ജലാംശം കൂടുതൽ അടങ്ങിയിട്ടുള്ള തണ്ണി മത്തൻ വേനൽക്കാലത്ത് മാത്രമല്ല, എല്ലാ സീസണിലും കഴിയ്ക്കാൻ അനുയോജ്യമാണ്. ശരീരത്തെ തണുപ്പിക്കുന്നതിന് പുറമെ, നിരവധി പോഷക ഘടകങ്ങൾ ശരീരത്തിലേക്ക് പ്രദാനം ചെയ്യാൻ തണ്ണിമത്തന് സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ
വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവങ്ങനെ ധാരാളം പോഷകങ്ങൾ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഈ ഫലം വളരെ മികച്ചതാണ്.
സിട്രിലൈൻ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കാനും തണ്ണിമത്തൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്, ലൈസോപീൻ എന്നിവയുടെ കലവറയായ തണ്ണിമത്തൻ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അണുബാധയെ പ്രതിരോധിച്ച് ശരീരത്തിന് കവചമൊരുക്കാനും സഹായിക്കും.
ഗുണങ്ങൾ ഒരുപാട് നിറഞ്ഞ തണ്ണിമത്തന് മാത്രമല്ല, ഇതിന്റെ തോടിനോട് ചേർന്ന വെളുത്ത ഭാഗവും ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാം.
അതായത്, തണ്ണിമത്തൻ തൊലി ഉപയോഗശൂന്യമാണെന്ന് കരുതി വലിച്ചെറിയാതെ ഇനി ഇത് ആരോഗ്യത്തിനായി ഉപയോഗിക്കാം. തണ്ണിമത്തന്റെ തൊലി കഴിഞ്ഞുള്ള വെളുത്ത ഭാഗം ഗ്ലൂറ്റൻ ഫ്രീ ആണ്. കൂടാതെ ഇതിലെ പഞ്ചസാരയുടെ അളവും വളരെ കുറവാണ്. ഇത് ജലത്താൽ സമ്പുഷ്ടമായതിനാൽ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നൽകുന്നു.
ഈ വെളുത്ത ഭാഗത്ത് കൊഴുപ്പ് കുറവാണ്. ശരീരഭാരം കുറയ്ക്കാൻ അതിനാൽ തന്നെ ഈ ഭാഗം മികച്ചതാണ്. തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗം നാരുകളുടെ നല്ല ഉറവിടമാണ്, കൂടാതെ സിട്രുലിൻ, പൊട്ടാസ്യം, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
തണ്ണിമത്തന്റെ വെളുത്ത ഭാഗം എങ്ങനെ ഉപയോഗിക്കാം
തണ്ണിമത്തന്റെ വെളുത്ത ഭാഗം പല വിഭവങ്ങളിലും ചേർത്ത് ഭക്ഷ്യയോഗ്യമാക്കി ഉപയോഗിക്കാനാകും. സാലഡ്, കറി, പലഹാരങ്ങൾ, ജാം, അച്ചാറുകൾ എന്നിവയിൽ ഇത് ഉപയോഗിക്കാം.
ഇതിന് പ്രത്യേകിച്ച് ഒരു രുചിയുമില്ല. അതിനാൽ തന്നെ മധുരമുള്ള എന്തെങ്കിലും ചേർത്തോ അതുമല്ലെങ്കിൽ ഉപ്പ് ചേർത്തോ ഇത് കഴിയ്ക്കാം. കുക്കുമ്പർ പോലെ ഇത് കറുമുറെ തിന്നുന്ന രീതിയിൽ സാലഡും തയ്യാറാക്കാം.
തണ്ണിമത്തൻ പുഡ്ഡിങ്ങും ഇത്തരത്തിൽ വെളുത്ത ഭാഗം കൊണ്ട് തയ്യാറാക്കാവുന്ന വിഭവമാണ്. ഇതിനായി
1/2 തണ്ണിമത്തൻ വെള്ള
1 ടീസ്പൂൺ നെയ്യ്
1 അര കപ്പ് പഞ്ചസാര
1 കപ്പ് പാൽ
1/2 ടീസ്പൂൺ ഏലക്ക പൊടി
ഡ്രൈ ഫ്രൂട്ട്സുകൾ എന്നിവയാണ് ആവശ്യമായുള്ളത്.
പുഡ്ഡിങ് തയ്യാറാക്കുന്നതിനായി തണ്ണിമത്തന്റെ തോടിന്റെ പച്ച ഭാഗം തൊലി കളഞ്ഞ്, വെളുത്ത ഭാഗം മാത്രമായി എടുക്കുക. ഇവ ചെറിയ കഷ്ണങ്ങളാക്കി മാറ്റിയ ശേഷം മിക്സിയിൽ നന്നായി പൊടിക്കുക.
ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കുക. തുടർന്ന് ഇതിലേക്ക് തണ്ണിമത്തന്റെ വെള്ള ഭാഗം ചേർത്ത് 10-15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. ഇതിന്റെ നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് പാൽ ചേർത്ത് നന്നായി വേവിക്കുക.
പാൽ പൂർണമായി വറ്റിക്കഴിയുമ്പോൾ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ഡ്രൈ ഫ്രൂട്ട്സ് ചെറിയ കഷ്ണങ്ങളായി നുറുക്കിയതും ചേർത്ത് 2-3 മിനിറ്റ് വേവിക്കുക. ശേഷം ചൂടോടെ വിളമ്പുക.
Share your comments