comments