പേരിലെ മിറാക്കിള്‍ പോലെ തന്നെ ഒരു അത്ഭുത പഴമാണ് മിറാക്കിള്‍ ഫ്രൂട്ട്. പാകമായി വരുമ്പോള്‍ നല്ല ചുവന്ന നിറത്തില്‍ കാണപ്പടുന്ന ഈ പഴം സമീപകാലത്താണ് നമ്മുടെ നാട്ടില്‍ അതിഥിയായി എത്തിയത്. ഒരു ആഫ്രിക്കന്‍ പഴച്ചെടിയാണിത്. ഈ സസ്യത്തിന്റെ പഴം കഴിച്ചാല്‍ പിന്നെ രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് എന്ത് ഭക്ഷണം കഴിച്ചാലും പിന്നെ മധുരമായി തോന്നുമെന്നുള്ളതാണ് പ്രത്യേകത. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 18-ാം നൂറ്റാണ്ടു മുതല്‍ക്കേ ഇവ ഉപയോഗിച്ചിരുന്നതായിട്ടാണ് ചരിത്രം പറയുന്നത്. ഇതിനെ പറ്റി യൂറോപ്യന്‍ സഞ്ചാരി ഷെവലിയര്‍ ദ മാര്‍കിസ് എഴുതിയിട്ടുമുണ്ട്. മിറാക്കിള്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന 'മിറാക്കുലിന്‍' എന്ന പ്രോട്ടീന്‍ ഘടകമാണ് നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തി പുളി, കയ്പ് രുചികള്‍ക്കു പകരം താത്കാലികമായി മധുരം തരുന്നത്. 'സപ്പോട്ടേസിയ' സസ്യകുടുംബത്തില്‍ നിന്നാണ് ഈ അത്ഭുത പഴത്തിന്റെ വരവ്. ഈ ചെടിയുടെ ശാസ്ത്രനാമം സിന്‍സെപാലം ഡള്‍സിഫൈക്കം (Synsepalum dulcificum ) എന്നാണ്. സ്വീറ്റ് ബെറിയെന്ന പേരിലും ഇത് അറിയപ്പെടുന്നു.
ഒരാള്‍ പൊക്കത്തില്‍ അതായത് പത്തടി പൊക്കത്തില്‍ വരെ ഇവ വളരാറുണ്ട്. മിറാക്കിള്‍ ഫ്രൂട്ട് പുഷ്പ്പിക്കാന്‍ മൂന്ന് അല്ലെങ്കില്‍ നാല് വര്‍ഷമെങ്കിലും എടുക്കും. ഒരു പഴത്തില്‍ സാധാരണ ഒരു വിത്ത് മാത്രമേ ഉണ്ടാകാറുള്ളു. കമ്പ് നട്ടും വിത്ത് വഴിയും സസ്യം വളര്‍ത്തിയെടുക്കാം.
വേനല്‍ക്കാലമാണ് പഴക്കാലം. ചെടിച്ചട്ടികളില്‍ ഇന്‍ഡോര്‍ പ്ലാന്റ് ആയി വേണമെങ്കില്‍ പോലും വളര്‍ത്താം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത, അതിനു കാരണം ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും എന്നതാണ്. മനോഹരമായ ഇലച്ചാര്‍ത്തോടുകൂടി ഈ നിത്യഹരിത ചെടി ഉദ്യാനച്ചെടിയാക്കാനും ഏറ്റവും യോജിച്ചതാണ്. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കള്‍ക്ക് നേരിയ സുഗന്ധവുമുണ്ട്.
ഇതിന്റെ വിത്തൊഴിച്ചുള്ള പുറം ഭാഗമാണ് ഭഷ്യ യോഗ്യമായത്. ഇതിലുള്ള മിറാക്കുലിന്‍ എന്ന രാസപദാര്‍ഥം പഞ്ചസാരയ്ക്ക് തുല്യമായ മധുരം നല്‍കുന്നു. എന്നാല്‍, പഞ്ചസാര കഴിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളൊന്നും ഇത് കഴിക്കുന്നത് വഴി ഉണ്ടാകുകയുമില്ല എന്നതാണ് ശ്രദ്ധേയം. കാരണം, ഇതൊരു ഗ്ലായിക്കോ പ്രോട്ടീന്‍ (Glyco protein) ആണ്.
അര്‍ബുദ രോഗ ചികിത്സയില്‍ തെറാപ്പിക്ക് വിധേയരായവര്‍ക്ക് നാവിന്റെ രുചി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതല്‍ ആണ്. അങ്ങനെ ഉള്ളവര്‍ക്ക് ഭക്ഷണത്തിന്റെ രുചി തിരിച്ചു കിട്ടാന്‍ മിറക്കിള്‍ ഫ്രൂട്ട് സഹായിക്കും. ജപ്പാനില്‍ പ്രമേഹ രോഗികള്‍ക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവര്‍ക്കിടയിലും ജനകീയമാണ് ഈ ഫലം. മധുരപലഹാരങ്ങളിലും മിറാക്കിള്‍ ഫ്രൂട്ട് ഉപയോഗിച്ചുവരുന്നു.
ബന്ധപ്പെട്ട വാർത്തകൾ
മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?
ശരീരത്തിന് പെർഫ്യൂമിൻറെ ഗന്ധം തരും വിദേശ പഴ ചെടികൾ വളർത്തി കിരൺ
Share your comments