കേരളത്തില് പരക്കെ കാണുന്നതാണ് പപ്പയ. ഇത് പച്ചക്കറിയായും പഴമായും ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. കേരളത്തിലെ പല സ്ഥലങ്ങളിലും പപ്പായ പല പേരുകളില് അറിയപ്പെടുന്നു - ഓമയ്ക്കാ, കപ്പളങ്ങാ,കയ്പയ്ക്കാ. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതല് പേരുകളില് അറിയപ്പെടുന്ന ഒരു വസ്തു ആയിരിയ്ക്കും പപ്പയ. പപ്പയയ്ക്ക് മലയാളത്തിൽ 70 ഓളം പേരുകളാണ് ഉള്ളത്.
വെള്ളക്കെട്ടുള്ള ഭൂപ്രദേശങ്ങള്‍ പപ്പായ കൃഷിയ്ക്ക് അനുയോജ്യമല്ല. നീര്‍ വാഴ്ചയുള്ള പ്രദേശങ്ങള്‍ വളരെ നല്ലതാണ് കൃഷിയ്ക്ക്. കേരളത്തില്‍ വളരെ അപൂര്‍വ്വമായേ വ്യാപാരാടിസ്ഥാനത്തില്‍ പപ്പായ കൃഷി ചെയ്യുന്നുള്ളു. വ്യാപാരാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന ഒരു ഇനമാണ് റെഡ് ലേഡി. നട്ടു കഴിഞ്ഞാല്‍ മൂന്നുമാസം കഴിയുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും. പൊക്കം വളരെ കുറവാണ്. വിളവെടുപ്പിനു ഏണിയോ മറ്റു ഉപകരണങ്ങളോ ആവശ്യമില്ല. തൊഴിലാളികളുടെ സഹായം വേണ്ടാത്തതു കൊണ്ട് പണികൂലിയും ലാഭിക്കാം.
കൃഷിരീതി
കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം ആഴത്തില്‍ കിളച്ചു പരുവപ്പെടുത്തി എടുക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെങ്കില്‍ പപ്പായ നല്ലതു പോലെ വളരും. രണ്ടു മീറ്റര്‍ അകലം എങ്കിലും കുഴികള്‍ തമ്മില്‍ വേണം. താഴ്ച ഒരു മീറ്റര്‍ സ്ക്വയറായിരിക്കണം. ഈ കുഴിയില്‍ ചാണകപ്പൊടിയോ,കോഴികാഷ്ഠം, ആട്ടിന്‍ കാഷ്ഠം ഇവയില്‍ ഏതെങ്കിലും ഒന്നും, അതിന്റെ കൂടെ വേപ്പിന്‍ പിണ്ണാക്കും, എല്ലുപൊടിയും സ്വല്പം കുമ്മായവും ചേര്‍ത്തു ഇളക്കി കുഴി മൂടുക. ഇറക്കുമതി ചെയ്ത റെഡ് ലേഡി വിത്തുകള്‍ പ്രത്യേകം തയ്യാറാക്കിയ പ്രോട്രേയില്‍ പാകുക.
പ്രോട്രേയില്‍ ചകിരിച്ചോറും മണ്ണിനു കംമ്പോസ്റ്റും ചേര്‍ത്ത മിശ്രിതമാണ് നിറക്കേണ്ടത്.ചകിരിച്ചോറുചേര്‍ക്കുന്നതുകൊണ്ട് പപ്പായ തൈകള്‍ പറിച്ചെടുക്കുമ്പോള്‍ വേരു പൊട്ടിപോകില്ല. പപ്പായതൈകള്‍കിളിര്‍ത്തതിനുശേഷംപതിനഞ്ചുദിവസംകഴിയുമ്പോഴേക്കും നേരത്തേ തയ്യാറാക്കിയ കുഴിയിലേക്ക് പറിച്ചു നടാം. ജൈവ കൃഷിയാണ് ഏറ്റവും യോജിച്ചത്.
വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഡ്രിപ്പ് ഇറിഗേഷനാണ് നല്ലത്. ജൈവവളം പോലും ഡ്രിപ്പ് ഇറിഗേഷനിലൂടെ നല്‍കാം. നാടന്‍ പശുവിന്റെ ചാണകം കിട്ടുകയാണെങ്കില്‍ അത് അല്ലെങ്കില്‍ ചാണകം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് ഇവ ചേര്‍ത്ത് പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് പത്തു ദിവസം കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം, ജൈവ കൃഷിയാണെങ്കില്‍. മൈക്രോന്യൂട്രിന്റെ കുറവ് പരിഹരിക്കാന്‍ സിങ്ക്, കാത്സ്യം, ബോറോണ്‍, മഗ്നീഷ്യം എന്നിവ ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ച് സ്‌പ്രേ ചെയ്താല്‍ മതി. ഇങ്ങനെ ചെയ്താല്‍ ഫംഗസ് രോഗങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാന്‍ പറ്റും. മഴക്കാലത്ത് ഇലകളിലുണ്ടാകുന്ന മഞ്ഞളിപ്പിന് സ്യൂഡോമോണോസ് കരിക്കിന്‍ വെള്ളത്തില്‍ ലയിപ്പിച്ച് നാലു മണിക്കൂര്‍ നേരം വച്ചിട്ട് തളിച്ചാല്‍ മതി. മഴയില്ലെങ്കില്‍ ദിവസേന ജലസേചനമാവശ്യമാണ്. നല്ല പരിചരണം കൊടുക്കുകയാണെങ്കില്‍ രണ്ടര വര്‍ഷം വരെ നല്ല രീതിയില്‍ വിളവെടുക്കാനാകും.
പോഷകഗുണങ്ങളും ഔഷധഗുണവും
വളരെയധികം ധാതു ലവണങ്ങളും വിറ്റാമിന്‍ എ, ബി, ബി 2, സി അടങ്ങിയിട്ടുണ്ട്. പച്ച പപ്പായയില്‍ പപ്പയിനം, കാത്സ്യം, ഫോസ്ഫറസ് ഇരുമ്പും പഴുത്തതില്‍ കൂടുതുണ്ട്. പപ്പായയുടെ ഇലകളില്‍ കാര്‍പ്പിന്‍ എന്ന ആല്‍ക്കലോയിഡ് ഉണ്ട്. പപ്പായയുടെ ഗുണങ്ങള്‍ ആയുര്‍വേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഉടന്‍ എടുക്കുന്ന കറ ഉപയോഗിച്ചു കാര, അരിമ്പാറ, ആണിരോഗം, മറുക് എന്നീ രോഗങ്ങള്‍ മാറ്റാനുള്ള ചികിത്സയുണ്ട്.
സോറിയാസിസിനും, പുഴുക്കടിക്കും ആയുര്‍വേദ ചികിത്സയ്ക്കു പച്ച പപ്പായയുടെ കറ ഉപയോഗിക്കുന്നു. മാംസത്തെ ദഹിപ്പിക്കുവാനുള്ള കഴിവ് കൂടുതലായിട്ടുണ്ട്. മൂത്ത മാംസം എളുപ്പത്തില്‍ വേകാന്‍ ഇറച്ചിയുടെ കൂടെ മൂന്ന് - നാല് പച്ച പപ്പായ കഷണങ്ങള്‍ ഇട്ടാല്‍ മതി. പപ്പായയില്‍ നിന്ന് എടുക്കുന്ന വളരെ ഔഷധ പ്രാധാന്യമുള്ളതാണ് പപ്പായിന്‍. കൃമികളെ നശിപ്പിക്കുവാനുള്ള കഴിവ് പച്ച പപ്പായയ്ക്കുണ്ട്. പഴുത്ത പപ്പായ ഉപയോഗിച്ച് ജാം ഉണ്ടാക്കാം. ബേക്കറി നിര്‍മ്മാണത്തിനാവശ്യമായ റ്റൂട്ടി ഫ്രൂട്ടി പച്ച പപ്പായ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.
വിളവെടുപ്പ്
നട്ടു കഴിഞ്ഞ് നല്ല രീതിയില്‍ പരിപാലിക്കുന്നതാണെങ്കില്‍ മൂന്ന് മാസം കഴിയുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും. നല്ലവണ്ണം വിളഞ്ഞത് പറിച്ച് തരം തിരിയ്ക്കുന്നു. പിന്നീട് പത്രകടലാസ്സില്‍ പൊതിയുന്നു. പഴുക്കുമ്പോള്‍ നല്ല നിറം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കടലാസ്സില്‍ പൊതിഞ്ഞാല്‍ രണ്ട് ദിവസം കൊണ്ട് പഴുത്ത് നിറം വയ്ക്കുന്നു. ഒരെണ്ണം രണ്ടു കിലോ മുതല്‍ മൂന്ന് കിലോ വരെ ഭാരം കാണും.ആഴ്ചയില്‍ രണ്ടുപ്രാവശ്യംവിളവെടുക്കാം.പഴുത്ത പപ്പയ ജൈവ ക്യഷിയിടത്തില്‍ ആണെങ്കില്‍ ഏഴു ദിവസം വരെ കേടാകാതെയിരിക്കും. ജൈവകൃഷി ചെയ്‌ത് കിട്ടിയ പഴമാണെങ്കില്‍ വില കൂടുതല്‍ ലഭിക്കും.
Share your comments