വാനില സംസ്ക്‌കരണത്തിന് ഇന്ത്യയിൽ പൊതുവേ പിന്തുടരുന്നതു ബൂർബോൺ രീതിയാണ്. വാടിപ്പിക്കൽ, വിയർപ്പിക്കൽ, സാവധാനം ഉണക്കൽ, പരുവപ്പെടുത്തൽ എന്നീ നാലു ഘട്ടങ്ങളാണീ രീതിക്കുള്ളത്
സംസ്കരണം പൂർത്തിയായ കായ്‌കളിൽ ഏകദേശം 25 - 30% വരെ ഈർപ്പവും മൂന്നു ശതമാനം വരെ വാനിലയ്ക്കും ഉണ്ടായിരിക്കും. കായ്കൾ സംസ്‌കരിച്ച ശേഷം സംഭരിക്കുമ്പോൾ പൂപ്പലുകൾക്കു കാരണമായ പെൻസിലിയം, അസ്‌പർജില്ലസ് എന്നീ കുമിളുകൾ പിടിപെടാൻ സാധ്യതയുണ്ട്. പൂപ്പൽ തടയാൻ സംസ്കരണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ തിളച്ച വെള്ളമുപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാവശ്യമാണ്. വൃത്തിയുള്ള കമ്പിളിയും നല്ല തടിപ്പെട്ടിയും ഉപയോഗിക്കാനും ശ്രദ്ധിക്കണം.
സംസ്കരണത്തിനു ശേഷം സംഭരണ മുറി ഫോർമാൽ ഡിഹൈഡും പൊട്ടാസ്യം പെർ മാംഗനേറ്റും ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇതിനായി 40% വീര്യമുള്ള ഫോർ മാൽഡിഹൈഡ് (20 മില്ലി ലിറ്റർ) ഒരു ചെറിയ ഗ്ലാസ് തളികയിൽ എടുത്ത് അഞ്ചു മില്ലി ലിറ്റർ വെള്ളം ചേർത്തു നേർപ്പിക്കുക. ഒരു ചെറിയ പഞ്ഞിയിൽ ഒരു നുള്ള് പൊട്ടാസ്യം പെർമാംഗനേറ്റ് ഇട്ട് തളികയെ മുറിയുടെ മധ്യഭാഗത്തു വച്ചു മുറി അടച്ചു പൂട്ടുക. സാവകാശം മുറി അണുവിമുക്‌തമായിക്കൊള്ളും. രണ്ടു ദിവസത്തിനു ശേഷം മുറിയുടെ ജനലുകളും വാതിലുകളും തുറന്നു നല്ല വായു സഞ്ചാരം അനുവദിക്കുക. ഫോർമാൽഡി ഹൈഡിൻ്റെ മണം പൂർണമായി ഇല്ലാതാകും.
രോഗബാധയേറ്റ ബീൻസുകൾ അപ്പോൾ തന്നെ എടുത്തു മാറ്റി മറ്റുള്ളവയെ പൂപ്പലിൽ നിന്നു സംരക്ഷിക്കേണ്ടതാണ്. ഒരിക്കൽ പൂപ്പൽ ബാധിച്ച കായ്‌കൾ ശുചിയാക്കി സൂക്ഷിച്ചാലും ശരിയായ ഗുണം ലഭിക്കാറില്ല. പൂപ്പൽ ബാധിച്ച ബീൻസുകളെ 95 ശതമാനം വീര്യമുള്ള ഈഥൈൽ ആൽക്കഹോളിൽ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചു വൃത്തിയാക്കണം. ഇതു മൂലം കൂടുതൽ പൂപ്പൽ പകരുന്നതു തടയാനാവും. എങ്കിലും സംസ്ക്‌കരിച്ച കായ്കളുടെ സുഗന്ധം, രുചി, എണ്ണമയം, തിളക്കം എന്നിവ തിരിച്ചു കിട്ടിയേക്കില്ല. വിസ്‌കിയും വോഡ്‌കയും ആൽക്കഹോളിനു പകരമായി ഉപയോഗിക്കാവുന്നതുമാണ്. ലഘുവായ രോഗബാധയാണെങ്കിൽ വിളഞ്ഞ ബീൻസിൽ നിന്നു വരുന്ന എണ്ണയെടുത്തു പുരട്ടിയും വൃത്തിയാക്കാം പൂപ്പൽബാധ അധികമായുണ്ടെങ്കിൽ ബീൻസുകൾ നല്ല ചൂടുവെള്ളത്തിൽ മുക്കി തണലിൽ ഉണക്കിയെടുക്കുന്നതിലും തെറ്റില്ല.
Share your comments