വീട്ടിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് ജൈവവളമുണ്ടാക്കി മികച്ച വിളവ് ഉണ്ടാക്കുന്നവർ ധാരാളമുണ്ട്. അവർക്ക് ഗുണകരമാകുന്ന ഒരു പൊടിക്കൈയാണ് ചുവടെ പറയുന്നത്. അതും വലിയ ചിലവില്ലാതെ വീട്ടിൽ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന പദാർഥങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ അവ നമുക്ക് കൂടുതൽ ലാഭകരവുമാകുന്നു.
മണ്ണിന്റെ ഫലഭൂയിഷ്ടി വർധിപ്പിക്കാനും, കൃഷിയിൽ കൂടുതൽ വിളവ് ലഭിക്കാനും ഇവ വളരെയധികം പ്രയോജനപ്പെടുന്നു. ഭക്ഷണം, സസ്യങ്ങൾ, പച്ചക്കറി, ചപ്പുചവറുകൾ എന്നിവയുടെ അവശിഷ്ടങ്ങളിൽ നിന്നാണ് സാധാരണയായി ജൈവവളങ്ങൾ നിർമിക്കുന്നത്.
ഇങ്ങനെ നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ചോറ് ഉപയോഗിച്ച് പച്ചക്കറികൾക്ക് വളമുണ്ടാക്കാം. അതായത് വീട്ടിൽ മിച്ചം വരുന്ന ചോറ് മതി ഈ ജൈവവളത്തിന് എന്നതാണ് ഇതിലൂടെ ഏറ്റവും വലിയ നേട്ടം. വീട്ടിൽ ബാക്കി വരുന്ന ചോറ് വെറുതെ വേസ്റ്റ് ബോക്സിൽ കളയാതെ അടുക്കളത്തോട്ടത്തിലേക്കും വീട്ടുവളപ്പിലെ കൃഷിയിലേക്കും എങ്ങനെ ഉപയോഗപ്രദമായി എത്തിക്കാമെന്ന് പരിശോധിക്കാം.
ചോറ് കൊണ്ട് വളവും കീടനാശിനിയും; നിർമാണരീതി (How To Prepare Organic Manure And Pesticide From Cooked Rice)
ചോറ് കൊണ്ട് പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഇങ്ങനെ വളവും കീടനാശിനിയും ഉണ്ടാക്കാം. ഇതിനായി ഒരു പിടി ചോറും തൈരുമാണ് ആവശ്യമായുള്ളത്. ചോറിലേക്ക് അൽപം പുളിച്ച തൈര് അല്ലെങ്കിൽ യീസ്റ്റ് ചേർക്കുക. വായു സഞ്ചാരം കടക്കാതെ അടച്ചുവെയ്ക്കാൻ കഴിയുന്ന ഒരു പാത്രത്തിലേക്ക് കുറച്ച് തൈര് അല്ലെങ്കിൽ നാലോ അഞ്ചോ തരി യീസ്റ്റോ ഇടുക. ഇതിലേക്ക് ഒരു പിടി ചോറ് കൂടി ചേർക്കാം.
ഇതിലേക്ക് ചോറ് മുങ്ങി നിൽക്കാൻ പാകത്തിന് വെള്ളമൊഴിച്ച് കൊടുക്കുക. പാത്രം ഒരു മൂടി കൊണ്ട് അടച്ച് വയ്ക്കുക. ഇതിലേക്ക് വായു കടക്കുന്നില്ല എന്നതും ഉറപ്പാക്കണം. ശേഷം, വെളിച്ചമേൽക്കാതിരിക്കാൻ ഏതെങ്കിലും ഒരു മൂലയ്ക്ക് ഇത് പൊതിഞ്ഞു സൂക്ഷിച്ചു വയ്കക്കുക. ഏഴ് ദിവസം വരെ ഇങ്ങനെ വച്ചിരിക്കണം.
ഏഴ് ദിവസത്തിന് ശേഷം ചോറ് കൊണ്ട് തയ്യാറാക്കിയ ഈ ലായനി അരിച്ചെടുക്കാം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് മൊത്തം ഒരു ലിറ്റർ ആകുന്ന തരത്തിൽ നേർപ്പിക്കുക. ഇത് പച്ചക്കറികളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കായ്ക്കാത്ത മാവും കായ്ക്കും; പഴമക്കാർ ചെയ്ത കുറുക്കുവിദ്യകൾ
ചെടികൾ തഴച്ചു വളരുന്നതിനും കീടങ്ങളുടെ ആക്രമണം തടയാനും ഈ ജൈവ വളപ്രയോഗം സഹായിക്കും. ഉദാഹരണത്തിന് കറിവേപ്പിലയെ ബാധിക്കുന്ന പുഴുശല്യത്തിന് ഇത് ശാശ്വത പരിഹാരമാണ്. പച്ചക്കറികളിലെ പൂക്കളെ ആക്രമിക്കുന്ന കീടങ്ങൾക്കെതിരെയും ഇവ പ്രയോഗിക്കാം. ഇതിനായി പൂക്കൾ ഉണ്ടാകുന്ന സമയത്ത് ചോറ് കൊണ്ടുണ്ടാക്കുന്ന ഈ വളം സ്പ്രേ ചെയ്തത് കൊടുക്കാം.
കൂടാതെ, പച്ചക്കറി വിളകളുടെ മൊട്ടുകൾ കൊഴിഞ്ഞുപോകുന്ന പ്രശ്‌നത്തിനും ഇവ പരിഹാരമാകുന്നു. ചെടികൾ കരുത്തോടെ വളരുന്നതിനോടൊപ്പം കീടങ്ങളെ പ്രതിരോധിക്കുന്നതിനും ഇത് സഹായകരമാകുന്നു. ആഴ്ചയിൽ രണ്ടു തവണ ഇവ ജൈവ വളമായോ കീടനാശിനിയാക്കിയോ ഉപയോഗിക്കാവുന്നതാണ്.
ചോറ് ജൈവവളമായി ഉപയോഗിക്കുന്നത് പോലെ ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് കഞ്ഞിവെള്ളവും മികച്ചതാണ്.
പുളിപ്പിച്ച കഞ്ഞിവെള്ളം ജൈവകൃഷിയ്ക്ക് ഇണങ്ങുന്നു. പുളിപ്പിച്ച കഞ്ഞിവെള്ളം അൽപം വെള്ളം ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും വിളകൾക്ക് ഏറെ പ്രയോജനം ചെയ്യുന്നു.
Share your comments