അലങ്കാര ചെടികൾ വീടിനുള്ളിൽ വയ്ക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അലങ്കാരത്തിന് പുറമെ വീടിനുള്ളിൽ ശുദ്ധവായു ലഭിക്കാനും പോസിറ്റിവ് എനർജി നൽകാനും ഇൻഡോർ ചെടികൾ സഹായിക്കുന്നു.
കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടികളാണ് എല്ലാവരും വളർത്താൻ ഇഷ്ടപ്പെടുന്നത്. എന്നാൽ, ഇൻഡോർ ചെടികൾ വളർത്തുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഇൻഡോർ ചെടികൾ വിഷ സ്വഭാവമുള്ളവയാണ്. കുട്ടികളുള്ള വീടുകളിൽ വളരെ സൂക്ഷിച്ച് വേണം ഇത്തരം ചെടികൾ വളർത്താൻ. ചെടിയുടെ ഇലകൾ കുട്ടികൾ കടിക്കാനും വിഴുങ്ങാനും ഇടയുള്ളതിനാൽ കുട്ടികൾക്ക് കയ്യെത്തി പിടിക്കാൻ പറ്റാത്ത ഇടങ്ങളിൽ ഇവ വയ്ക്കുക.
തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ വളർത്തതാണ് പറ്റിയ ചില ഇൻഡോർ പ്ലാന്റുകൾ പരിചയപ്പെടാം.
1. സാൻസവേരിയ: വളരെ എളുപ്പത്തിൽ, കുറഞ്ഞ പരിചരണം നൽകി വീടിനുള്ളിൽ വളർത്താൻ സാധിക്കുന്ന ഒരു അലങ്കാര ചെടിയാണ് സാൻസവേരിയ. വിവിധ ഇനത്തിൽപ്പെട്ട സാൻസവേരിയ ചെടികൾ നഴ്സ്സറികളിൽ ലഭ്യമാണ്. സ്നേക്ക് പ്ലാന്റ് എന്നാണ് ഇതിന്റെ മറ്റൊരു പേര്. വായു ശുദ്ധമാക്കാൻ സഹായിക്കുന്ന ഒരു അലങ്കാര സസ്യമാണ് ഇത്. വീടിനുള്ളിൽ പോസിറ്റിവ് എനർജി നിറയ്ക്കുമെന്നു മാത്രമല്ല ചൂട് കുറയ്ക്കുകയും ചെയ്യുന്നു. നീളൻ ഇലകൾ ഉള്ളതിനാൽ മദർ ഇൻലോസ് ടംഗ് എന്ന പേരുമുണ്ട് ഈ ചെടിയ്ക്ക്.
2. മണി പ്ലാന്റ്: ഒരുപാട് വെറൈറ്റികളിൽ ലഭ്യമായ ഒരു ഇൻഡോർ ചെടിയാണ് മണി പ്ലാന്റ്. വളരെ എളുപ്പത്തിൽ പടർത്തി വിടാൻ പറ്റുന്ന ഈ ചെടി കുറഞ്ഞ വെളിച്ചം ഉള്ള ഇടങ്ങളിൽ വളരും. വളരെ വേഗം വളരുന്ന ഇതിന്റെ കമ്പുകൾ മുറിച്ച നട്ടാൽ ഒരുപാടു തൈകൾ ലഭിക്കും. എല്ലാ ചെടികൾക്കും സാധാരണയായി നൽകുന്ന പ്രോട്ടീൻ മിക്സ് നൽകിയാൽ മതിയാകും. വെള്ളം കെട്ടി കിടക്കാത്ത ചട്ടികളിൽ വേണം ഇവ വളർത്താൻ.
3. സിസി പ്ലാന്റ്: ബെഡ്‌റൂമിലും ഊണുമുറിയിലും അലങ്കാരം നല്കാൻ വളരെ മികച്ച ഒന്നാണ് സിസി പ്ലാന്റ്. രണ്ടു- മൂന്നു ആഴ്ച വരെ നനച്ചില്ലെങ്കിലും ആവശ്യമായ വെള്ളം ശേഖരിക്കുന്ന ഒരു ചെടിയാണ് . ഇത്. അതിജീവന ശേഷിയുള്ള ഈ ചെടി ആവശ്യമായ വെള്ളം റിസെമസിൽ ശേഖരിച്ച് വെള്ളം ആവശ്യമായ സമയങ്ങളിൽ സ്വയം വലിച്ചെടുത്ത് ജീവിക്കും.
4. സ്പൈഡർ ചെടി: നീളൻ ഇലകളുള്ള ഈ ചെടി വിവിധ തരത്തിൽ നസസറികളിലും മറ്റും ലഭ്യമാണ്. വളരെ ആകർഷകമായ ഈ ചെടിയിൽ സൂര്യപ്രകാശം നേരിട്ട് ഏൽപ്പിക്കരുത്. ക്ളോറോഫൈറ്റം കൊമോസം എന്നാണ് ഇതിന്റെ മറ്റൊരു പേര്. യാതൊരു പരിചയവുമില്ലാത്ത തുടക്കക്കാർക്ക് പൂന്തോട്ടമുണ്ടാക്കി വളർത്താൻ കഴിയുന്ന ഈ ചെടിയ്ക്ക് നൽകുന്ന വളം കുറഞ്ഞാൽ പ്രശ്നമില്ല. എന്നാൽ, അവ കൂടുതലായാൽ അത് ചെടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും.
5. പീസ് ലില്ലി: പൂവിടുന്ന ചെടി വളർത്താൻ ആഗ്രഹമുള്ളവർക്ക് വീടിനുള്ളിൽ വളർത്താൻ പറ്റിയ ഒരു ചെടിയാണ് പീസ് ലില്ലി. ആഴ്ചയിൽ ഒരിക്കൽ മൂന്നു മണിക്കൂർ സൂര്യ പ്രകാശം ഏൽപ്പിച്ചാൽ മതിയാകും. കൂടുതൽ പരിചരണം ആവശ്യമില്ലാത്ത ഈ ചെടിയ്ക്ക് NPK മിക്സ് നൽകുന്നത് വളരെ നല്ലതാണ്. വീടിനുള്ളിൽ പോസിറ്റിവ് എനർജി തരാൻ കഴിയുമെന്നതാണ് ഈ ചെടികളുടെ പ്രത്യേകത. ഓഫീസ് മുറികളിലും വീടുകളിലും വളർത്താവുന്ന ഈ ചെടി ചേമ്പിന്റെ വർഗ്ഗത്തിൽപ്പെട്ടതാണ്. അശുദ്ധ വായു ശുദ്ധീകരിക്കാൻ കഴിവുള്ള ഒരു സസ്യം കൂടിയാണ് ഇത്.
6. അലോവേര: സാധാരണം അലോവേരകളും ഹൈ ബ്രിഡ് അലോവേരകളും വീടിനുള്ളിൽ വളർത്താം. ഇടയ്ക്കിടെ സൂര്യപ്രകാശം ഏൽപ്പിക്കുക. ഇലകളിലും തണ്ടുകളിലും വെള്ളം ശേഖരിക്കുന്ന സെക്കൻഡ് ഫാമിലിയിൽ ഉള്ള ഒരു ചെടിയായതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രതലങ്ങളിൽ വളർത്താതെ ശ്രദ്ധിക്കുക. മൂന്നാലാഴ്ച വെള്ളമൊഴിച്ചില്ലെങ്കിലും ജീവിക്കുന്ന ഈ ചെടിയ്ക്ക് നൈട്രജൻ അടങ്ങിയ വളങ്ങൾ നൽകുന്നത് നല്ലതാണ്.
Share your comments