ചോക്ലേറ്റ് നിർമ്മാണത്തിലെ പ്രധാനപ്പെട്ട കൊക്കൊയ്ക്ക് വിപണിയിൽ വില കുതിച്ചുയരുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട കൃഷികളിലൊന്നായ കൊക്കോ പ്രധാനമായും മലയോരമേഖലയിലെ പ്രധാനപ്പെട്ട കൃഷിയിനമാണ്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന പ്രധാന വിളയായിരുന്ന കൊക്കോ വിലയിൽ ഇടിവ് സംഭവിച്ചതോടെയാണ് പലരും കൃഷിയിൽ നിന്നും അകന്നത്. എന്നാൽ ഇന്ന് മികച്ച സാമ്പത്തികലാഭം ഉണ്ടാക്കിയെടുക്കാനാവുന്ന ഒന്നാണ് ഇപ്പോൾ കൊക്കോ കൃഷി. ഈ വർഷം പച്ച കൊക്കോ ബീൻസിൻ്റെ വില വർഷാവർഷം ഏതാണ്ട് അഞ്ചിരട്ടി വർധിച്ചു, അതേ കാലയളവിൽ ഉണങ്ങിയ കൊക്കോ ബീൻ വില മൂന്നിരട്ടിയിലധികം വർധിച്ചു. കഴിഞ്ഞ വര്‍ഷം കൊക്കോ ഉണക്കബീന്‍സിന് കിലോയ്ക്ക് 180-210 രൂപയായിരുന്നത് ഉയര്‍ന്ന് 800-850 രൂപയായി. ഒരു കിലോ പച്ചബീന്‍സിന് കഴിഞ്ഞവര്‍ഷം 60 രൂപയായിരുന്നെങ്കില്‍ ഇന്നത് 200-250 രൂപയായി. കൊക്കോ മരങ്ങൾ 100 വർഷം വരെ ജീവിക്കുമെങ്കിലും 25 മുതൽ 30 വർഷം വരെയാണ് ഏറ്റവും ഉൽപ്പാദനക്ഷമതയുണ്ടാകുന്നത്. വെള്ളത്തിന്റെ അഭാവം കൊക്കോ മരങ്ങളുടെ വളർച്ചയെ ബാധിക്കുന്ന ഒരു കാര്യമാണ്. വർഷത്തിൽ 1,500 മില്ലീമീറ്ററിനും 2,000 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിക്കുന്നയിടങ്ങളിലാണ് കൊക്കോ നന്നായി വളരുക.
കൊക്കോ ബീൻസ് വിളവെടുപ്പ്
കേരളത്തിൽ തെങ്ങ്, കമുക് തോട്ടങ്ങളിൽ ഇടവിളയായാണ് കൊക്കോ കൃഷി നടത്താറുള്ളത്. ഇത് പ്രധാന വിളയുടെയും കൊക്കോയുടെയും ആദായം വർധിപ്പിക്കും. കൊക്കോ ബീൻസ് അടങ്ങിയ കൊക്കോ കായ്കൾ കൊക്കോ മരത്തിൻ്റെ തടിയിൽ നിന്നും ശാഖകളിൽ നിന്നുമാണ് വളരുന്നത്. വിളവെടുപ്പിൽ മരങ്ങളിൽ നിന്ന് പഴുത്ത കായ്കൾ നീക്കം ചെയ്യുകയും പച്ച കൊക്കോ ബീൻസ് പൊടിനുള്ളിൽ നിന്നും വേർതിരിച്ചെടുക്കുകയും ചെയ്യുന്നു. കായ്കൾ 3 മുതൽ 4 ആഴ്ച വരെ വിളവെടുപ്പിന് അനുയോജ്യമാണ്, അതിനുശേഷം ബീൻസ് മുളയ്ക്കാൻ തുടങ്ങും. അതിനാൽ കായ്കളെല്ലാം ഒരേ സമയം പാകമാകാത്തതിനാൽ കൃത്യമായ ഇടവേളകളിൽ വിളവെടുക്കേണ്ടത് ആവശ്യമാണ്. പൊതുവേ, വിളവെടുത്ത കായ്കൾ ഒന്നിച്ചുകൂട്ടുകയും ബീൻസ് വേർതിരിക്കുകയും ചെയ്യുന്നു. നടീൽ സ്ഥലങ്ങളിൽ കായ്കൾ വേർതിരിക്കുന്നത് കൊക്കോ തൊണ്ടുകൾ കൃഷിസ്ഥലത്തുതന്നെ ഉപേക്ഷിക്കപ്പെടാനും അതുവഴി മണ്ണിലേക്ക് പോഷകങ്ങൾ തിരികെ ലഭിക്കുന്നത്തിനും കാരണമാകും. ഒരു വിള സീസണിൽ, കൊക്കോ മരങ്ങൾ സാധാരണയായി പൂക്കുകയും ആറ് മാസത്തെ രണ്ട് ചക്രങ്ങൾ കൊണ്ട് കായ്കൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോഴത്തെ വിപണി
ലോകത്ത് മറ്റൊരു കാർഷികോൽപന്നത്തിനും ഇത്രയധികം വില വർദ്ധനവ് ഇതേ വർഷത്തിൽ ഉണ്ടായിട്ടില്ല. ലോകത്തിലെ കൊക്കോ ബീൻസിൻ്റെ 70 ശതമാനവും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളായ ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, കാമറൂൺ എന്നിവിടങ്ങളിലാണ്. ലോകത്തിലെ മുഴുവൻ കൊക്കോ ഉല്പാദത്തിൻ്റെയും 50 ശതമാനവും ഐവറി കോസ്റ്റിൽ നിന്നും ഘാനയിൽ നിന്നുമാണ്. എന്നാൽ കൊക്കോയുടെ വില ഉയരാൻ കാരണം ഇവിടങ്ങളിലെ കൊക്കോയുടെ ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ്. പടിഞ്ഞാറൻ ആഫ്രിക്കയിലെ വരണ്ട കാലാവസ്ഥയ്ക്ക് കാരണമായ എൽ നിനോ കാലാവസ്ഥാ പ്രതിഭാസത്തിൻ്റെ ആഘാതമാണ് ഒരു പാരിസ്ഥിതിക പ്രശ്നമായി ഉയർന്നു വന്നിട്ടുള്ളത്. ബ്ലാക്ക് പോഡ് എന്ന രോഗബാധ കൊക്കോ മരങ്ങളെ ബാധിക്കുകയും ഇത് ഘാനയിലെ 5 ലക്ഷം ഹെക്ടർ സ്ഥലത്തെ കൊക്കോ കൃഷി നശിക്കാൻ കാരണമാവുകയും ചെയ്തു. ഐവറി കോസ്റ്റിലെ തുറമുഖങ്ങളിൽ വരവ് 28 ശതമാനവും ഘാനയിൽ അത് 35 ശതമാനവുമായാണ് കുറഞ്ഞിരിക്കുന്നത്.
Share your comments