ശ്രദ്ധാപൂർവമായ പരിപാലനമാണ് ഓർക്കിഡ് കൃഷിയിൽ പ്രധാനം. ഇതിൽ നനയ്ക്കൽ, വളം ചേർക്കൽ, വെളിച്ചം നിയന്ത്രിക്കൽ ഒക്കെ ഉൾപ്പെടും.
വേനൽക്കാലത്ത് ദിവസവും 2 - 3 തവണ നനയ്ക്കുക, സുദീർഘമായ വേനൽ ദിവസങ്ങളിൽ ഓർക്കിഡിന് കൂടുതൽ തവണ നനയ്ക്കണം. അമിത നനയോ വെള്ളക്കെട്ടോ പാടില്ല.
പ്രകാശം ഇഷ്ടമെങ്കിലും, നേരിട്ടുള്ള സൂര്യപ്രകാശം പൊള്ളലിനിടയാക്കും.
മാധ്യമത്തിൽ ഉപയോഗിക്കുന്ന ഓട്, ഇഷ്ടിക തുടങ്ങിയ ചേരുവകൾ നന്നായി വെള്ളത്തിൽ കുതിർത്തതിനു ശേഷം മാത്രം ഉപയോഗിക്കുക.
മാധ്യമത്തിൽ ചകിരി ഉപയോഗിക്കുന്നുവെങ്കിൽ, അത് സ്വതേ ജലം സംഭരിച്ചു വയ്ക്കും എന്നുള്ളതിനാൽ അധികം നനക്കരുത്. വൈകുന്നേരങ്ങളിൽ വളരെ വൈകി നനയ്ക്കരുത്.
ചട്ടികളിലും തൂക്കുകൂടകളിലും വളർത്തുമ്പോൾ മാധ്യമം വളരെ വേഗം ഉണങ്ങിപ്പോകാൻ സാധ്യതയുള്ളതിനാൽ നനവ് നില നിർത്താൻ ശ്രദ്ധിക്കണം.
നനയ്ക്കുമ്പോൾ മഴയും കാറ്റും ശ്രദ്ധിക്കണം. നല്ല കാറ്റുള്ളപ്പോൾ ചെടികൾ പെട്ടെന്ന് ഉണങ്ങും. അപ്പോൾ വെള്ളം കൂടുതൽ വേണം. എന്നാൽ, മഴയത്ത് അത്രയും വേണ്ടി വരില്ല.
ഓർക്കിഡുകൾ നനയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണത്തിന് പ്രാധാന്യമുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ അമ്ല-ക്ഷാരനില ഏതാണ്ട് തുല്യമായ വെള്ളമാണ് നനയ്ക്കാൻ നല്ലത്. ഉപ്പു വെള്ളം നന്നല്ല. അതു പോലെ പൈപ്പുവെള്ളവും. പൈപ്പു വെള്ളത്തിൽ ക്ലോറിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്. എന്നാൽ, വിവിധതരം അന്തരീക്ഷജൈവപദാർത്ഥങ്ങൾ അടങ്ങിയ മഴവെള്ളം ഓർക്കിഡുകൾക്ക് നല്ലതാണ്. പൈപ്പുവെള്ളമാകട്ടെ ഒരു വലിയ ബക്കറ്റിലോ മറ്റോ പിടിച്ചുവച്ച് കുറച്ചുനേരം കഴിഞ്ഞ് ക്ലോറിന്റെ അംശം കുറയുമ്പോൾ മുകൾഭാഗത്തെ വെള്ളം മാത്രം നനയ്ക്കാനെടുക്കാം.
എല്ലാ ദിവസവും ഓർക്കിഡുകൾക്ക് നനയ്ക്കണമെന്നില്ല. ആവശ്യമറിഞ്ഞ് നനയ്ക്കുകയാവും ഉചിതം. അമിതനന രോഗ കീടബാധകൾക്കിടയാക്കുകയും വേരുകൾ ചീയാനിടയാക്കുകയും ചെയ്യും. നനയ്ക്കുന്ന സമയത്തിനുമുണ്ട് പ്രാധാന്യം. രാവിലെ എട്ടു മണിക്കു മുമ്പോ വൈകിട്ട് നാലുമണിക്കു മുമ്പോ നനയ്ക്കുക. നല്ല ചൂടുള്ള സാഹചര്യത്തിൽ വെള്ളം നേരിട്ട് ചെടിയിൽ തളിക്കുന്നതിനു പകരം ചെടി വളരുന്ന പരിസരമാകെ ജലകണങ്ങളാൽ തണുപ്പിച്ച് നിർത്താം.
നല്ല വേനൽക്കാലത്ത് ഒരു ചെടിക്ക് ഒരു ദിവസം ഒരു ലിറ്റർ വെള്ളം വേണം. എന്നാൽ, ഇത് ഒറ്റയടിക്ക് നൽകേണ്ടതില്ല. പകൽസമയത്ത് ചെടികൾ ആവശ്യം നോക്കി നനയ്ക്കുന്നതായാൽ രാത്രിയാവുമ്പോൾ അവ ഈർപ്പം കുറഞ്ഞ് മാധ്യമം ഉണങ്ങാൻ തുടങ്ങും, ഓർക്കിഡുകളെ സംബന്ധിച്ച് ആപേക്ഷിക ആർദ്രതയ്ക്ക് അവയുടെ വളർച്ചയിലും പൂവിടലിലും വലിയ സ്വാധീനമുണ്ട്.
Share your comments