ചേമ്പ് പോലെ തന്നെ എളുപ്പത്തില്‍ തോട്ടത്തിലും വീട്ടുവളപ്പിലും നട്ടുവളര്‍ത്താൻ സാധിക്കുന്ന ചെടിയാണ് ചീരച്ചേമ്പ്. ചേമ്പിൻറെ കിഴങ്ങും തണ്ടും ഇലയുമെല്ലാം ഭക്ഷ്യയോഗ്യമാണ്, എന്നാൽ ചീരച്ചേമ്പിൽ കിഴങ്ങ് ഉണ്ടാകുന്നില്ല. ഇലകൾക്ക് ചൊറിച്ചില്‍ ഇല്ലെന്നതാണ് ചീരച്ചേമ്പിൻറെ പ്രത്യേകത. ഇലകളും തണ്ടും തോരന്‍ വെക്കാനും കറി വെക്കാനും യോജിച്ചതാണ്. എളുപ്പത്തില്‍ ദഹിക്കുന്ന ചേമ്പ് രക്തത്തിലെ കൊളസ്‌ട്രോളിൻറെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ എ.ബി.സി, ഫോസ്ഫറസ്, പൊട്ടാസ്യം, അയേണ്‍, തയാമിന്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളും കുറഞ്ഞതാണ് ഈ ഇലക്കറി. ഇലച്ചേമ്പ്, വിത്തില്ലാച്ചേമ്പ് എന്നും ചീരച്ചേമ്പ് അറിയപ്പെടുന്നു. ഒരു പ്രാവശ്യം നട്ടാല്‍ എന്നും കറി വെക്കാന്‍ ഇലകള്‍ കിട്ടും.
സാധാരണ ചേമ്പ് കൃഷി ചെയ്യുന്നതുപോലെ നട്ടുവളര്‍ത്താം. മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഗ്രോബാഗില്‍ നടാവുന്നതാണ്. തൈകളാണ് ചീരച്ചേമ്പ് നടാനായി ഉപയോഗിക്കുന്നത്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തഴച്ചുവളരുന്നതാണ്. ഇതിന്റെ ചുവട്ടില്‍ ചെറിയ തൈകളുണ്ടായാല്‍ വേരോടെ പറിച്ചെടുത്ത് നടാവുന്നതാണ്. മട്ടുപ്പാവില്‍ നടുന്നവര്‍ക്ക് ചകിരിച്ചോര്‍ ഗ്രോബാഗില്‍ ചേര്‍ത്താല്‍ ഭാരം കുറയ്ക്കാന്‍ കഴിയും. സാധാരണ ജൈവവളങ്ങള്‍ ഇട്ടുകൊടുത്താല്‍ മതി.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിടത്തിൽ അല്പം ചേമ്പ് നടാം
ചീര ഉണ്ടാക്കുന്നതുപോലെ തന്നെ ഇത് പാചകം ചെയ്യാം. സാമ്പാര്‍ പോലുള്ള കറികളിലും ഉപയോഗിക്കാം. ചിലര്‍ ചെമ്മീന്‍ ഇട്ടും കറി ഉണ്ടാക്കാറുണ്ട്. പാചകത്തിന് ഉപയോഗിക്കുമ്പോള്‍ അധികം മൂക്കാത്ത തണ്ട് ഉപയോഗിക്കുന്നതാണ് നല്ലത്. തണ്ടിന്റെ പുറംഭാഗത്തുള്ള തോല്‍ നീക്കിയാണ് വേവിക്കേണ്ടത്. ഇലകള്‍ ചെറുതായി അരിഞ്ഞ് തോരന്‍ വെക്കാന്‍ ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പോഷക സമ്പുഷ്ടമായ ചേമ്പ്
നമ്മുടെ നാട്ടില്‍ മെയ്-ജൂണ്‍ മാസങ്ങളിലാണ് ചേമ്പ് കൃഷി ചെയ്യുന്നത്. നനവുണ്ടെങ്കില്‍ എപ്പോഴും കൃഷി ചെയ്യാവുന്നതാണ്. സാധാരണയായി രോഗങ്ങളൊന്നും ബാധിക്കാറില്ലെന്നതും പ്രത്യേകതയാണ്. മഴക്കാലത്ത് ഇലചീയല്‍ കണ്ടുവരാറുണ്ട്.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments