പഴയകാല കേരളീയ ഭവനങ്ങളിൽ നട്ടുവളർത്തിയിരുന്ന പൂച്ചെടികളിൽ ശ്രേഷ്ഠപദവി അലങ്കരിച്ചിരുന്ന ഒന്നാണ് തെച്ചി. പ്രത്യേകിച്ചും അശോകചെത്തി എന്ന പേരിൽ നട്ടുവളർത്തിയിരുന്ന കുറ്റിച്ചെടിയായി വളർന്നിരുന്ന തെച്ചി ചുവന്ന പൂക്കൂടകളാൽ നിത്യവസന്തം തീർത്തിരുന്നവയും അന്നത്തെ മിക്ക ഭവനങ്ങളുടേയും ആഡ്യത്വത്തിന്റെ പ്രതീകവുമായിരുന്നു.
പഴയകാല കേരളീയ ഭവനങ്ങളുടെ പൂമുഖവാതിലിനു നേരെ പൂത്തുലഞ്ഞ് നിന്നിരുന്ന തെച്ചി, പ്രധാനമായും മരമായി വളർന്നിരുന്ന അശോകതെച്ചി, പഴമക്കാരുടെ വിശ്വാസപ്രകാരം വാസ്തുസംബന്ധമായ ദോഷങ്ങൾ പോലും അകറ്റും എന്നുള്ളതായിരുന്നു. പറമ്പിൽ തെച്ചിയുടെ ഒരു കമ്പെങ്കിലും നട്ടുപിടിപ്പിക്കണമെന്നതും കാരണവന്മാർ പിൻതലമുറക്ക് കൈമാറി കൊടുത്തിരുന്ന ഒരുപദേശം മാത്രമായിരുന്നില്ല. മറിച്ച് ഇതര നാട്ടുപൂക്കളിൽ നിന്നും വിഭിന്നമായി ഒരു സാത്മിക ഗുണം തെച്ചിയിൽ അവർ ദർശിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയാണ്.
അതുപോലെ അശോകചെത്തി കെട്ടുപോകുന്നത് ഭവനത്തിന് ദോഷമാണെന്ന പൂർവ്വികരുടെ വിശ്വാസത്തിനു പിന്നിലും, തെളിയിക്കപ്പെടാതെ പോയ ചില ശാസ്ത്രീയ സത്യങ്ങളുണ്ടാകാം. ആധുനികതയ്ക്കിണങ്ങും വിധം ഉദ്യാനസങ്കൽപ്പങ്ങളും മാറിയപ്പോൾ വെട്ടിനിരപ്പാക്കുന്ന പുൽത്തകിടികളോടൊപ്പം കുള്ളൻ ചെത്തികളും അതിശയിപ്പിക്കുന്ന കാഴ്ചയായിമാറി. അപ്പോഴും പല രോഗങ്ങളുടെയും ഒറ്റമൂലിയായി പ്രതാപത്തോടെ വാണിരുന്ന കാട്ടുതെച്ചിയും നിത്യവസന്തത്തിന്റെ നിറകണിയായി പൂക്കുട വിടർത്തി മുറ്റത്തുനിന്നിരുന്ന അശോകതെച്ചിയും മൺമറഞ്ഞുപോയ ചില നിറസമൃദ്ധിയുടെ മങ്ങിയ നേർക്കാഴ്ച്ചകളായി മാത്രം ഇന്നും അവശേഷിക്കുന്നു.
ക്ഷേതങ്ങളിലെ പൂജക്ക് തെച്ചിപ്പൂക്കൾ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. പൂർവ്വികർ മുറുകെ പിടിച്ച ചില വിശ്വാസങ്ങളെ വേരോടെ പിഴുതെറി യുന്നതിലല്ല അതിലെ ചില നന്മകളെ സംസ്ക്കാര കേദാരത്തിലെ നാമ്പുകളായി ക്കണ്ട് നട്ടുനനച്ചു പരിപാലിക്കുന്നതിലാകണം നമ്മുടെ ശ്രദ്ധ. അതു കൊണ്ടുതന്നെ മലയാളിത്തത്തിന്റെ പ്രതീകമായി തെച്ചിപ്പൂക്കൾ ഇനിയും വീട്ടുമുറ്റങ്ങളിൽ മിഴിതുറക്കട്ടേ. നാട്ടുപൂക്കളിലെ രാജകന്യകയെ പോലെ തെച്ചി പൂക്കൂടയേന്തി നിൽക്കട്ടെ !
Share your comments