വാണിജ്യാടിസ്ഥാനത്തിൽ മുല്ലപ്പൂ കൃഷി ചെയ്തു ലാഭം കൊയ്യുന്ന അനവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. കേരളത്തിൽ മുല്ലപ്പൂ കൃഷി ചെയ്യുവാൻ ഏറ്റവും മികച്ച കാലയളവായി കണക്കാക്കുന്നത് ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിൽ ആണ്.
മുല്ലപ്പൂ കൃഷിയിൽ അറിയേണ്ടത്
വെള്ളം കെട്ടി നിൽക്കാത്തതും വളക്കൂറുള്ളതും മണൽ ചേർന്നതുമായ മണ്ണാണ് മുല്ല കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. തൈകൾ നടുവാൻ ചാലുകൾ എടുത്ത് മതിയായ ഉയരത്തിൽ വാരം കോരണം. നല്ലപോലെ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലമാണ് കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. തണൽ വീഴാത്ത തുറസായ സ്ഥലങ്ങളിൽ കൃഷി ചെയ്താൽ മാത്രമേ മികച്ച വിളവ് ലഭ്യമാകുകയുള്ളൂ. കൃഷിയിടം ഉഴുതുമറിച്ച് കളകൾ പൂർണമായും കളഞ്ഞു കൃഷി ആരംഭിക്കാം. നടീൽ വസ്തുവായി തെരഞ്ഞെടുക്കുന്നത് വേരുപിടിപ്പിച്ചതോ അല്ലാത്തതോ ആയ മൂത്ത തണ്ടുകളാണ്. തണ്ടുകളിൽ നിന്ന് ഇലകൾ നീക്കി ചുവടുമാറ്റം ഹോർമോൺ പുരട്ടി വേരുപിടിപ്പിക്കാൻ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ ആദ്യം നടണം. വേര് പിടിച്ചതിനു ശേഷം ഇത് മണ്ണിലേക്ക് മാറ്റി നടാവുന്നതാണ്. മണ്ണിലേക്ക് നടുവാൻ കർഷകർ ജൂൺ- ജൂലൈ മാസങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. ഏകദേശം ചെടികൾ നട്ടു 100 ദിവസം പ്രായമാകുമ്പോൾ വേരോടെ ഇളക്കി കിളച്ചൊരുക്കിയ സ്ഥലത്തേക്ക് മാറ്റി നടാം. മുല്ലപ്പൂവ് കൃഷിയിൽ നല്ല വിളവ് ലഭ്യമാകാൻ ജീവാമൃതവും, മീൻ വളവും നൽകുന്നതാണ് ഉത്തമം.
ജീവാമൃതം തയ്യാറാക്കി ഒരുദിവസം പുളിപ്പിച്ചതിനുശേഷം ഒരു ചുവടിന് ഒരു ലിറ്റർ മിശ്രിതം എന്ന തോതിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത് പ്രയോഗിക്കുമ്പോൾ രാസ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കരുത്. ജീവാമൃതം പോലെ തന്നെ പരമാവധി വിളവിന് ഉപയോഗിക്കുന്നതാണ് മീൻവളം. മത്തിയും ശർക്കരയും തുല്യ അളവിൽ എടുത്ത് തയ്യാറാക്കുന്ന മീൻവളം 20 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് ചെടിച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.ഇതുകൂടാതെ മുല്ലപ്പൂ കൃഷിയിൽ പ്രധാനപ്പെട്ടതാണ് കൊമ്പുകോതൽ.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടുമുറ്റത്ത് മുല്ലപ്പൂ വസന്തമൊരുക്കാം…
സുഗന്ധ റാണിയായ മുല്ലപ്പൂ എങ്ങനെ കൃഷി ചെയ്യാം
പൂക്കൾ ധാരാളമായി ഉണ്ടാകുവാൻ ആരോഗ്യമില്ലാത്ത ശിഖരങ്ങൾ നീക്കി കളയണം. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് കൂടുതൽ പൂക്കൾ ഉണ്ടാകുന്നത് ഈ കാലയളവിൽ നല്ല രീതിയിൽ നന പ്രയോഗം നടത്തണം. പൂക്കളേക്കാൾ മുട്ടുകൾക്ക് ആണ് വിപണിയിൽ ഡിമാൻഡ് കൂടുതൽ. ചെടി നട്ട് ആദ്യം ഉണ്ടാകുന്ന പൂക്കൾ പറിച്ച് കളയാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ മാത്രമാണ് ശരിയായ വളർച്ചയും പൂവിടലും സാധ്യമാവുകയുള്ളൂ. വിളവെടുപ്പ് കാലത്ത് രാവിലെതന്നെ പൂക്കൾ പറിക്കണം. ഒരുവർഷം ഒരേക്കറിൽനിന്ന് 1500 കിലോ വരെ പൂക്കൾ ലഭ്യമാകുന്നു.
Share your comments