സ്ഥിരമായി നേന്ത്രവാഴകൃഷിചെയ്യുന്ന കർഷകർ 3-4 വർഷത്തിലൊരിക്കൽ സ്വന്തം തോട്ടത്തിലെ കന്നുകൾക്കുപകരം അല്പം അകലെയുള്ള സ്ഥലങ്ങളിൽ നിന്ന് കന്നുകൊണ്ടുവന്നു നടാറുണ്ട്. സ്ഥിരമായി ഒരേ സ്ഥലത്തു ആ കൃഷി ചെയ്യുമ്പോൾ വളർച്ചയിലും വിളവിലും ഉണ്ടാകുന്ന മാന്ദ്യം ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മാറിയ മണ്ണിലും കാലാവസ്ഥയിലും പുതിയ ഉണർവ്വ് ഈ കുന്നുകൾക്കുണ്ടാകുമത്രേ.
കന്നു പാകപ്പെടുത്തൽ
കുലവെട്ടിക്കഴിഞ്ഞ വാഴയിൽ നിന്നും വേർപെടുത്തിയെടുത്ത കന്നുകൾ വേരുകളും കേടുവന്ന ഭാഗങ്ങളും ചെത്തിമാറ്റി വൃത്തിയാക്കിയെടുക്കണം. ഉയരമുള്ള കന്നുകൾ അരമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ വച്ചു മുറിച്ചുമാറ്റാം. ഈ കുന്നുകൾ നേരിട്ടു കുഴികളിൽ നടുന്നു. ഇലകൾ പകുതി കോതി നിർത്തുന്ന രീതിയും പ്രാദേശികമായി അവലംബിച്ചു കാണുന്നുണ്ട്.
രോഗകീട നിയന്ത്രണം
നേന്ത്രവാഴക്കന്നുകൾ നടാൻ പരുവപ്പെടുത്തിയെടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഇളക്കിയെടുത്ത കന്നുകൾ വേരും കേടു വന്ന ഭാഗങ്ങളും ചെത്തി വൃത്തിയാക്കുന്നു. മാണപ്പുഴു ഉണ്ടാക്കുന്ന ദ്വാരങ്ങളും നിമാവിരകളുടെ ആക്രമണം മൂലം കേടുവന്നു കറുപ്പുനിറമായ ഭാഗങ്ങളും തുരന്നെടുത്തുമാറ്റുന്നു.
തണ്ട്, മാണത്തിൽ നിന്നും 15-25 സെന്റീമീറ്റർ ഉയരത്തിൽ വെച്ച് കുറുകെ ഛേദിക്കുന്നു. അതിനുശേഷം കന്നുകളെ ചാണകവും ചാരവും വെള്ളവും ചേർത്ത് കുറുക്കിയ കുഴമ്പിൽ മുക്കിയെടുക്കുന്നു. മൂന്നുനാലു ദിവസം ഈ കന്നുകളെ വെയിലത്തു നിർത്തിയിട്ട് ഉണക്കുന്നു. അതിനുശേഷം രണ്ടാഴ്ചയോളം തണലിൽ നിരത്തിയിടുന്നു. ഈ സമയം കന്നുകളിൽ മുള വന്നു തുടങ്ങുകയും അവ നടാൻ പാകമാവുകയും ചെയ്യുന്നു.
രോഗ കീട നിയന്ത്രണത്തിനായി ചാണക-ചാരകഴമ്പിൽ കുമിൾനാശിനിയും കീടനാശിനിയും ചേർക്കുന്ന പതിവുണ്ട്. കീടനിയന്ത്രണത്തിന് കാർബാറിൽ 3ഗ്രാം ഒരു ലിറ്റർ എന്ന തോതിലും രോഗ നിയന്ത്രണത്തിന് കാർബണ്ടാസിം 4 ഗ്രാം ഒരു ലിറ്ററിന് എന്ന തോതിലും ഉപയോഗിക്കാം.
ജൈവരീതിയിൽ കന്നു പാകപ്പെടുത്തൽ
ജൈവരീതിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ രാസവസ്തുക്കൾ ഒഴിവാക്കണം. നിമാവിരകളെയും മറ്റും ഒഴിവാക്കുന്നതിന് വൃത്തിയാക്കിയ കന്നുകളെ 50 സെൽഷ്യസ് താപനിലയിലുള്ള ചൂടുവെള്ളത്തിൽ 20 മിനിറ്റ് മുക്കിവെയ്ക്കണം. അതിനുശേഷം ചാണകവും ചാരവും ചേർത്തകുഴമ്പിൽ മുക്കിയെടുത്ത് നേരത്തേ പറഞ്ഞ രീതിയിൽ ഉണക്കി പാകപ്പെടുത്താം. നടുന്നതിനു മുൻപ് കന്നുകളുടെ മാണഭാഗം രണ്ടുശതമാനം വീര്യമുള്ള സൂഡോമോണാസ് ഫ്ലൂറസെൻസ് (Psuedomonas fluoresens) ലായനിയിൽ അരമണിക്കൂർ മുക്കിവെയ്ക്കുന്നതും നല്ലതാണ്.
Share your comments