വിറ്റാമിനുകളും ധാതുക്കക്കളും, പോഷകങ്ങളും അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ദഹനപ്രക്രിയ മെച്ചപ്പെടുത്തുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, കൊളസ്ട്രോൾ കുറയ്ക്കുക, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, വിവിധതരം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുക, കരൾ വൃത്തിയാക്കുക, തുടങ്ങിയ ഒരുപാട് ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും കുരുമുളകിനുണ്ട്.
നല്ല പരിചരണം നൽകുകയാണെങ്കിൽ നട്ട് മൂന്നാം വർഷം മുതൽ കുരുമുളക് കൊടിയിൽ നിന്നും വിളവ് ലഭ്യമാക്കാം. ശരാശരി 25 വർഷം വരെ നല്ലരീതിയിൽ വിളവ് നൽകാറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സാധാരണ വിളവെടുപ്പ് കാലം.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി- ഒരു പഠനം
രോഗബാധ
* കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാന കീടമാണ് പൊള്ളുവണ്ട്. കൂടാതെ തണ്ടുതുരപ്പൻ പുഴു, മിലിമൂട്ട, മണ്ണിനടിയിലെ സൂക്ഷ്മജീവികൾ എന്നിവയും കുരുമുളക് ചെടിയെ നശിപ്പിക്കാറുണ്ട്. ജൂൺ മാസത്തിൽ കുരുമുളകിൽ തിരിയിടുമ്പോഴും സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ തിരിയിൽ മണികൾ ഉണ്ടാകമ്പോഴുമാണ് പൊള്ളുവണ്ടുകൾ ആക്രമിക്കുന്നത്. ഇത്തരം വണ്ടുകൾ കുരുമുളക് തിരികളേയും മണികളേയുമാണ് ബാധിക്കുന്നത്. ഈ വണ്ടുകൾ മുളക് മണികളെ ആക്രമിച്ച് മണികൾ പൊള്ളയായി ഉണങ്ങിക്കരിഞ്ഞ് നശിക്കുന്നു. കൂടുതലായി ഇവയുടെ ശല്യം ഉണ്ടാകുന്നത് തണൽ അധികം ലഭിക്കുന്ന തോട്ടങ്ങളിലാണ്. ഇതുമൂലം കുരുമുളകിന്റെ ഉൽപ്പാദനം കുറയുകയും ചെയ്യും. ഈ പൊള്ളുവണ്ടുകൾക്കെതിരേയുള്ള ജൈവകീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.
* തണ്ടുതുരപ്പൻ പുഴുക്കൾ കുരുമുളകിൻറെ ഇളം തണ്ടുകൾ കാർന്നുതിന്നുന്നു. അതിൻറെ ഫലമായി ചെടി ഉണങ്ങി കരിഞ്ഞു നശിക്കുന്നു. തണ്ട്, ഇല, മുളക് മണികൾ എന്നിവയിൽ പറ്റിയിരുന്ന് നീര് ഊറ്റിക്കുടിച്ച് വളരുന്ന ജീവികളാണ് മിലിമൂട്ടകൾ. ചിലപ്പോൾ വേരുകളേയും ഇവ ആക്രമിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന ആദായം നേടാൻ ദ്രുതവാട്ടം ചെറുക്കുന്ന തേവം, തെക്കൻ കുരുമുളക് ഇനങ്ങൾ
* മഴക്കാലത്ത് കുരുമുളകിൽ കുമിൾ വരുത്തുന്ന ഒരു രോഗമാണ് ധ്രുതവാട്ടം. രോഗം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വള്ളികൾ നശിക്കും. ഇലകളിൽ നനവുള്ള പാടുകൾ ആയി ആരംഭിക്കുന്ന ഈ രോഗം, ഇരുണ്ട തവിട്ടുനിറത്തിൽ ഇലമുഴുവൻ ബാധിക്കുന്നു. ഇങ്ങനെ രോഗത്തിന്റെ പ്രാരംഭത്തിൽ രോഗബാധയേൽക്കുന്ന ഇലകൾ നശിക്കുകയും ചെടി മുഴുവനും നശിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടിയുടെ തണ്ടുകളുടെ പുറം തൊലി ഇളകി പശപോലെയുള്ള ദ്രാവകം ഒലിച്ചു വരുന്നതാണ് രോഗം മൂർച്ഛിക്കുന്നതിന്റെ ലക്ഷണം. ക്രമേണ ഈ രോഗം വേരിലേക്കും പടരുകയും ചെടി പൂർണ്ണമായും രണ്ടാഴ്ചയ്ക്കുള്ളിൽ നശിക്കുന്നു.
* അഴുകൽ ഒരു കുമിൾ രോഗമാണ്. നഴ്സറിയിൽ നട്ടിട്ടുള്ള വള്ളിക്കഷണങ്ങൾ മുളച്ച് നാമ്പ് വന്നതിനുശേഷം അത് പഴുത്ത് വാടി നശിക്കുന്നതാണ് രോഗ ലക്ഷണം.
നിയന്ത്രണം
മഴക്കാലത്തിന് മുൻപായി ചെടിക്കുചുറ്റും 50സെ. മീ അകലത്തിൽ തടമെടുത്ത് ബോർഡോ മിശ്രിതം 1% വീര്യത്തിൽ തയ്യാറാക്കിയതോ; ഫൈറ്റൊലാൻ എന്ന കുമിൾ നാശിനി 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കിയ ലായനിയോ ഒഴിച്ചു നന്നായി കുതിർക്കുക. ഒരു മൂടിന് ഏകദേശം 10ലിറ്റർ വരെ ലായനി വേണ്ടിവരും. കൂടാതെ ചെടിയുടെ ചുവട്ടിൽ നിന്നും ഇലകൾ വരെയുള്ള ഭാഗത്ത് ബോർഡോ മിശ്രിതം പുരട്ടുകയും ; ബാക്കി ഭാഗത്ത് ബോർഡോ മിശ്രിതം 1% വീര്യത്തിൽ തയ്യാറാക്കിയത് തളിച്ചുകൊടുക്കുകയും വേണം. ഇങ്ങനെ തുലാവർഷത്തിന്റെ ആരംഭത്തിൽ ഒന്നുകൂടി ചെയ്യേണ്ടതുമാണ്.
രോഗം ബാധിച്ചിട്ടുള്ള വള്ളികൾ ചുവടുവച്ച് പിഴുതുമാറ്റി ചുട്ട് നശിപ്പിക്കണം. കൂടാതെ ചെടിയുടെ ചുവട്ടിലോ തോട്ടത്തിലോ യാതൊരു കാരണാവശാലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കുകയുമരുത്. മഴക്കാലം തുടങ്ങുമ്പോൾ ഒരു കൊടിക്ക് 2 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കുമ്മായം എന്നിവ ചേർക്കുക. രോഗം ബാധിച്ച സ്ഥലത്ത് വീണ്ടും രണ്ടുവർഷം കഴിഞ്ഞ് മാത്രമേ പുതിയ കൃഷി ഇറക്കാവൂ. കൂടാതെ ട്രൈക്കോഡർമ കൾച്ചർ 1 കിലോഗ്രാം നേരിയ നനവുള്ള 100കിലോഗ്രാം ചാണകപ്പൊടിയിൽ കൂട്ടിയിളക്കി; ഈർപ്പം നഷ്ടപ്പെടുത്താതെ കൂനകൂട്ടി നനവുള്ള ചാക്കുകൊണ്ട് മൂടി തണലത്ത് സൂക്ഷിക്കുക. ഒരാഴ്ചക്ക് ശേഷം ഈ മിശ്രിതം 5 കിലോഗ്രാം വീതം ഓരോ കൊടിയുടെ ചുവട്ടിലും ജൂൺ- ജൂലൈ മാസങ്ങളിൽ തടമെടുത്ത് ചേർത്താലും മതി. ദ്രുതവാട്ടം നിയന്ത്രിക്കുന്നതിന് ഈ മിശ്രിതം സഹായിക്കും.
Share your comments