ഇളംപച്ച നിറങ്ങളിൽ കാണപ്പെടുന്ന അഴകുള്ള പാൽ മുളകുകൾ (വെള്ളകാന്താരി) ഇപ്പോൾ മുളകുകർഷകരുടെയും കൃഷിയിൽ താത്പര്യമുള്ള വീട്ടമ്മമാരുടെയും ഇഷ്ട കൃഷിയായി മാറുകയാണ്. വലിയ രീതിയിലുള്ള പരിചരണമോ വളമോ ഒന്നും കൂടാതെ തന്നെ നല്ല വിളവു കിട്ടുന്നെന്നത് പാൽമുളകിൻ്റെ വലിയ സവിശേഷതയാണ്. മൂന്നു വർഷത്തോളം വിളവു ലഭിക്കും. പഴയകാലത്ത് കേരളത്തിൽ സുലഭമായി കൃഷി ചെയ്തിരുന്ന പാൽമുളക് ഇടക്കാലത്ത് കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
വെള്ളക്കാന്താരിക്ക് സാധാരണ കാന്താരിമുളകിൻ്റെ അത്രയും എരിവില്ല. അതു കൊണ്ടു തന്നെ എരിവ് അധികം വേണ്ടാത്തവരുടെ ഇഷ്ടമുളകാണിത്. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുടെ നിയന്ത്രണത്തിനു വെള്ളക്കാന്താരി സഹായിക്കുമെന്നു കരുതപ്പെടുന്നു. ഇതു കൊണ്ടു തന്നെ പാൽമുളക് പച്ചയ്ക്കു കടിച്ചു തിന്നുന്നവരുമുണ്ട്.
കപ്പ, കാച്ചിൽ തുടങ്ങിയവ കഴിക്കുമ്പോൾ കറിയായി കാന്താരി ഉടച്ചുണ്ടാക്കുന്ന തൊടുകറി പോലെ പാൽമുളകും ഉള്ളിയും വെളിച്ചെണ്ണയും കൊണ്ട് തൊട്ടുകൂട്ടാൻ തയാറാക്കാം. പാൽമുളകു ആവശ്യത്തിന് ഉപ്പു ചേർത്ത ശേഷം വെളിച്ചെണ്ണയിൽ വറുത്ത് ചോറിനൊപ്പം കഴിക്കുന്നത് ഊണിന്റെ രുചി കൂട്ടും.
എങ്ങനെ കൃഷി ചെയ്യാം?
നല്ല വളക്കൂറുള്ള മണ്ണിൽ സാധാരണ പോലെ വെള്ളം നൽകിയാൽ നന്നായി കായ്ക്കും. ചാണകപ്പൊടി തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിച്ചാൽ നല്ല വിളവു ലഭിക്കും. പുതിയ ചെടികൾ മുളപ്പിക്കുന്നതും എളുപ്പമാണ്.
ആവശ്യമുള്ള മുളകു വിത്ത് രണ്ടോ മൂന്നോ ദിവസം വെയിലത്തു വച്ച് ഉണക്കിയ ശേഷം (ചാരത്തിൽ പൊതിഞ്ഞും ഉണക്കാം) ചെടിച്ചട്ടിയിലെ മണ്ണിലും ഇവ പാകാവുന്നതാണ്. ആവശ്യാനുസരണം വെള്ളം തളിക്കാം. പുതിയ ചെടി കിളിർത്തു നാലില പാകമാകുമ്പോൾ മാറ്റി നടാം.
സാധാരണ മുളകുചെടികൾക്കു വരുന്ന ഇല കുരിടിപ്പ് വെള്ളക്കാന്താരി ചെടികളെയും ബാധിക്കാറുണ്ട്. അടുക്കളയിലെ ചാരം കൊണ്ടും ഉള്ളിത്തൊലി, ചാരം എന്നിവ കൊണ്ടും തയാറാക്കുന്ന ജൈവ കീടനാശിനികൾ തുടങ്ങിയവ ഉപയോഗിച്ചും ഇത്തരം രോഗബാധ തടയാം.
Share your comments