
ഔഷധഗുണവും പോഷകഗുണവുമുള്ളതിനാല്‍ വിവിധ വിഭവങ്ങളിലും ജ്യൂസുകളിലും ചെറുനാരങ്ങ ഉപയോഗിക്കുന്നുണ്ട്. ചെറുനാരങ്ങയിൽ ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനാവശ്യമായ ഫ്‌ളവനോയിഡുകളും പൊട്ടാസ്യവും ഫോളേറ്റുകളും അടങ്ങിയ ചെറുനാരങ്ങ വീടുകളില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്.
നാരങ്ങചെടിയ്ക്ക് നല്ല നീർവാഴ്ചയുള്ള മണ്ണാണ് അനുയോജ്യം. എല്ലാ തരത്തിലുള്ള മണ്ണിലും വളരാനുള്ള കഴിവ് ചെറുനാരങ്ങയുടെ തൈകള്‍ക്കുണ്ട്. 5.5 നും 7.0 നും ഇടയില്‍ പി.എച്ച് മൂല്യമള്ള മണ്ണിലാണ് നന്നായി വളരുന്നത്. നാലാം വര്‍ഷം മുതല്‍ ചെറുനാരങ്ങ കായ്ച്ചു തുടങ്ങും. 15 മുതല്‍ 20 വര്‍ഷം വരെ വിളവെടുക്കാം. 20 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള കാലാവസ്ഥയാണ് ആവശ്യം.
കൃഷി രീതി
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സമയമാണ് ചെറുനാരങ്ങ കൃഷി ചെയ്യാന്‍ അനുയോജ്യം. കൃഷി ചെയ്യുന്നതിന് മുമ്പായി മണ്ണ് നന്നായി കിളച്ചൊരുക്കണം. ഒരു ഏക്കറില്‍ 208 മുതല്‍ 250 വരെ ചെടികള്‍ കൃഷി ചെയ്യാം. 60 സെ.മീ നീളവും വീതിയും ആഴവുമുള്ള കുഴിയാണ് തൈകള്‍ നടാന്‍ എടുക്കേണ്ടത്.
ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 20 കി.ഗ്രാം ചാണകപ്പൊടിയും 100 മുതല്‍ 300 ഗ്രാം വരെ യൂറിയയും നല്‍കാം. ഏഴാം വര്‍ഷം മുതല്‍ ഒമ്പതാം വര്‍ഷം വരെ 30 കി. ഗ്രാം ചാണകപ്പൊടിയും 400 മുതല്‍ 500 ഗ്രാം യൂറിയയും നല്‍കാം. 10 വര്‍ഷത്തില്‍ കൂടുതല്‍ വളര്‍ച്ചയുള്ള ചെടിക്ക് 100 കി. ഗ്രാം ചാണകപ്പൊടിയും 800 മുതല്‍ 600 ഗ്രാം യൂറിയയും നല്‍കാം.
അഴുകിപ്പൊടിഞ്ഞ് ചാണകപ്പൊടി ഡിസംബര്‍ മാസത്തിലും യൂറിയ രണ്ട് ഭാഗങ്ങളായി ഫെബ്രുവരിയിലും മെയിലും നല്‍കുന്നതാണ് അനുയോജ്യം. ആവശ്യത്തില്‍ക്കൂടുതല്‍ നനച്ചാല്‍ വേര് ചീയല്‍ ബാധിക്കും. തണുപ്പുകാലത്ത് വളരെ മിതമായ രീതിയില്‍ നനച്ചാല്‍ മതി. കൃത്യമായ ഇടവേളകളിലുള്ള ജലസേചനമാണ് ആവശ്യം. പ്രൂണിങ്ങ് നടത്തുമ്പോള്‍ തറനിരപ്പില്‍ നിന്നും 50 സെ.മീ ഉയരത്തിലുള്ള ശാഖകള്‍ മുറിച്ചു മാറ്റണം. അസുഖം ബാധിച്ചതും ഉണങ്ങിയതും നശിച്ചതുമായ ചില്ലകള്‍ ഒഴിവാക്കണം.
സാധാരണയായി ചെറുനാരങ്ങ ചെടികളെ ബാധിക്കുന്ന രോഗങ്ങള്‍
ലീഫ് മൈനര്‍ ആണ് പ്രധാനപ്പെട്ട രോഗം. ക്വിനാള്‍ഫോസ് 1.25 മി.ലീ അളവില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ ഒരിക്കല്‍ തളിക്കാം.
സിട്രസ് ബ്ലാക്ക് ഫ്‌ളൈയും വൈറ്റ് ഫ്‌ളൈയും ആണ് അടുത്ത ശത്രുക്കള്‍. ഒരു ലിറ്റര്‍ വെള്ളത്തില്‍ അസെഫേറ്റ് 1.25 ഗ്രാം കലക്കി തളിക്കാം.
സിട്രസ് ത്രിപ്‌സ്, ട്രങ്ക് ബോറെര്‍, ബാര്‍ക് ഈറ്റിങ്ങ് കാറ്റര്‍പില്ലര്‍, മീലി മൂട്ട, ആന്ത്രാക്‌നോസ് എന്നിവയും ചെറുനാരങ്ങയെ ബാധിക്കുന്നു. ജൈവകീടനാശിനി ഉപയോഗിച്ച് ഇതെല്ലാം പ്രതിരോധിക്കാം.
വിളവെടുപ്പ്
അഞ്ച് വര്‍ഷമാകുമ്പോള്‍ പഴങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. 150 മുതല്‍ 160 വരെ ദിവസങ്ങൾ കൊണ്ടാണ് ചെറുനാരങ്ങ പൂര്‍ണ വളര്‍ച്ചയെത്തി വിളവെടുക്കുന്നത്. ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ തവണ പറിച്ചെടുക്കാം. അഞ്ചാം വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും 55 മുതല്‍ 70 വരെ ചെറുനാരങ്ങകള്‍ ലഭിക്കും. എട്ടാം വര്‍ഷം ആകുമ്പോള്‍ 1000 മുതല്‍ 1500 വരെ കായകള്‍ ലഭിക്കും. ഒരു ചെറുനാരങ്ങച്ചെടിയുടെ ഉത്പാദന കാലയളവ് ഏകദേശം 20 വര്‍ഷമാണ്.
Share your comments