വലിയ രീതിയിൽ പരിചരണം ഒന്നുമില്ലാതെ, വീട്ടുമുറ്റത്തും പറമ്പിലും ധാരാളം കാണാവുന്ന ചെടിയാണ് ഉഷമലരി. ചിലപ്പോൾ ഈ പേര് പറഞ്ഞാൽ മിക്കയുള്ളവർക്കും വലിയ പരിചയം തോന്നണമെന്നില്ല. എന്നാൽ, ശവനാറി, ശ്മശാനപ്പൂച്ചെടി, നിത്യകല്യാണി എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ പേരുകൾ കേട്ടാൽ പലർക്കും മനസിലാകും. വരണ്ട കാലാവസ്ഥയിലും ഉഷമലരി നന്നായി വളരും. തമിഴ്നാട്ടിൽ ഉഷമലരി ചെടികൾ വലിയ രീതിയിൽ കൃഷി ചെയ്യുന്നുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ:ഔഷധസസ്യ ഉദ്യാനങ്ങൾ ഒരുക്കി ആയുഷ് ഡിസ്പെൻസറികൾ
അപ്പോസൈനേസീ എന്ന സസ്യകുലത്തിലെ അംഗമാണിത്. 'വിന്‍ക റോസിയ' എന്നാണ് ഇംഗ്ലീഷിൽ ഇത് അറിയപ്പെടുന്നത്. മൃദുസ്വഭാവമുളള ധാരാളം കൊച്ചു ശിഖരങ്ങള്‍ തറനിരപ്പില്‍ നിന്ന് പൊട്ടിമുളച്ച് പടര്‍ന്ന് നിൽക്കുന്ന രീതിയിലാണ് ഈ ചെടി വളരുന്നത്. ചെടികള്‍ അടുത്ത് അടുത്തായി നട്ടാല്‍ പല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ് ഉദ്യാനമാക്കി ഒരുക്കാം.
നിറങ്ങളിലെ വൈവിധ്യത്താൽ കാണാൻ മാത്രമല്ല, മരുന്നിന് വേണ്ടിയും ഇവ മികച്ച രീതിയിൽ പ്രയോജനപ്പെടും. കോട്ടക്കൽ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവ മരുന്നിനായി ഉപയോഗിക്കാറുണ്ട്.
ഇതിന്റെ വൈവിധ്യമാർന്ന ഔഷധ ഗുണങ്ങളെപ്പറ്റി പഠനങ്ങൾ നടന്നു വരികയാണ്. ഉഷമലരി എങ്ങനെയൊക്കെ ആരോഗ്യത്തിനും രോഗശമനത്തിനും പ്രയോജനകരമാണെന്നത് നോക്കാം.
വെസ്റ്റ് ഇൻഡീസ് ആണ് ഉഷമലരിയുടെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ഉഷമലരിയുടെ നിറങ്ങളെ അടിസ്ഥാനമാക്കി ചുവപ്പ് ഉഷമലരി, വെള്ള ഉഷമലരി എന്നിങ്ങ വേർതിരിക്കാം.
ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വിഷത്തെ ഇല്ലാതാക്കാനും ഇവ സഹായിക്കും. അതുപോലെ ഉറക്കം ഉണ്ടാക്കുന്നതിനുമുള്ള രാസവസ്തുക്കളും ഉഷമലരി ചെടിയുടെ വേരുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നുണ്ട്. അജ്‌മാലിസിൻ, സെർപ്പന്റയിൻ, റിസർപ്പിൻ, വിൻഡോലിൻ, വിൻക്കോബ്ലാസ്റ്റിൻ എന്നീ ആൽക്കലോയിഡുകളും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്.
മാരക രോഗങ്ങളായ രക്താർബുദം, ട്യൂമർ അർബുദാവസ്ഥകൾ എന്നിവയ്ക്കും ശാശ്വതപരിഹാരം നൽകാൻ കഴിയുന്ന ഘടകങ്ങൾ ഉഷമലരി ചെടിയിൽ അടങ്ങിയിട്ടുണ്ട്.
തേൾ വിഷത്തിന്
ഉഷമലരിയുടെ വേരുകൾ അരച്ചിട്ട് വേദന ശമനിയായി ഉപയോഗിക്കാം. കടന്നല്‍, തേൾ കുത്തുമ്പോഴുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും നേത്രരോഗങ്ങൾക്കും ആയുർവേദത്തിൽ ഇവ ഉപയോഗിച്ചിരുന്നു. രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം കുറയ്ക്കാമെന്നതും ഇതിന്റെ മറ്റൊരു സവിശേഷ ഗുണമാണ്.
അർബുദത്തിന് പ്രതിവിധിയായുള്ള വിൻക്രിസ്റ്റിനും, വിൻബ്ലാസ്റ്റിനും ഉഷമലരിയിൽ നിന്നും വേർതിരിച്ചെടുത്ത ഔഷധങ്ങളാണ്. ഉഷമലരിയുടെ ഇലകളും ഔഷധമേന്മയുള്ളവയാണ്. ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് കുടിച്ചാൽ പ്രമേഹം കുറയാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
തൈ ഉൽപാദനം
ഉഷമലരിയുടെ കായ്കളിലെ വിത്ത് തറയിൽ വീണ് പൊട്ടിമുളച്ചാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്. ഇവ പിഴുതുമാറ്റിയും കമ്പ് മുറിച്ച് നട്ടും ചെടി വളര്‍ത്താം. ജൈവവളങ്ങളും സ്ഥിരമായ നനയും ഈ ചെടിയുടെ കരുത്തുളള വളര്‍ച്ചയ്ക്ക് അത്യവശ്യമാണ്.
Share your comments