ഒരു മിത്രകുമിളാണ് വെർട്ടിസീലിയം. മുഴുവൻ പേര് വെർട്ടിസീലിയം ലക്കാനി. മുഞ്ഞ, ഇല പ്പേൻ, മീലിമുട്ട, വെള്ളീച്ച തുടങ്ങി വിളകളിൽ നിന്ന് നീരൂറ്റിക്കുടിച്ച് അവയെ നശിപ്പിക്കുന്ന പ്രാണികളെ തുരത്താൻ രാസകീടനാശിനികൾക്കു പകരം ഇത് പ്രയോഗിക്കാം. ഈ കുമിളിൻ്റെ ബീജങ്ങൾ പ്രാണികളുടെ ദേഹത്ത് പറ്റിക്കൂടി തൊലി തുരന്ന് ഉള്ളിൽ കടന്ന് അവിടെയിരുന്ന് വളരാൻ തുടങ്ങും. അങ്ങനെ പ്രാണിയുടെ ശരീരത്തിൻ്റെ ഉൾഭാഗമാകെ ഇത് വളർന്നു വ്യാപിച്ച് വെറും 4 മുതൽ 6 ദിവസം കൊണ്ട് അവയെ കൊല്ലും. ഇങ്ങനെ വളരുന്ന കുമിൾ അടുത്തടുത്ത പ്രാണികളിലേക്കും വ്യാപിച്ച് അവയെയും നശിപ്പിക്കും.
കീടശല്യം കണ്ടാലുടൻ തന്നെ 15-20 ഗ്രാം വെർട്ടിസീലിയം പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി അരിച്ചെടുക്കണം. ഇതിൽ 5 ഗ്രാം ബാർസോപ്പ് ലയിപ്പിച്ചാൽ കുമിളിൻ്റെ കണികകൾ ലായനിയിൽ അടിയുന്നതൊഴിവാക്കാം.
നാലു മാസമാണ് കാലാവധി. കിലോയ്ക്ക് 70 രൂപയാണ് വില. ഒരാഴ്‌ച വിട്ട് തളിക്കാൻ മറക്കരുത്. പച്ചക്കറികൾ, പഴച്ചെടികൾ, ധാന്യവിളകൾ, തോട്ടവിളകൾ എന്നിവയിലെല്ലാം ഇത് ഫലപ്രദമാണ്. വളം -കീടനാശിനി വിൽക്കുന്ന കടകളിൽ ഇത് വാങ്ങാൻ കിട്ടും. കാർഷിക സർവകലാശാലയുടെ ബയോ-കൺട്രോൾ ലാബിലും ലഭ്യമാണ്. ഫോൺ: 0487 - 2438470
Share your comments