"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്ന് പറയും പോലെ നാട്ടിൻപുറങ്ങൾ പലതരം പൂക്കളാലും സമൃദ്ധമാണ്. റോസിനെയും ബോഗൻവില്ലയെയും വെല്ലുന്ന രൂപഭംഗിയുള്ള പുഷ്പങ്ങൾ നാട്ടിൻപുറങ്ങളിൽ കാണാം. ഓണകാലത്തു നാട്ടിൻപുറത്തെ ഓരോ വീടും തനി നാടൻ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുമ്പോൾ നഗരങ്ങളിലെ ഓരോ വീട്ടിലെയും പൂക്കളത്തിൽ റോസും മുല്ലയും, ചെണ്ടുമല്ലിയും, ശംഖുപുഷ്പം പോലുള്ള അന്യനാട്ടിൽ നിന്ന് എത്തിയ പുഷ്പങ്ങൾ വിലസുന്നു. ഗ്രാമങ്ങളിലെ പൂക്കളുടെ പേരുകൾ പലർക്കും പരിചിതമല്ലെങ്കിലും പൂക്കളങ്ങൾക്ക് ചാരുതയേകാൻ അത്തരം പുഷ്പങ്ങൾ മാത്രം മതിയാകും. അത്തരത്തിൽ രൂപഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന ഒരു പുഷ്പമാണ് "കൃഷ്ണകിരീടം". നാഗരിക ജീവിതം നയിക്കുന്ന പുതുതലമുറക്ക് കൃഷ്ണകിരീടം അത്രമേൽ പരിചിതമല്ലെങ്കിലും നാട്ടിൻപുറങ്ങളിൽ ഓണകാലത്തു ഈ പൂവിന്റെ പ്രാധാന്യം ഏറുന്നു. ഗ്രാമപ്രദേശങ്ങളിൽ അതിര് അടയാളങ്ങൾ തീർക്കാനാണ് കൃഷ്ണകിരീടം വെച്ച് പിടിപ്പിക്കാറുള്ളതെങ്കിലും ഇന്ന് അതിന്റെ സ്ഥാനം പൂന്തോട്ടങ്ങളിലാണ്. അതിന്റെ ആകർഷണീയത തന്നെയാണ് സ്ഥാനപദവിയിൽ മാറ്റം വരുത്തിയത്.
പലയിടങ്ങളിലും വിവിധതരം നാമങ്ങളിലാണ് കൃഷ്ണകിരീടം അറിയപ്പെടുന്നത്. ഹനുമാൻ കീരീടം, തൊണ്ണൂറാൻ, കവാടിത്തട്ട് , ഓട്ടർമോഹിനി, ആറുമാസച്ചെടി അങ്ങനെ പോവുന്നു പേരുകളുടെ നീണ്ടനിര . ഇന്ത്യയുടെ പല ഭാഗകളിലും ഈ ചെടിയെ നമ്മുക്ക് കാണാൻ സാധിക്കും. ഏഷ്യാഭൂഖണ്ഡത്തിൽ നിന്നാണ് ഈ ചെടിയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു.1767ൽ ആധുനിക ജീവശാസ്ത്രത്തിന്റെ നാമകരണ പിതാവെന്ന് അറിയപ്പെടുന്ന 'കാൾ ലീനിയസ്' ആണ് ഈ പുഷ്പത്തിനെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ഒന്നര മീറ്റർ ഉയരവും നല്ല വിസ്താരമുള്ള ഇലകളുമാണ് ഈ ചെടിയുടെ സവിശേഷത. എല്ലാം പൂക്കളും ഒന്നുചേർന്ന് ഒരു സ്തൂപമാതൃകയാണ് കൃഷ്ണകിരീടപുഷ്പത്തിന് .ചിത്രശലഭകൾ വഴിയാണ് പരാഗണം നടക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രശലഭകളെ ഇഷ്ടപ്പെടുന്നവർ ഈ ചെടി നട്ടുപരിപാലിക്കുന്നത് നല്ലതായിരിക്കും. ഇതിന്റെ ആകർഷണീയത കുട്ടികളെ പോലെതന്നെ മുതിർന്നവരും ഇഷ്ടപ്പെടുന്നു. പേര് പോലെ തന്നെ കൃഷ്‌ണന്റെ കിരീടത്തിനോട് രൂപസാദൃശ്യം ഉണ്ട് ഈ പുഷ്പത്തിന്. കഥകളിയിലും കൃഷ്ണനാട്ടത്തിലും കൃഷ്ണനു പകരം ഹനുമാനെ വേഷം കെട്ടിക്കുമ്പോൾ ഉപയോഗിക്കുന്ന കീരിട മാതൃകയും ഇതുതന്നെയാണ്.
നാട്ടിൻപുറങ്ങളിൽ ഓണത്തപ്പന്റെ നെറുകയിൽ ഈ പുഷ്പമാണ് ചാർത്താറുള്ളത്. കീരീട മാതൃകയിലുള്ള ഏക പുഷ്പമാണ് ഇത്. നാട്ടിൻപുറത്തു ഓണത്തപ്പനെ അണിയിച്ചു ഒരുക്കുന്നതിൽ മുഖ്യ ഘടകമായി ഈ പുഷ്പം മാറാൻ കാരണവും ഇതാണ്.ഈ പുഷ്പം വിരിഞ്ഞു തുടങ്ങി ആറു മാസത്തോളമെടുക്കും പൂവ് പൂർണമായും വിരിയാൻ. ഇത് കൊണ്ടാണ് കൃഷ്ണകിരീടത്തിന് ആറു മാസച്ചെടിയെന്ന വിളിപ്പേര് കൂടി കിട്ടിയത്. കാവടി മാതൃകയുള്ളതു കൊണ്ട് കവാടിപ്പൂവ് എന്നും പലയിടങ്ങളിൽ അറിയപ്പെടുന്നു. ബുദ്ധ ക്ഷേത്രങ്ങളുടെ സ്തൂപ മാതൃകയിലാണ് പുഷ്പം കണ്ടുവരുന്നതിനാൽ പഗോഡയെന്നും വിളിപ്പേരുണ്ട്. മലബാറിൽ ചുവന്ന പഗോഡ പുഷ്പമെന്നാണ് ഇത് അറിയപ്പെടുന്നത്.
തണലുള്ള പ്രദേശങ്ങളിലാണ് ഈ ചെടി കൂടുതലായി കണ്ടുവരുന്നത്. ഈർപ്പമുള്ള മണ്ണാണ് ചെടിയുടെ വളർച്ചക്ക് നല്ലത്. ഋതുഭേദമന്യേ എല്ലാം കാലകളിലും പൂവ് തരുന്ന കൃഷ്ണകിരീടം പോലുള്ള നാടൻ ചെടികൾ കണ്ടെത്തി പൂന്തോട്ടകളിൽ നട്ടുപിടിപ്പിക്കുകയാണ് നാം ആദ്യം ചെയ്യണ്ടത്.കുടുതൽ ചാരുതയുള്ള വിദേശ പുഷ്പകൾ തേടി നാം പോവുമ്പോൾ അറിയാതെ പോവരുത് അതിലും മനോഹരമായ പുഷ്പങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന കാര്യം. ഇത്തരം അന്യം നിന്ന് പോകുന്ന പുഷ്പങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാവേണ്ടത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിത്യപുഷ്പിണി ചെമ്പരത്തി
Share your comments