ഇന്ന് ജനപ്രീതിയിലും കൃഷി ചെയ്യുന്ന പരിധിയിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സങ്കരയിനം പപ്പായയാണ് റെഡ് ലേഡി. നന്നേ ഉയരം കുറഞ്ഞ ഈ ഇനം നട്ട് മൂന്നു മാസത്തിനുള്ളിൽ തന്നെ പൂവിടുകയും ഏതാണ്ട് 4-5 മാസത്തിനുളളിൽ വിളവെടുപ്പിന് പാകമാകുകയും ചെയ്യും. മുമ്പ് സുചിപ്പിച്ചതു പോലെ പൊക്കം കുറവുളള ഈ ഇനത്തിൻ്റെ വിളവെടുപ്പും കൈ കൊണ്ട് നമുക്ക് നടത്താം എന്നതും ഈ ഇനത്തിൻ്റെ പ്രചാരം കൂട്ടുന്ന ഒരു വസ്‌തുതയാണ്. അതു പോലെ ഇളം കായ്‌കൾ മറ്റു വിഭവങ്ങൾ തയാറാക്കാനും ഉപയോഗിക്കുന്നു.
ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് റെഡ് ലേഡി ചെടികൾ മുളപ്പിക്കാൻ നന്ന്. ഒരു മീറ്റർ വീതിയിൽ അര അടി പൊക്കത്തിൽ പണകൾ ഒരുക്കിയോ ചെറിയ പോളിത്തീൻ ബാഗുകളിലോ പപ്പായ വിത്തുകൾ പാകാം. നഴ്സറിയിൽ ചാണകപ്പൊടി ചേർത്ത് അതിനു മീതെ വിത്തു വിതച്ച് പുറത്ത് നേരിയ തോതിൽ മൂടും വിധം മണ്ണിട്ടു മൂടി നനച്ചാണ് തൈകൾ മുളപ്പിക്കുന്നത്. ആവശ്യാനുസരണം നനച്ചു കൊടുക്കണം. രണ്ടു മാസം പ്രായമായ തൈകൾ മാറ്റി നടാം. മേയ്-ജൂൺ മാസങ്ങളിൽ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റർ അകലത്തിൽ അര മീറ്റർ സമചതുരത്തിൽ തയാറാക്കിയ കുഴികളിൽ പാറ മാറ്റിയ മേൽമണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണിൽ വേരുകൾ പൊട്ടാതെ മാറ്റി നടുക.
വൈകുന്നേരമാണ് തൈ നടാൻ പറ്റിയ സമയം. ഒന്നു രണ്ടു മാസം പ്രായമായാൽ റെഡ് ലേഡി പപ്പായയ്ക്ക് ഇനി പറയും വിധം വളം ചേർക്കണം. വേരു മുറിയാതെ അല്‌പം മണ്ണിളക്കി ചെറുതടമാക്കുക.
10 കിലോ ഗ്രാം ജൈവവളം, 200 ഗ്രാം എല്ലുപൊടി എന്നിവ ചുറ്റും വിതറി ചെറുതായി മണ്ണിട്ടു മൂടുക. 15-20 ദിവസം കഴിഞ്ഞ് 500 ഗ്രാം ചാരം തണ്ടിൽ നിന്ന് വിട്ട് വിതറിക്കൊടുക്കുക. മുകളിൽ അല്‌പം മണ്ണ് വിതറാൻ മറക്കരുത്. വേനൽക്കാലത്ത് തടത്തിൽ പുതയിടുന്നത് നല്ലതാണ്.
7-8 മാസം കൊണ്ട് മുപ്പെത്തി കായ് പറിച്ചെടുക്കണം. കായ്കകളുടെ ഇടച്ചാലുകളിൽ മഞ്ഞനിറം കാണുന്നത് വിളവെടുക്കാറായതിൻ്റെ ലക്ഷണമാണ്. കായ്‌കൾക്ക് 2 മുതൽ 6 കിലോ വരെ തൂക്കം പ്രതീക്ഷിക്കാം. ഉയരം കുറവായതിനാൽ ചുവട്ടിൽ നിന്നു തന്നെ ആയാസരഹിതമായി കായ്ക്‌കൾ വിളവെടുക്കാം. ഒരു മരത്തിൽ നിന്നും 50 കായ് വരെ കിട്ടും. ഇതിന് വിപണിയിൽ കിലോയ്ക്ക് 30 രൂപ വരെ വിലയുണ്ട്. വിശ്വസിക്കാവുന്ന നഴ്‌സറികളിൽ നിന്നോ, സർക്കാർ വക കൃഷിത്തോട്ടത്തിൽ നിന്നോ തൈകൾ വാങ്ങാം. അല്ലെങ്കിൽ സങ്കരയിനം വിത്തുകൾ മുളപ്പിച്ച് ഉപയോഗിക്കാം.
Share your comments