വിവാഹത്തിനും മറ്റു പല ആഘോഷങ്ങള്‍ക്കും മുല്ലപൂവിൻറെ സാന്നിധ്യം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. മുല്ലപ്പൂ സ്ത്രീയ്ക്ക് അലങ്കാരമാണ്. ഇത് മുടിക്കെട്ടിനും അതിലൂടെ സ്ത്രീയ്ക്കും സൗന്ദര്യവും സുഗന്ധവും നൽകുന്നു. സൗന്ദര്യത്തിനും സുഗന്ധത്തിനും മാത്രമല്ല മുല്ലപ്പൂ ചര്‍മ്മത്തിനും മുടിയ്ക്കുമെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നുമുണ്ട്. വീട്ടുമുറ്റത്തും തോട്ടങ്ങളിലും വളരുന്ന മുല്ലപ്പൂവ് അല്പം ശ്രദ്ധിച്ചാൽ ആർക്കും സ്വന്തം വീട്ടിൽ വളർത്താം. ആവശ്യത്തിന് മുല്ലപ്പൂക്കൾ പറിക്കുകയുമാവാം.
ബന്ധപ്പെട്ട വാർത്തകൾ: മുല്ല കൃഷി ചെയ്‌ത് പണം സമ്പാദിക്കാം
കൃഷിരീതി
കമ്പ് മുറിച്ചു നടുന്നതാണ് എളുപ്പമെങ്കിലും, വേരു പിടിപ്പിച്ചോ പതിവെച്ചോ ആണ് സാധാരണയായി മുല്ലയുടെ തൈകൾ തയ്യാറാക്കുന്നത്. കമ്പ് മുറിച്ചു നടുന്ന രീതി മഴക്കാലത്താണ് ചെയ്യേണ്ടത്. മഴ ലഭിക്കുന്ന മാസങ്ങളിലാണ് പതിവെയ്ക്കാവുന്നതും. വീട്ടുമുറ്റത്തും തോട്ടങ്ങളിലും മുല്ലച്ചെടി വളർത്താം. നല്ല നീർവാർച്ചയുള്ള പശിമയുള്ള മണ്ണാണ് മുല്ലച്ചെടിക്ക് അനുയോജ്യം. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പശിമയുള്ളതാണെങ്കിലും കളിമണ്ണ് കലർന്ന മണ്ണ് അനുയോജ്യമല്ല.
നന്നായി ഉഴുത കൃഷിയിടത്തിലോ നല്ലവണ്ണം മണ്ണിളക്കിയ ചട്ടികളിലോ വേരു വന്ന തൈകൾ നടാം. പറമ്പിലാണെങ്കിൽ ഒന്നരയടി നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുത്ത് ആറടി അകലത്തിൽ ചെടികൾ വെക്കുന്നതാണു നല്ലത്. നല്ല സൂര്യപ്രകാശമുള്ളയിടത്തു വളരുന്ന ചെടികളിൽ തണലിൽ വളരുന്നവയേക്കാൾ കൂടുതൽ മൊട്ടുകൾ ഉണ്ടാവും.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ നടാം മുല്ല
ചട്ടിയിൽ വളർത്തുന്ന വിധം
മണ്ണും മണലും ചാണകപ്പൊടിയും തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന മിശ്രിതം ചട്ടിയിലോ ചാക്കിലോ നിറയ്ക്കണം. എന്നിട്ട് ഓരോ ചട്ടിയിലും നൂറുഗ്രാം കുമ്മായവും അൻപത് ഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായി യോജിപ്പിച്ച് മൂന്നു ദിവസമെങ്കിലും നനച്ചതിനു ശേഷമേ വേരുപിടിപ്പിച്ച തൈകൾ നടാവൂ. ചെടി നട്ട് ആറുമാസത്തിനകം തന്നെ വിളവെടുക്കാൻ കഴിയും. പൂവല്ല, നല്ലവണ്ണം വികസിച്ച മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. ചെടിനട്ട് ആദ്യം ഉണ്ടാവുന്ന മൊട്ടുകൾ നുള്ളി നശിപ്പിച്ചാൽ ചെടിയുടെ വളർച്ച വേഗത്തിലാവുകയും കൂടുതൽ മൊട്ടുകളുണ്ടാവുകയും ചെയ്യും. ഏകദേശം പതിനഞ്ചു വർഷത്തോളം ഒരു ചെടിയിൽ പൂക്കളുണ്ടാവും.
ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മ ഉള്ള വേപ്പിൻ പിണ്ണാക്ക് നോക്കി വാങ്ങിക്കാം
സാധാരണയായി ജൈവ കീടനാശിനിയായ വേപ്പെണ്ണ മിശ്രിതം തളിച്ചാൽ ഒരു വിധം രോഗ കീട ബാധകളിൽ നിന്ന് മുല്ലപ്പൂവിനെ രക്ഷിക്കാം. വളർച്ചയെത്തിയ ഒരു ചെടിയിൽനിന്ന് ഒരു വർഷം ഒരു കിലോഗ്രാം പൂക്കൾ ലഭിക്കും. മുന്നു മൊട്ടുകൾക്ക് ശരാശരി ഒരു ഗ്രാമാണ് ഭാരം. കുറ്റി മുല്ലയിൽ നിന്ന് എല്ലാ മാസങ്ങളിലും പൂക്കൾ ലഭിക്കും. തണുപ്പുകാലത്തും (നവംബർ-ഡിസംബർ മാസങ്ങളിൽ) മഴക്കാലത്തും (ജൂൺ-ജൂലൈ മാസങ്ങളിൽ) പൂക്കൾ കുറവായിരിക്കും. പൂക്കളുടെ ആവശ്യകതയനുസരിച്ചാണ് അവ പറിക്കുന്ന സമയം നിശ്ചയിക്കേണ്ടത്. മാല കെട്ടാനും തലയിൽ ചൂടാനുമാണെങ്കിൽ മൊട്ടായിട്ടാണ് വേണ്ടത്. അതിനാൽ വിരിയാത്ത മൊട്ടുകൾ, വിരിയുന്നതിന് തൊട്ടുമുമ്പ്, തലേ ദിവസം രാവിലെ തന്നെ പറിച്ചെടുക്കണം.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments