കുളങ്ങളിലും മറ്റും വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു ചെടിയാണ് ആമ്പൽ. നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിലാണ്. ഇവ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങൾ ചുവപ്പ്, മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു. ഇവ പകലാണ് വിരിയുന്നത് എന്നതിനാൽ കൂടുതലായും ഉദ്യാനങ്ങളിൽ വളർത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പൽ ഇനങ്ങൾ ലഭ്യമാണ്.
ആമ്പൽ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്. കേരളത്തിൽ സംഘകാലകൃതികളിലെ നെയ്തൽ തിണകളിലെ പുഷ്പം എന്ന നിലയിൽ തന്നെ പ്രാചീനകാലം മുതൽക്കേ ആമ്പൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു.
നാട്ടിലെ കുളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ആമ്പൽപ്പൂക്കൾ ഇപ്പോൾ വീടിന് മുന്നിലെ പൂന്തോട്ടത്തിലെ ഒരലങ്കാരമാണ്. വെള്ളത്തിൽ വളരുന്ന ഈ ഉദ്യാന സസ്യത്തിൽ ചുവപ്പ്, വെള്ള, റോസ്, പിങ്ക്, നീല എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പൂക്കൾ തരുന്ന നിരവധി ഇനങ്ങളുണ്ട്. നിംഫേസിയേസേ കുടുംബത്തിൽപ്പെട്ട ആമ്പൽ നിംഫിയ ജെനുസിൽപ്പെടുന്നു.
സാധാരണ ആമ്പൽ 2-3 അടി വരെ ആഴമുള്ള വെള്ളത്തിൽ വളരുന്നവയാണ്. എന്നാൽ മിനിയേച്ചർ ഇനങ്ങൾക്ക് 30 cm വെള്ളം മതിയാകും. നിംഫിയ ലോട്ടസിന്റെ പൂക്കൾ വലുതും വെളുപ്പും നിറമുള്ളതാണ്. നിംഫിയ പ്യൂബിസെൻസിന്റേത് ചെറിയ പൂക്കളാണ്. സങ്കരയിനങ്ങളുമുണ്ട്. കേരളത്തിൽ കണ്ടുവരുന്ന ഇനങ്ങൾ കടും ചുവപ്പ് നിറത്തിലുള്ള റെഡ് വാട്ടർ ലില്ലി, വെളുത്തപൂക്കൾ ഉണ്ടാകുന്ന യൂറോപ്യൻ വൈറ്റ് വാട്ടർ ലില്ലി, ലോട്ടസ് ഒഫ് ഈജിപ്റ്റിക്കം, നീല പൂക്കൾ തരുന്ന ബ്ളൂ വാട്ടർ ലില്ലി, ജയന്റ് വാട്ടർ ലില്ലി എന്നിവയാണ്.
കിഴങ്ങുവഴിയാണ് വംശവർദ്ധനവ്. പൂക്കളുടെ ലോകത്ത് ആമ്പൽപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. വീട്ടുമുറ്റത്തു മാത്രമല്ല പാർക്കുകളിലും വൻകിട ഹോട്ടലുകളിലും വിദ്യാലയങ്ങളിലും ഒക്കെ ആമ്പൽക്കുളം ഇന്ന് സർവസാധാരണമായിക്കഴിഞ്ഞു.
Share your comments