
വരുമാനം ഏറെ ലഭിക്കാൻ സാധ്യതയുള്ള വിളയാണ് തെങ്ങ് കൃഷി. നല്ല സൂര്യപ്രകാശം ആവശ്യമുള്ള വിളയാണിത്. അതിനാൽ തെങ്ങിൻ തോപ്പ് നിർമ്മിക്കുകയാണെങ്കിൽ അടുത്ത് വേറെ വൃക്ഷങ്ങളൊന്നും വെച്ചുപിടിപ്പിക്കരുത്. കൃത്യമായ അകലം പാലിച്ചു വേണം തൈ നടാൻ. അല്ലെങ്കിൽ അത് വളർച്ചയേയും വിളയെയും ബാധിക്കുന്നതിലുപരി ഉദ്ദേശിച്ച പോലുള്ള ഇടകൃഷി ചെയ്യാനും പ്രയാസം നേരിടാം. ഇങ്ങനെയുള്ള ചില പരിപാലനങ്ങൾ ശ്രദ്ധിച്ചാൽ നല്ല വരുമാനം നേടാം. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും പ്രയോജനപ്പെടുത്താം എന്നതാണ് കേരകർഷകർക്ക് ആശ്വാസകരമായ സംഗതി.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിൽ ലാഭം നേടി തരുവാൻ മികച്ച വഴി അടിതൈ വയ്ക്കൽ അഥവാ ആവർത്തന കൃഷി
* ചെറിയ മുതൽമുടക്കിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാനായാൽ തെങ്ങ് ഒരിക്കലും നഷ്ടക്കച്ചവടമാവില്ല. ഉല്പന്നങ്ങളുടെ മികവു നോക്കിയാൽ തേങ്ങ, ഇളനീർ, തേങ്ങാവെള്ളം, തേങ്ങാപ്പാൽ, കൊപ്ര, വെളിച്ചെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവയെല്ലാം വിപണി മൂല്യം ഉള്ളവയാണ്. ഇതിനു പുറമെ നീര, കള്ള്, കോക്കനട്ട് ബട്ടർ, കോക്കനട്ട് ക്രീം എന്നിവയും ഉണ്ടാക്കാം. എല്ലാം ഒരേ കൃഷിയിടത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് പകരം ചെറിയ ചെറിയ കർഷക കൂട്ടായ്മ രൂപീകരിച്ച് ഏതെങ്കിലും ഒരു ഉല്പന്നം അവിടെ നിർമ്മിക്കുകയോ ശാസ്ത്രീയമായി സംസ്കരിക്കുകയോ ചെയ്യുന്ന രീതി അവലംബിക്കുന്നതാണ് ലാഭം കൂടുതൽ നേടാൻ സഹായിക്കുക. പല ഉല്പന്നങ്ങളും പല കർഷകരുടെ കൃഷിയിടത്തിൽ നിന്ന് സംസ്കരിക്കുന്ന രീതി വന്നാൽ കൃഷിയിടത്തിൽനിന്നുള്ള മാലിന്യങ്ങളുടെ അളവു കുറയ്ക്കാനും സംസ്കരണം എളുപ്പമാക്കാനും കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്താൽ ഈ നേട്ടങ്ങൾ ലഭ്യമാക്കാം!
* ലക്ഷദ്വീപിൽ സുലഭമായി ലഭിക്കുന്ന രുചികരമായ കോക്കനട്ട് ഹൽവ നിർമ്മാണം കേരളത്തിലും ആരംഭിക്കാം. ഇതിനാവട്ടെ കാര്യമായ മുതൽമുടക്കുമില്ല. കർഷകരുടെ വീടുകളിൽ തന്നെ തയ്യാറാക്കാം. വിപണിയിൽ ഡിമാൻഡുമുണ്ട്.
* തെങ്ങിൻ ചക്കരയ്ക്കും വിപണി മൂല്യവും ആരോഗ്യമൂല്യവും ഉണ്ട്. ചിരകിയ തേങ്ങ പായ്കറ്റുകളിലാക്കി സൂപ്പർമാർക്കറ്റുകൾ വഴി വിപണനം ചെയ്യാം. ഇതിനായി തൊട്ടടുത്ത കച്ചവട കേന്ദ്രങ്ങളുമായി ധാരണ ഉണ്ടാക്കിയാൽ മതി. ഇതാവുമ്പോൾ, തേങ്ങയുടെ തൊണ്ട്, ചകിരി, ചിരട്ട എന്നിവയും വേറെ വേറെ വില്പന നടത്താം.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
* കൊച്ചിയിൽ ആക്ടിവേറ്റഡ് കാർബൺ ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ മുഖ്യ അസംസ്കൃത വസ്തു ചിരട്ടയാണ്. ചിരട്ടയിൽനിന്ന് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയോ പുനരുപയോഗിക്കാവുന്ന പ്രകൃതിദത്ത കട്ട്ലെറി നിർമ്മിക്കുകയോ ചെയ്യാം.
* മിക്ക നഴ്സറികളിലും ചെടി വളർത്താനും പാകമാകുന്നതുവരെ സൂക്ഷിക്കാനും അടിസ്ഥാനമായി ഉപയോഗിക്കുന്നത് ചകിരിച്ചോറാണ്.
* കൊതുമ്പ്, മടൽ, ഓല എന്നിവ വിറകായും തെങ്ങോല, മേച്ചിൽ ആവശ്യത്തിനും ഉപയോഗിക്കാം. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന കോട്ടേജുകളിൽ പലതിനും തെങ്ങോലയാണ് മേച്ചിലിന് ഉപയോഗിച്ചിരിക്കുന്നത്.
തേങ്ങ മാത്രം ഉപയോഗിക്കുക എന്ന പരമ്പരാഗത രീതിയിൽനിന്ന് മാറി ചിന്തിച്ചാൽ വലിയ മുതൽ മുടക്കില്ലാതെ തന്നെ തെങ്ങിൽ നിന്ന് കൂടുതൽ ആദായം ഉണ്ടാക്കാൻ കഴിയും. തെങ്ങ് കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം മാത്രമല്ല, കല്പവൃക്ഷം കൂടിയാണെന്നത് ബോദ്ധ്യമാവുകയും ചെയ്യും.
Share your comments