കുങ്കുമപ്പൂവ്, വിറ്റാമിൻ എ, സി, ഫോളേറ്റ് തുടങ്ങി പല പോഷകങ്ങളും അടങ്ങിയതാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള കുങ്കുമപ്പൂവ് ക്രോക്കസ് സറ്റൈവസ് (Crocus sativus) എന്ന ചെടിയിലാണ് ഉണ്ടാകുന്നത്. ഈ ചെടിയുടെ പൂക്കളിൽ കാണുന്ന നാരുപോലെയുള്ള ഭാഗമാണ് സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. ഇത് ഭക്ഷണ കളറിംഗ്, മരുന്ന് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
കുങ്കുമപ്പൂവ് വിഷാദം, ഉത്കണ്ഠ, അൽഷിമേഴ്‌സ് രോഗം, ആർത്തവ മലബന്ധം, പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS) എന്നിവയ്ക്ക് ഉപയോഗിക്കുന്നു. കാൻസർ കോശങ്ങളെ നശിപ്പിക്കാനും വീക്കം കുറയ്ക്കാനും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കാനും കഴിയുന്ന രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു പൗണ്ട് കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കാൻ 75,000 കുങ്കുമപ്പൂക്കൾ വരെ വേണ്ടിവരും. ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണിത്.
കൃഷിരീതി
ഉപോഷ്‍ണ മേഖലാ പ്രദേശങ്ങളിലാണ് ഈ ചെടി തഴച്ചുവളരുക. 12 മണിക്കൂര്‍ സൂര്യപ്രകാശം ഇവയ്ക്ക് ആവശ്യമാണ്. കുറഞ്ഞ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും പൂക്കളുണ്ടാകുന്നതിനെ കാര്യമായിത്തന്നെ ബാധിക്കും. ഇതിന്റെ വളർച്ചയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പി.എച്ച് മൂല്യം 6 നും 8 നും ഇടയിലായിരിക്കണം. കളിമണ്ണ് പോലുള്ളവ ഒഴിവാക്കണം. കിഴങ്ങാണ് നടാനുപയോഗിക്കുന്നത്. കിഴങ്ങുകള്‍ക്ക് ഉരുണ്ട ആകൃതിയും നീണ്ട നാരുകളും ഉണ്ടായിരിക്കും. കളകള്‍ പറിച്ചുമാറ്റി ജൈവവളം കൊണ്ട് സമ്പുഷ്‍ടമാക്കിയ മണ്ണിലാണ് ഈ ചെടി നടുന്നത്. കുങ്കുമപ്പൂവ് നടാനുള്ള അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒക്ടോബര്‍ മാസത്തില്‍ പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഭംഗി കൂട്ടാൻ മാത്രമല്ല കുങ്കുമപ്പൂവ്
തണുപ്പുകാലത്താണ് വളര്‍ച്ചയുടെ പ്രധാന ഘട്ടങ്ങള്‍. മെയ് മാസത്തില്‍ ഇലകള്‍ ഉണങ്ങും. 12 മുതല്‍ 15 വരെ സെ.മീ ആഴത്തിലാണ് കിഴങ്ങുകള്‍ നടുന്നത്. ഓരോ ചെടിയും തമ്മില്‍ 12 സെ.മീ അകലമുണ്ടായിരിക്കണം. ജലസേചനം ആവശ്യമില്ല. വരള്‍ച്ചയുണ്ടാകുമ്പോളും വേനല്‍ക്കാലത്തും നനയ്ക്കണം. നട്ടുവളര്‍ത്തിയാല്‍ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കിഴങ്ങുകള്‍ ഒന്നില്‍നിന്ന് അഞ്ചായി വളരും.
പുതയിടല്‍ കളകളെ നിയന്ത്രിക്കും. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ 35 ടണ്‍ ജൈവവളം കൃഷിക്ക് മുമ്പായി മണ്ണില്‍ ചേര്‍ത്ത് ഉഴുതുമറിക്കും. വാര്‍ഷികമായി 20 കി.ഗ്രാം നൈട്രജനും 30 കി.ഗ്രാം പൊട്ടാഷും 80 കി.ഗ്രാം ഫോസ്‍ഫറസും നല്‍കാറുണ്ട്. ഇത് രണ്ടു തവണകളായാണ് നല്‍കുന്നത്. പൂക്കളുണ്ടായ ഉടനെ വളപ്രയോഗം നടത്തും.
ഫ്യൂസേറിയം, റൈസോക്ടോണിയ ക്രോക്കോറം, വയലറ്റ് റൂട്ട് റോട്ട് എന്നിവയാണ് കുങ്കുമപ്പൂവിനെ ബാധിക്കുന്ന അസുഖങ്ങള്‍. മുയലുകള്‍ കുങ്കുമച്ചെടിയുടെ ഇലകള്‍ ഭക്ഷിക്കുന്നതിനാല്‍ വേലി കെട്ടി അവയുടെ പ്രവേശനം തടയാറുണ്ട്. പൂക്കള്‍ അതിരാവിലെ പറിച്ചെടുത്ത ശേഷം ചുവന്ന നിറത്തിലുള്ള നാരുകള്‍ വേര്‍തിരിച്ചെടുത്ത് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.
നല്ല വായു സഞ്ചാരമുള്ള ഭക്ഷണം ഉണക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറില്‍ 45 ഡിഗ്രി സെല്‍ഷ്യസിനും 60 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ 15 മിനിറ്റ് വെച്ച് ഉണക്കിയാണ് കുങ്കുമപ്പൂ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നത്. പറിച്ചെടുത്ത ഉടനെയുള്ള കുങ്കുമപ്പൂവിന് രുചിയൊന്നുമുണ്ടാകില്ല. ഉണക്കിയ കുങ്കുമപ്പൂവ് വായുകടക്കാത്ത പാത്രത്തിലാക്കി ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം.
Share your comments