വളരെ പെട്ടെന്ന് വളർന്ന് വംശവർദ്ധനവ് നടത്തുന്ന സസ്യമാണ് കുളവാഴ, കായലുകളിലും കുളങ്ങളിലും കനാലുകളിലും തിങ്ങി വളർന്ന് ഗതാഗതത്തെ വരെ തടസ്സപ്പെടുത്തുന്ന കളയാണിത്. പത്തു ദിവസം കൊണ്ട് ഇത് വംശവർധനവ് നടത്തി ഇരട്ടിയാകും. ഒരു വർഷത്തിൽ ഒരു ഹെക്ടർ വെള്ളക്കെട്ടിൽ നിന്നും ഉണ്ടാകുന്ന കുളവാഴ ഉണക്കിയെടുത്താൽ 175 ടണ്ണുണ്ടാകും.
കെട്ടി കിടക്കുന്ന സീവേജ് ജലത്തിൽ നിന്നും ഒരു ഹെക്ടർ വിസ്തീർണ്ണത്തിൽ വളരുന്ന കുളവാഴയ്ക്ക് ഒരാണ്ടിൽ 3000 കി.ഗ്രാം പാക്യജനകവും 700 കി.ഗ്രാം ഫോസ്ഫറസും നീക്കം ചെയ്യാനുള്ള കഴിവുണ്ട്. അതുപോലെ ഓരോ 72 മണിക്കുറിലും 140 കി.ഗ്രാം ഫീനോൾ അഴുക്കു വെള്ളത്തിൽ നിന്നും വലിച്ചെടുത്ത് ഉപയോഗിക്കാനുമുള്ള കഴിവ് ഇതിനുണ്ട്. സാന്ദ്രത കൂടിയ ലോഹങ്ങൾ (ആർസനിക്, നാകം മുതലായവ) 24 മണിക്കൂറിൽ 250 ഗ്രാം വീതം വലിച്ചെടുക്കാനുള്ള കഴിവുമുള്ള സസ്യമാണ് കുളവാഴ.
ഒരു ഹെക്ടർ വിസ്തീർണ്ണമുള്ള അഴുക്കുവെള്ളത്തിൽ വളരുന്ന കുള വാഴയിൽ നിന്നും ഒരാണ്ടിൽ 75,000 ക്യുബിക് മീറ്റർ ബയോഗ്യാസ് ഉണ്ടാക്കാം. കൂടാതെ 175 ടൺ വളവും. വെള്ളം കെട്ടിനിൽക്കാത്ത തറയിൽ രണ്ടു മീറ്റർ വീതിയിൽ സൗകര്യപ്രദമായ നീളത്തിൽ കുളവാഴ 1.8 2.4 മീറ്റർ ഉയരത്തിൽ അട്ടിയിടുക.
ഓരോ മാസം കഴിയുമ്പോഴും ഈ കൂന ഇളക്കി മറിക്കുക. നാലഞ്ചുമാസം കൊണ്ട് കുളവാഴ കമ്പോസ്റ്റായി മാറും. കമ്പോസ്റ്റ് വെയിലത്ത് ഉണക്കി ചെറുതായി പൊടിക്കാം. ഇത് നഗര കമ്പോസ്റ്റിനേക്കാളും ഉണങ്ങിയ ചാണകത്തേക്കാളും മൂലങ്ങളുള്ള കമ്പോസ്റ്റാണ്. കുളവാഴ വെള്ളത്തിൽ നിറയുന്നതനുസരിച്ച് അവയെ വീണ്ടും ഉപയോഗപ്പെടുത്താവുന്നതാണ്.
Share your comments