തേൻ കാലം കഴിയുമ്പോൾ തേനിച്ചക്കൂട്ടിൽ നിന്നും തേനെടുത്തതിന് ശേഷമുള്ള തേനടകൾ ഉരുക്കിയുണ്ടാക്കുന്ന മെഴുകുപയോഗിച്ച് സൗന്ദര്യവർധക വസ്തുക്കളും മറ്റും ഉണ്ടാക്കാം എന്ന് നമുക്കറിയാം. ഉപയോഗം കഴിഞ്ഞതിന് ശേഷമുള്ള തേനടകൾ ഉരുക്കി മെഴുകുണ്ടാക്കുന്ന വിധം കൂടി നമ്മളറിഞ്ഞിരിക്കണം.
തേൻ സീസൺ കഴിഞ്ഞ് ഹണി ചേംബറും അതിലെ തേൻ ചട്ടങ്ങളുമെല്ലാം എടുത്ത് മാറ്റിയതിന് ശേഷം ഹണി ചേംബറിലെ ചട്ടങ്ങളിൽ നിന്നും മെഴുകടകൾ കത്തി കൊണ്ട് മുറിച്ച് മാറ്റണം. മുറിച്ച് മാറ്റിയ മെഴുക് ചെറിയ ചെറിയ കഷണങ്ങളാക്കി ഇഴ വലുപ്പ മുള്ള വൃത്തിയുള്ള തുണിയിൽ കിഴി പോലെ കെട്ടിയതിന് ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്തൽ ചൂടാക്കണം. വെള്ളം നന്നായി ചൂടായാൽ അടകളിട്ട് കെട്ടിയ കിഴി ചൂടു വെള്ളത്തിൽ മുക്കി വെക്കാം.
പത്ത് മിനിറ്റോളം മെഴുകടക്കിഴി ചൂടു വെള്ളത്തിൽ മുങ്ങിക്കിടന്നാൽ അതിലെ മെഴുകെല്ലാം വെള്ളത്തിൽ ലയിക്കും. നാലഞ്ച തവണ അട കെട്ടിയ കിഴി ചൂടായ വെള്ളത്തിൽ മുക്കിയെടുത്തതിന് ശേഷം കിഴി എടുത്ത് മാറ്റാം. മെഴുക് ലയിച്ച വെള്ളം ചൂടോടുകൂടി ത്തന്നെ തണുത്ത വെള്ളമൊഴിച്ച പരന്ന ഒരു പാത്രത്തിലേക്ക് തൂണി കൊണ്ടുള്ള അരിപ്പ കെട്ടി അരിച്ചൊഴിക്കണം.
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാൽ മെഴുകുലായനി ഒഴിച്ച പാത്രത്തിലെ മെഴുക് വെള്ളത്തിനു മുകളിൽ തണുത്ത് ഉറച്ച് കട്ടിയായിട്ടുണ്ടാകും. ഒരു കത്തി ഉപയോഗിച്ച് പാത്രത്തിൽ നിന്നും അടർത്തി മാറ്റിയ മെഴുക് ഏറെ കാലം കേട് വരാതെ സൂക്ഷിച്ച് വെക്കാം.
തേനെടുത്തതിന് ശേഷം ഹണി ചേംബറിലെ ചട്ടത്തോട് കൂടിയ മെഴുകടകൾ സൂക്ഷിച്ച് വെച്ചാൽ പല വിധ പ്രാണികളും പുഴുക്കളും മെഴുകട നശിപ്പിച്ച് കളയാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ മുറിച്ച് മാറ്റിയ തേനടകളും തേനെടുക്കുമ്പോൾ സീല് ചെയ്ത തേനടയിലെ ചെത്തി മാറ്റിയ മെഴുകുകളും ഉരുക്കി കട്ടിയുള്ള മെഴുകാക്കി സൂക്ഷിച്ച് വെക്കുന്നതായിരിക്കും തേനീച്ച കർഷകർക്ക് സൗകര്യം.
ഉരുക്കിയൊഴിക്കുന്ന മെഴുകിൽ അഴുക്ക് കൂടുതലുണ്ടെങ്കിൽ രണ്ടോ മൂന്നോ തവണ ഉരുക്കി അരിച്ചൊഴിച്ചാൽ വൃത്തിയുള്ള തെളിഞ്ഞ മെഴുക് കിട്ടും. ഉരുക്കി ഒഴിക്കുമ്പോൾ തന്നെ വൃത്തിയാവും വിധത്തിൽ രണ്ടോ മൂന്നോ അരിപ്പകളിലായി അരിച്ചൊഴിച്ചാലും അഴുക്കില്ലാത്ത മെഴുക് തന്നെ കിട്ടും. ഇത്തരത്തിൽ വൃത്തിയാക്കിയ മെഴുക് ഉപയോഗിച്ച് വേണം ലിപ് ബാമും ബോഡി ലോഷനുമെല്ലാം ഉണ്ടാക്കാൻ.
ചില രാജ്യങ്ങളിൽ തേൻ മെഴുക് ഉപയോഗിച്ചുണ്ടാക്കുന്ന മെഴുകു തിരികൾ മാത്രം കത്തിക്കുന്ന ചില പ്രത്യേക സ്ഥലങ്ങളുണ്ട്. പണ്ട് കാലങ്ങളിൽ തേൻമെഴുകുപയോഗിച്ചും മര ഉരുപ്പടികളും മറ്റും പോളീഷ് ചെയ്യാറുണ്ടായിരുന്നു. കൈകാലുകൾ വിണ്ടുകീറുന്നതിനെ പ്രതിരോധിക്കാൻ തേനീച്ച മെഴുകും ശുദ്ധമായ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേർത്ത് ക്രീമുണ്ടാക്കി ഉപയോഗിക്കാറുണ്ട്. വരണ്ട ചർമ്മമുള്ള കുട്ടികൾക്കും മുതിർന്നവർക്കും മേൽ പറഞ്ഞ ക്രീം പുരട്ടുന്നത് ഗുണകരമാണ്.
Share your comments