കാർഷിക കൊള്ളരുതായ്മകൾ -02, പ്രമോദ് മാധവൻ
കൃഷി ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന Bad Agricultural Practices (BAP)പരമ്പര യിൽ രണ്ടാമത്തെ വിഷയമാണിന്ന്.
കൃഷി ചെയ്യുന്നവർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന Bad Agricultural Practices (BAP)പരമ്പര യിൽ രണ്ടാമത്തെ വിഷയമാണിന്ന്.
വിളകൾക്കനുസൃതമായ സ്ഥലം തെരഞ്ഞെടുക്കുന്നതിൽ ഉള്ള പിഴവുകൾ (Improper Site Selection )
വെയിലറിഞ്ഞു കൃഷി ചെയ്യുക,
വെയിൽ ഇല്ലെങ്കിൽ വിളവില്ല,
വെയിലുണ്ടെങ്കിൽ വളവില്ല,
ഇങ്ങനെ കുറെ ചൊല്ലുകൾ ഉണ്ട്.
ചെടികൾ ഇന്നലെ കൊണ്ട വെയിലാണ് വിളവ്.
സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹരിതകത്തിന്റെ മധ്യസ്ഥതയിൽ വെള്ളവും വളവും കാർബൺ ഡയോക്സയ്ഡും ചേരുമ്പോൾ C6 H12 O6 എന്ന അന്നജം ഉണ്ടാകുന്നു. പയർ ചെടികൾക്ക് അതിനെ protein ആക്കാൻ സവിശേഷ കഴിവ് ഉണ്ട്.
ഇവ വേരുകളിലോ ഇലകളിലോ പൂവുകളിലോ കായ്കളിലോ തണ്ടുകളിലോ തരാതരം പോലെ ചെടികൾ സംഭരിച്ചു വയ്ക്കുന്നു.
ഇതാണ് ഈ ലോകത്തു ജീവൻ നില നിൽക്കാൻ കാരണം.
ഓരോ ചെടികൾക്കും വേണ്ട സൂര്യ പ്രകാശത്തിന്റെ തോത് വ്യത്യസ്തമാണ്.
ചിലവ തുറസ്സായ സാഹചര്യവും സമൃദ്ധമായ സൂര്യ പ്രകാശവും ആഗ്രഹിക്കുന്നു.
ചിലവ ഭാഗിക സൂര്യ പ്രകാശം ഇഷ്ടപ്പെടുന്നവയാണ്.
ചിലതിനു അരിച്ചിറങ്ങുന്ന സൂര്യപ്രകാശം മതി.
ഇതറിഞ്ഞു വിളകൾ തെരഞ്ഞെടുക്കുന്ന കര്ഷകന് വിജയം സുനിശ്ചിതം.
സൂര്യപ്രകാശത്തിൽ തരംഗ ദൈർഘ്യം കുറഞ്ഞ നീലയും ദൈർഘ്യം കൂടിയ ചുവപ്പും ആണ് ചെടികൾ കൂടുതൽ ആഗിരണം ചെയ്യുന്നത്. രാവിലെത്തെ വെയിലിൽ നീല രശ്മികൾ കൂടുതലും ഉച്ച കഴിഞ്ഞു ചുവപ്പ് രശ്മികൾ കൂടുതലും ആയിരിക്കും.
അതായതു രാവിലത്തെ വെയിൽ പച്ചക്കറികൾക്ക് കൂടുതൽ ഉത്തമം.
വെയിലിന്റെ ദിശ നോക്കി, വെയിൽ അറിഞ്ഞു കൃഷി ചെയ്യണം.
കിഴക്ക് നിന്നുള്ള വെയിൽ ചൂട് കുറഞ്ഞതാണ്. പടിഞ്ഞാറു നിന്നുള്ളത് ചൂടേറിയതും.
വടക്കു നിന്നും വെയിൽ ഇല്ല. ആയതിനാൽ വൃക്ഷ വിളകൾ വയ്ക്കാൻ വടക്കു ദിക്കു അനുയോജ്യം.
തെക്കു പടിഞ്ഞാറൻ വെയിൽ കടുപ്പം. അതിനാൽ തെങ്ങിൻ തൈകൾക്ക് ആ ദിശയിൽ നിന്നും വെയിൽ ഏൽക്കാതിരിക്കാൻ തണൽ നൽകണം.
കുരുമുളക് കൊടികൾ നടേണ്ടത് താങ്ങു മരത്തിന്റെ വടക്കു കിഴക്ക് ഭാഗത്താണ്.
പടിഞ്ഞാറൻ വെയിൽ നേരിട്ട് തട്ടുന്ന ചില്ലകൾ ആദ്യം പൂവിടും. ഉദാഹരണം ഗ്രാമ്പൂ. അതു തരംഗ ദൈർഘ്യം കൂടിയ ചുവപ്പിന്റെ കളി.
ഇഞ്ചി, മഞ്ഞൾ എന്നിവ പടിഞ്ഞാറു ദിശയിൽ നട്ടാൽ വിളവ് കൂടും.
പടിഞ്ഞാറു ഭിത്തിയിൽ ചാണകം ഒട്ടിച്ചു അതിൽ വിത്ത് പതിപ്പിച്ചു വെയിൽ കൊള്ളിച്ചു നടുമത്രേ, മുളക്കരുത്തു കിട്ടാൻ.
പടിഞ്ഞാറോട്ടു ചെരിവുള്ള കുന്നുകൾ തേയില, കാപ്പി കൃഷിക്ക് കൂടുതൽ അനുയോജ്യമത്രേ..
നമ്മൾ കൃഷി ചെയ്യുന്ന എല്ലാ വിളകളും ദിവസം 6 മണിക്കൂറിൽ കൂടുതൽ വെയിൽ ഇഷ്ടപ്പെടുന്നവയാണ്.
എന്നാൽ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കിഴങ്ങു, കൂവ, കാന്താരി മുളക് എന്നിവ അല്പമൊക്കെ തണൽ സഹിക്കും.
വെയിൽ ഇല്ലാത്തിടത്തു നേന്ത്രവാഴ കൃഷിക്ക് ഇറങ്ങരുത്.
എന്നാൽ ഞാലിപ്പൂവൻ, പാളയൻ കോടൻ, മൊന്തൻ, റോബസ്റ്റ എന്നിവ കുറെയൊക്കെ തണൽ സഹിക്കും.
നമ്മുടെ പച്ചക്കറികളിൽ മുളക് ഒഴികെ എല്ലാത്തിനും ആറു മണിക്കൂറിൽ കൂടുതൽ വെയിൽ കിട്ടുന്ന സ്ഥലങ്ങൾ തന്നെ വേണം.
തെങ്ങിൻ തോട്ടത്തിൽ ആദ്യ 7വർഷവും 25 കൊല്ലത്തിനു ശേഷവും ഇടവിളകൾ നന്നായി വിളയുന്നതിനു കാരണവും ലഭ്യമാകുന്ന വെയിൽ തന്നെ. ഓലക്കാലുകളുടെ ആകൃതി തന്നെ വെയിൽ അരിച്ചിറങ്ങാൻ പാകത്തിനാണ്.
വെയിൽ കിട്ടാൻ ആണെല്ലോ പ്രയാസം. കടയിൽ നിന്നും വാങ്ങാൻ കഴിയില്ലല്ലോ . വീട്ടു പുരയിടം ലക്കും ലഗാനും ഇല്ലാതെ മരങ്ങൾ വച്ചു ഒരു crop museum ആക്കി മാറ്റിയിരിക്കുക ആണ് മലയാളി.
വെയിൽ ജാസ്തി.
അങ്ങനെ ടെറസ്സിൽ കയറി.
ഗൃഹ നിർമാണ വൈദഗ്ധ്യം മൂലം അവിടെയും കൊട്ടിയടച്ചു.
ആയതിനാൽ, വെയിലിന്റെ മഹത്വം അറിയുക.
വീട്ടിൽ ഉള്ളവരുടെ ഹൃദയവും കരളും കിഡ്നിയും രക്ഷിക്കാൻ വെയിൽ അടിക്കുന്ന 2 സെന്റു സ്ഥലം പച്ചക്കറി വിളകൾക്കായി സജ്ജമാക്കുക.
പേരക്കുട്ടിക്ക് കട്ടിലും കട്ടളയും ഉണ്ടാക്കാൻ വേണ്ടി ഉള്ള പുരയിടം മുഴുവൻ തേക്കും മഹാഗണിയും വച്ചു പിടിപ്പിക്കുന്നത് വിവേകമല്ല.
ചെടികൾ കൊണ്ട വെയിൽ ആണ് നമ്മൾ
മറക്കരുത്.
Share your comments