ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ മേഖലകളിലെ ജലസേചന സൗകര്യമുള്ള വരണ്ട പ്രദേശങ്ങളിൽ ഈന്തപ്പന കൃഷിക്ക് വിപുലമായ സാധ്യതകളാണുള്ളത്. ഇതിൻ്റെ കൃഷി രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. എന്നാൽ കേരളത്തിലും ഇത് കൃഷി ചെയ്യാൻ സാധ്യതകൾ ഏറെയാണ്.
ഈന്തപ്പന കൃഷിക്ക് യോജിച്ച കാലാവസ്ഥയും മണ്ണും
കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം ഈന്തപ്പന കൃഷിക്ക് ചില നിബന്ധനകൾ തന്നെയുണ്ട്. അതായത് ദീർഘിപ്പിച്ച വേനൽക്കാലവും ചൂടുള്ള പകലും രാത്രിയും. കായ്കൾ വേണ്ടവിധം വിളഞ്ഞു പഴുക്കാൻ നല്ല ചൂടും ജലസേചനവും ആവശ്യമാണ്. മഞ്ഞുവീഴാത്ത ലഘുവായ ശീതകാലവും കുറഞ്ഞ ആപേക്ഷിക ആർദ്രതയും പുഷ്പിക്കുമ്പോഴും കായ്ക്കുമ്പോഴും 12.5 സെ. മീറ്ററിലധികമില്ലാത്ത മഴയും ആണ് ഇതിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങൾ. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരം വരെ ഇവ വളരാറുണ്ട്.
ഈന്തപ്പന മണൽമണ്ണിലും പശിമരാശി മണ്ണിലും കളിമണ്ണിലും വ്യത്യാസമില്ലാതെ നന്നായി വളരുന്നു. നല്ല നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് ഇതിൻ്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. മണ്ണിൽ ധാരാളം ഈർപ്പം ആവശ്യമാണെങ്കിലും മററു പല ഫലവൃക്ഷങ്ങളെയും താരതമ്യം ചെയ്യുമ്പോൾ ഇതിന് കുറച്ചു ജലം മാത്രമേ ആവശ്യമായി വരുന്നുള്ളു. കൂടാതെ ഇത് മരുഭൂമികളിൽ വളരുന്ന ഒരു പ്രധാന മരമാണ്. കൂടുതൽ ഉപ്പിന്റെ അംശം അടങ്ങിയിട്ടുള്ള മണ്ണിൽ ഈന്തപ്പന നന്നായി വളരുന്നതായി രേഖപ്പെടുത്തി കാണുന്നു. എങ്കിലും ഗുണമേന്മയുള്ള പഴങ്ങൾ ഇത്തരം മണ്ണിൽ വളരുന്ന മരങ്ങളിൽ നിന്നും ലഭിക്കാറില്ല.
പ്രവർധനത്തിനായി ഉപയോഗിക്കുന്നത് വിത്താണോ ചുവട്ടിൽ നിന്നും പൊട്ടിവളരുന്ന തൈകളാണോ
വിത്തോ ചുവട്ടിൽ നിന്നും പൊട്ടിമുളയ്ക്കുന്ന തൈകളോ ആണ് സാധാരണ പ്രവർധനത്തിന് ഉപയോഗിക്കുന്നത്. വിത്ത് മുളപ്പിച്ചു വളർത്തുന്ന തൈകളിൽ പകുതി മാത്രമേ പെൺമരങ്ങൾ കാണാറുള്ളു. കൂടാതെ ആണും പെണ്ണും തിരിച്ചറിയാൻ 4-10 വർഷത്തോളം എടുക്കുന്നു.
വ്യാവസായികമായി കൃഷി ചെയ്യുമ്പോൾ മേന്മയേറിയ മരങ്ങളുടെ ചുവട്ടിൽ ചുറ്റുമായി പൊട്ടിക്കിളിർക്കുന്ന തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. അവ മദർപാമിനെപ്പോലെ മികച്ച വിളവ് തരുന്നു. ഓരോ മരത്തിൻ്റെയും ചുവട്ടിൽനിന്നും വർഷം രണ്ടു തൈകളെങ്കിലും ഇളക്കിയെടുക്കാൻ കഴിയുന്നു.
നട്ട് 4-5 വർഷം പ്രായമാകുന്നതു മുതൽ ഓരോ തള്ളമരത്തിലെയും ചുവട്ടിലെ കക്ഷ്യമുകുളത്തിൽ നിന്നും തൈകൾ പൊട്ടി കിളിർക്കുന്നു. ഓരോ തള്ളമരത്തിന്റെയും ചുവട്ടിൽ നിന്നും 10-15 വർഷം വരെ ഇത്തരം തൈകൾ ഇളക്കിയെടുക്കാൻ കഴിയുന്നതാണ്. ടിഷ്യുകൾച്ചർ തൈകളും ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിൽ വളർത്താൻ അനുയോ ജ്യമായ പ്രധാന ഇനങ്ങൾ ഹില്ലാവി, ഖുദ്രാവി, സാഹിദി, ഷാംറാ വുൺ മുതലായവയാണ്.
Share your comments