അല്‍പ്പം പുളിപ്പും മധുരവും കലർന്ന രുചിയാണ് മര്‍ഡോക് കാബേജിൻറെത്. അതിനാൽ ഈ കാബേജ് ജര്‍മനിയിലെ ബവേറിയന്‍ നിവാസികള്‍ മധുരമുള്ള വിഭവങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുളിപ്പിച്ച കാബേജ് വിഭവങ്ങളുണ്ടാക്കാനും പേരുകേട്ടതാണിത്. സാധാരണ കാബേജിനേക്കാള്‍ അല്‍പം വലുപ്പമുള്ള ഹൈബ്രിഡ് ഇനത്തില്‍പ്പെട്ടതാണിത്. അടിവശം പരന്ന് അറ്റം കൂര്‍ത്ത രീതിയിലുള്ള കോണ്‍ ആകൃതിയാണ് മര്‍ഡോക് കാബേജിന്. കാബേജിന്റെ ഹെഡ് ഭാഗത്തിന് ഹൃദയാകൃതിയും കട്ടിയില്ലാത്ത ഇലകളുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാബേജും കോളിഫ്ളവറും കൃഷി ചെയ്യാം
കൃഷിരീതി
വിത്തുകൾ ഉപയോഗിച്ചാണ് ഈ ക്യാബേജ് വളർത്തുന്നത്. വിത്തുകള്‍ കേരളത്തില്‍ ഉൽപ്പാദിപ്പിക്കുന്നില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വിത്തുകളോ, ഓണ്‍ലൈന്‍ വില്‍പ്പനക്കാരില്‍ നിന്നോ വിത്തുകൾ ലഭ്യമാക്കാം. മണലും ചുവന്ന മണ്ണും കമ്പോസ്റ്റും തുല്യ അളവിലെടുത്ത് വിത്ത് നടാവുന്നതാണ്. നടുന്നതിന് മുമ്പ് കുമിള്‍നാശിനി ഒഴിച്ച് തടം നന്നായി കുതിര്‍ക്കണം. ഒരാഴ്ച കഴിഞ്ഞ് വിത്ത് പാകാം. ഒരു സെ.മീ ആഴത്തില്‍ മാത്രം വിത്തുകള്‍ നടണം. ആഴം കൂടിയാല്‍ വിത്ത് മുളയ്ക്കാന്‍ പ്രയാസം നേരിടും. 30 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടല്‍ നടത്തണം. കളകള്‍ പറിച്ചുകളയണം. നേര്‍ത്ത വേരുകള്‍ കാരണം അടുത്തടുത്തായി കാബേജ് വളര്‍ത്തിയാല്‍ കളകള്‍ പറിക്കുമ്പോള്‍ വേരുകള്‍ പൊട്ടിപ്പോവാനിടയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പുതയിടൽ എന്ത് എന്തിന്
നല്ല വളപ്രയോഗം ആവശ്യമുള്ള വിളയാണ് മാർഡോക് ക്യാബേജ്. നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ നല്‍കണം. കാബേജിന്റെ തലഭാഗം വിണ്ടുകീറിയ പോലെ ആകുന്ന പ്രശ്‌നം മഴക്കാലത്താണ് കാണുന്നത്. പ്രത്യേകിച്ച് വലിയൊരു വേനല്‍ക്കാലത്തിന് ശേഷമുള്ള മഴയെത്തുടര്‍ന്നാണ് ഇത് സംഭവിക്കുന്നത്. വേരുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കുമ്പോള്‍ ആന്തരികവളര്‍ച്ച കാരണമുള്ള മര്‍ദ്ദമാണ് കാബേജിന്റെ ഹെഡ് ഭാഗം പൊട്ടിപ്പോകാന്‍ കാരണമാകുന്നത്. ഈ ഭാഗം വളര്‍ച്ചയെത്തി ഉറച്ചുകഴിഞ്ഞാല്‍ വളപ്രയോഗം നടത്തുന്നത് ഒഴിവാക്കണം. അതുപോലെ വേനല്‍ക്കാലത്തിന് മുമ്പായി വിളവെടുക്കാന്‍ പാകത്തില്‍ കാബേജ് നട്ടാല്‍ വിണ്ടുകീറല്‍ ഇല്ലാതെ വിളവെടുക്കാം. കൃത്യമായ അളവില്‍ വെളളം നല്‍കേണ്ടതും അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഈ വളപ്രയോഗം അറിഞ്ഞാൽ കരിമീൻ കൃഷിയിൽ മിന്നും വിജയം
കടചീയല്‍ എന്ന കുമിള്‍ രോഗം ആക്രമിക്കാം. വിത്ത് പാകുന്നതിന് മുമ്പ് സ്യൂഡോമോണാസ് ഉപയോഗിച്ചാല്‍ ഇത് തടയാം. രോഗലക്ഷണമുണ്ടായാല്‍ നനയ്ക്കുന്നത് കുറയ്ക്കണം. ഇലതീനിപ്പുഴുക്കളും കാബേജിനെ ആക്രമിക്കാം. ഗോമൂത്രം-കാന്താരി മുളക് ലായനി ഇതിനെതിരെ ഉപയോഗിക്കാം. വേപ്പധിഷ്ഠിത കീടനാശിനകളും ഉപയോഗിക്കാം.
മർഡോക് കാബേജ് പാകമായാല്‍ ഏറ്റവും പുറത്തുള്ള ഇലകള്‍ പുറകിലേക്ക് ചുരുണ്ട് വരാന്‍ തുടങ്ങും. മഞ്ഞുകാലത്തിന് മുമ്പ് വിളവെടുത്താല്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാമെന്നതാണ് പ്രത്യേകത. 60 മുതല്‍ 80 ദിവസങ്ങള്‍ കൊണ്ടാണ് ഈ കാബേജ് പൂര്‍ണവളര്‍ച്ചയെത്തുന്നത്.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments