1. Vegetables

വിസ്മയകരം ഈ ഇലക്കറി വിളകള്‍

ബഹുവര്‍ഷ ഔഷധിയായ പുതിന പടര്‍ന്നുവളരുന്ന ചെടിയാണ്. ശാസ്ത്രനാമം മെന്ത അര്‍വെന്‍സിസ് വിത്തുകള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണ്ടുകള്‍ മുറിച്ചുനട്ടാണ് സാധാരണ പ്രജനനം നടത്തുന്നത്. ഭക്ഷണത്തെ വേഗത്തില്‍ ദഹിപ്പിക്കുന്ന അപൂര്‍വസിദ്ധി പുതിനയ്ക്കുണ്ട്. ഇലയുടെ പ്രത്യേക സുഗന്ധത്തിനു കാരണം മെന്തോള്‍ ആണ്.

KJ Staff
പുതിന
ബഹുവര്‍ഷ ഔഷധിയായ പുതിന പടര്‍ന്നുവളരുന്ന ചെടിയാണ്. ശാസ്ത്രനാമം മെന്ത അര്‍വെന്‍സിസ് വിത്തുകള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണ്ടുകള്‍ മുറിച്ചുനട്ടാണ് സാധാരണ പ്രജനനം നടത്തുന്നത്. ഭക്ഷണത്തെ വേഗത്തില്‍ ദഹിപ്പിക്കുന്ന അപൂര്‍വസിദ്ധി പുതിനയ്ക്കുണ്ട്. ഇലയുടെ പ്രത്യേക സുഗന്ധത്തിനു കാരണം മെന്തോള്‍ ആണ്. ചന്തയില്‍ നിന്നു വാങ്ങുന്ന പുതിനത്തണ്ടുകള്‍ വെള്ളത്തില്‍ രണ്ടു മണിക്കൂര്‍ ഇറക്കി വച്ച ശേഷം മുറിച്ച് തണലില്‍ നടാവുന്നതാണ്. നട്ട് പത്ത് ദിവസത്തുനുശേഷം നാമ്പ് നുള്ളികൊടുക്കേണ്ടതാണ്. സൂര്യപ്രകാശം അല്പം കുറഞ്ഞ സ്ഥലത്ത് പുതിന നന്നായി വളരും.
ഇലകള്‍ ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധം പകരാനായി ഉപയോഗിക്കുന്നു. ഇലകളില്‍ നിന്നുള്ള തൈലം അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. തലവേദന, മൈഗ്രേന്‍, വെര്‍ട്ടിഗൊ, വയറുവേദന, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പല്ലുവേദന, കോളറ ക്രീമുകള്‍, ലോഷനുകള്‍, മൗത്ത് വാഷ്, എയര്‍ഫ്രഷ്‌നര്‍ എന്നിവയുടെ നിര്‍മ്മാണത്തിലും കുകുളിക്കുവാനുള്ള വെള്ളത്തിലും ഇത് ഉപയോഗിക്കുന്നു.

കുടങ്ങല്‍
ബുദ്ധിചീര എന്നും കുടകന്‍ എന്നും പേരുള്ള കുടങ്ങല്‍ കാരറ്റിന്റെ കുടുംബാംഗമാണ്. നിലത്ത് പടര്‍ന്നുവളരുന്ന ബഹുവര്‍ഷിയായരുഔഷധിയാണിത്. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനുള്ള കഴിവുണ്ട് ഈ ചെടിക്ക്. ചെടിയില്‍ നിന്നും പൊട്ടിമുളച്ചുണ്ടാകുന്ന കാണ്ഡങ്ങള്‍ മുറിച്ചുനട്ടാണ് പ്രജനനം നടത്തുന്നത്. വെള്ളം കൂടുതലുള്ള പ്രദേശങ്ങളില്‍ ഈ ചെടി നന്നായി വളരും. വരള്‍ച്ചയില്‍ നശിച്ചുപോകും. ഇളം തണ്ടും ഇലകളും ഇലക്കറിയായും, ദോശയുടേയും ചപ്പാത്തിയുടേയും മാവില്‍ അരിഞ്ഞിട്ടും, ചമ്മന്തിയില്‍ ചേര്‍ത്തും ഉപയോഗിക്കാം.

സൗഹൃദച്ചീര
സൗഹൃദച്ചീര പ്രഷര്‍, ഷുഗര്‍ ചീരയെന്നും ലെറ്റൂസ് ട്രീ എന്നും അറിയപ്പെടുന്നു. നിത്യഹരിത വൃക്ഷമായ സൗഹൃദച്ചീരയുടെ ശാസ്ത്രനാമം 'പിസോണിയ ആല്‍ബ' എന്നാണ്. പച്ചക്കറിയായും, ഇറച്ചിയുടെ കൂടെ ചേര്‍ത്തും, മീന്‍ പൊള്ളിക്കുന്നതിനും, സാലഡ് ആയും ഉപയോഗിക്കാം. 
ആണ്‍ചെടിയുടെ ഇലകള്‍ ഇരുണ്ട പച്ചനിറമായിരിക്കും. ഇളംപച്ച കലര്‍ന്ന മഞ്ഞനിറമാണ് പെണ്‍ചെടികള്‍ക്ക്. മൂന്നു മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. പൂന്തോട്ടങ്ങള്‍ക്ക് അതിരായി വളര്‍ത്താവുന്നതാണ്. ഇലകള്‍ക്കും വേരുകള്‍ക്കും ഔഷധഗുണമുണ്ട്. ഇലകള്‍ മന്തിനെതിരേയും പ്രമേഹത്തിനും ഉപയോഗിക്കാം.

വള്ളിച്ചീര
ബസെല്ല ചീരയെന്നും വഷളചീരയെന്നും മലബാര്‍ സ്പിനാഷ് എന്ന പേരിലും അറിയപ്പെടുന്നു. ചുവന്ന തണ്ടുള്ളവ ബസെല്ല റൂബറ എന്നും വെള്ളതണ്ടുള്ളവ ബസെല്ല ആല്ബ എന്നും അറിയപ്പെടുന്നു. ഈ ചീരയില്‍ ബീറ്റാ കരോട്ടിന്‍, കാല്‍സ്യം, ഇരുമ്പ്, ജീവകം സി എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. 
വിത്തുകള്‍ വഴിയും തണ്ട് മുറിച്ചുനട്ടുമാണ് പിടിപ്പിക്കുന്നത്. മഴക്കാലത്ത് 30 സെ. മീ. നീളമുള്ള തണ്ടുകള്‍ 45 സെ.മീ അകലത്തില്‍നട്ടു പിടിപ്പിക്കാവുന്നതാണ്. ജൈവവളങ്ങളായ കമ്പോസ്റ്റ്, ചാണകം ഇട്ടുകൊടുത്താല്‍ സമൃദ്ധമായി വളരും. ഇളം ഇലകളും തണ്ടും തോരനും മറ്റു കറികളും ഉണ്ടാക്കാം. ഇലകള്‍ ബജി ഉണ്ടാക്കാന്‍ നല്ലതാണ്. വള്ളിച്ചീരയുടെ കായ്കളില്‍ നിന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിറം നല്കുന്ന ഒരിനം ചായം ഉണ്ടാക്കാം. അലങ്കാരച്ചെടിയായും ഇത് വളര്‍ത്താവുന്നതാണ്.
മധുരച്ചീര വേലിച്ചീരയെന്നും ചെക്കുര്‍മാനിസ് എന്നും അറിയപ്പെടുന്ന ചീരയുടെ ശാസ്ത്രനാമം സൗറോപ്പസ് ആന്‍ഡ്രോഗയ്‌നസ് എന്നാണ്. അടുക്കളത്തോട്ടത്തില്‍ വേലിയായോ നടപ്പാതയുടെ ഇരുവശമായോ നടാവുന്നതാണ്. പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ ഉള്ളതിനാല്‍ ഇതിനെ വൈറ്റമിന്‍ ആന്റ് മള്‍ട്ടിമിനറല്‍ പാക്ക്ഡ് ഇലയെന്നും വിളിക്കാറുണ്ട്. മധുരച്ചീര ധാരാളം കഴിച്ചാല്‍ ശ്വാസകോശത്തിന് ഗുരുതര അസുഖമുണ്ടാകുമെന്ന് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് ഇത് അമിതമായി ഉപയോഗിക്കരുത്.

പാലക് ചീര
ഇന്ത്യന്‍ സ്പിനാഷ് എന്നും ഈ ചീരയ്ക്കു പേരുണ്ട്. ഇതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ബീറ്റാ ബംഗാളന്‍സിസ് എന്നാണ്ണുശാസ്ത്രീയനാമം. തണുത്ത കാലാവസ്ഥയാണ് അനുയോജ്യം. ശീതകാലങ്ങളില്‍ പാലക്കില്‍ നിന്നും നീണ്ടകാലം വിളവെടുക്കാന്‍ സാധിക്കും. വേനലില്‍ പെട്ടെന്ന് പൂവിടും. ഒരു ഹെക്ടര്‍ കൃഷി ചെയ്യുന്നതിന് 30 കിലോ. വിത്ത് വേണ്ടിവരും. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം. ഓരോ വിളവെടുപ്പിനു  ശേഷവും നൈട്രജന്‍ അടങ്ങിയ ജൈവവളം നല്കിയാല്‍ പലതവണ വിളവെടുക്കാം. ഇലകള്‍ വാട്ടി അരച്ചാണ് സാധാരണ വിഭവങ്ങളില്‍ ചേര്‍ക്കുന്നത്. പാലക് പനീര്‍, ദാല്‍ പാലക്, പാലക് കട്‌ലറ്റ് അങ്ങനെ പലതും ഉണ്ടാക്കാം.

കാങ്ങ് കോങ്ങ് ചീര
കണ്‍വോല്‍വിലേസിയ കുടുംബത്തില്‍ ഉള്‍പ്പെടുന്ന കാങ്ങ് കോങ്ങ് ചീരയുടെ ശാസ്ത്രനാമംഐപോമിയ അക്വാട്ടിക്ക എന്നാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വളരുന്നതു കൊണ്ടും ഇലകള്‍ക്ക് വെള്ളകലര്‍ന്ന പച്ചനിറമായതുകൊണ്ടും വെള്ളച്ചീര എന്ന് ഇത് അറിയപ്പെടുന്നു. ഇതേ കുടുംബാംഗമായ ഉരുളകിഴങ്ങിന്റെ ഇലകളോട് സാമ്യമുള്ളതിനാല്‍ വാട്ടര്‍ കണ്‍വോള്‍വുലസ് എന്നും പേരുണ്ട്. ഇളം ഇലകളും തണ്ടുകളുമാണ്ഇലക്കറിയായി ഉപയോഗിക്കുന്നത്. വൈറ്റമിനുകളുടേയും ധാതുക്കളുടേയും കലവറയാണ്. ബീറ്റാ കരോട്ടിന്‍, സാന്തോഫില്‍ എന്നിങ്ങനെയുള്ള കരോട്ടിനുകള്‍ വെള്ളച്ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
തണ്ടുകള്‍ മുറിച്ചു നട്ടോ വിത്തുകള്‍ വഴിയോ വളര്‍ത്താം. നിലം നന്നായി കിളച്ചൊരുക്കി സ്‌ക്വയര്‍ മീറ്ററിന് 2.5 കിലോ ജൈവവളം ചേര്‍ക്കാം. ചെറിയ കുഴികളെടുത്ത് രണ്ട്-മൂന്ന് വിത്ത് നട്ട് ഒന്നരമാസം കഴിഞ്ഞ് ആദ്യ വിളവെടുപ്പ് നടത്താം. 20 ദിവസത്തിലൊരിക്കല്‍ വിളവെടുക്കാം. കാലിത്തീറ്റയായി ഈ ചെടി ഉപയോഗിക്കാം. പൂമൊട്ടുകള്‍ വിരശല്യത്തിനെതിരെ ഫലപ്രദമാണ്.

പൊന്നാവിരം
പയറുവര്‍ഗങ്ങളില്‍പ്പെടുന്ന ഈ ചെടിക്ക് തമിഴില്‍ പൊന്‍തകര എന്നുപറയുന്നു. ഇതിന്റെ ശാസ്ത്രനാമംകഷ്യ ഒക്‌സിഡന്റാലിസ് എന്നാണ്. മഞ്ഞനിറത്തില്‍ കുലകളായി വരുന്ന പൂക്കളുള്ള ഈ ചെടി 1.5 മീറ്റര്‍ ഉയരത്തില്‍ വളരും. ഇലകളും ഇളം കായ്കളും വിത്തുകളും തോരന്‍ വച്ച് കഴിക്കാം. മൂപ്പെത്താത്ത വിത്തുകള്‍ വറുത്തെടുത്ത് കാപ്പിക്കുരുവിനു പകരമായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു.
വാതം, ആസ്മ, കുഷ്ഠം എന്നിവയ്‌ക്കെതിരെയും ഹിസ്റ്റീരിയ, വയറുകടി എന്നിവ കുറയ്ക്കാനും  ഉപയോഗിച്ചുവരുന്നു. കരളിന്റെ അസുഖത്തിനു നല്‍കുന്ന ലിവ്-52 എന്ന മരുന്നിന്റെരുപ്രധാന ഘടകമാണ് പൊന്‍തകര. ഇല, തൊലി, വേര്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്. കാലിത്തീറ്റയായും, പച്ചില വളമായും ഈ ചെടി ഉപയോഗിക്കുന്നു.

തഴുതാമ
നിക്റ്റാജിനേസിയേ കുടുംബത്തില്‍പ്പെട്ട തഴുതാമയെ സംസ്‌കൃതത്തില്‍ പുനര്‍നവ എന്നുപറയും. പുനര്‍നവിന്‍ എന്നൊരു ആല്‍ക്കലോയ്ഡ് തഴുതാമയിലുണ്ട് ബൊറേവിയ ഡിഫ്യൂസ എന്നാണ്ണുശാസ്ത്രനാമം. നിലത്ത് പടര്‍ന്നുവളരുന്ന ബഹുവര്‍ഷിയായ ഔഷധമൂല്യമുള്ള സസ്യമാണ്. ചുവപ്പ്, വെള്ള പൂക്കളുള്ള രണ്ടിനമുണ്ട്. ചുവപ്പ് പൂക്കളുള്ളതാണ് സാധാരണ ഉപയോഗിക്കുന്നത്. ഈ ചെടിയില്‍ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നു. ഇല, തോരന്‍ വച്ച് കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്‌ക്കെതിരെ നല്ലതാണ്. വേരും വിത്തും പൊടിയാക്കി ചില ധാന്യങ്ങളില്‍ ചേര്‍ത്തു വരുന്നു. പക്ഷികള്‍ക്ക് നല്‍കാവുന്ന നല്ല ആഹാരമാണിത്.

തകര
സിസാല്‍ പിനേസിയേ കുടുംബത്തില്‍പ്പെട്ട ഇതിന് ചക്രത്തകര എന്നും പേരുണ്ട്. തകരയുടെ ശാസ്ത്രനാമംകഷ്യറ്റോറ. ചെറിയ മണമുള്ള ഇലകളുള്ള ഈ സസ്യം ഒരു മീറ്റര്‍ ഉയരത്തില്‍ വരെ വളരും. ചെടികള്‍ മഴക്കാലത്താണ്ണു പൂക്കുന്നത്. തകരയുടെ വിത്തിനും ഇലയ്ക്കും ഔഷധഗുണമുണ്ട്. ചക്രത്തകരയുടെ ഇല തോരന്‍ വച്ച് കഴിച്ചാല്‍ കുഷ്ഠം, ചൊറി തുടങ്ങിയ അസുഖങ്ങള്‍ക്ക് കുറവുണ്ടാകും.

ആഫ്രിക്കന്‍ മല്ലി
അംബല്ലിഫെറെ കുടുംബത്തില്‍ പിറന്ന ഈ ചെടിയുടെ ശാസ്ത്രനാമം എറിഞ്ചിയം ഫോയിറ്റിഡം തെക്കേ അമേരിക്കയാണ് ജന്മദേശം. ഇലകള്‍ക്ക് മല്ലിയിലയേക്കാള്‍ രൂക്ഷഗന്ധമാണ്. ഇലക്കൂട്ടത്തിന്റെ മദ്ധ്യത്തില്‍ നിന്നും ചെറിയ വെളുത്ത പൂക്കളുണ്ടാകുന്ന പൂക്കുലതണ്ട് പുറപ്പെടുന്നു. പൂക്കുലകള്‍ക്ക് താഴെയായി ഒരുകൂട്ടം ബ്രാക്റ്റുകള്‍ കാണപ്പെടുന്നു. കുലകളില്‍ ധാരാളം ചെറിയ തൈകള്‍ രൂപപ്പെടുന്നു. മണ്ണിലേക്ക് ചരിഞ്ഞുവീണ് ധാരാളം തൈകള്‍ ഉല്പ്പാദിപ്പിക്കും. ഭാഗീകമായ തണലാണ് ഇവയ്ക്കു വേണ്ടത്.  നല്ല വെയിലത്ത് വച്ചാല്‍വേഗം പൂത്തുപോകും. ഇലകള്‍ക്ക് സുഗന്ധം കുറയും. 
ഇലകള്‍ മലിയിലയ്ക്കു പകരം കറികളില്‍ ചേര്‍ക്കാം. വിറ്റാമിന്‍ എ, കാല്‍സ്യം, ഇരുമ്പ്, റൈബോഫ്‌ളേവിന്‍ എന്നിവയുടെ നല്ല സ്രോതസ്സാണ്. ചെടി സമൂലം ഇട്ടു തിളപ്പിച്ച വെള്ളം പനി, വയറിളക്കം, പ്രമേഹം, മലബന്ധം, ന്യുമോണിയ, ഛര്‍ദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കാം. 

അഗത്തിച്ചീര
മലേഷ്യന്‍ സ്വദേശിയായ അഗത്തിച്ചീരയുടെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്റിഫ്‌ളോറ. പഞ്ചാബ്, ഡല്‍ഹി, ആസ്സം, തമിഴ്‌നാട്, കേരളം എന്നിവടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വളരെ വേഗം ചെറിയ മരമായി വളരും 3-12 മീറ്റര്‍ വരെ ഉയരം വരും. പൂവുകളും ഇലകളുമാണ് ഭക്ഷ്യയോഗ്യം. വെള്ള, റോസ് എന്നിങ്ങനെ രണ്ടിനം പൂക്കളാണ് സാധാരണ കാണുന്നത്. വെള്ളപ്പൂക്കളുള്ളതാണ് പച്ചക്കറിയായി ഉപയോഗിക്കാന്‍ അനുയോജ്യം. ചെറിയ കയ്പ്പുള്ള മറ്റേ ഇനം ഔഷധമായിട്ടാണ് ഉപയോഗിക്കുന്നത്. വിത്തുകള്‍, കമ്പുകള്‍ എന്നിവ നട്ട് കൃഷി ചെയ്യാം. 30ഃ30ഃഃ30 കുഴികളെടുത്ത് ജൈവവളം ചേര്‍ത്ത് കമ്പോ വിത്തോ നടാം. 2-3 വിത്ത് ഇട്ട് മുളച്ചു വരുമ്പോള്‍ ഒരെണ്ണം മാത്രം നിര്‍ത്തുക. ബാക്കി പറിച്ചു കളയുക. മെയ്-ജൂണ്‍, സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളാണ് നടീലിന്നുഅനുയോജ്യം. വെള്ളക്കെട്ടുണ്ടാകരുത്. ഇലകളുടെയും പൂക്കളുകളുടേയും നീര്രു തലവേദനയ്‌ക്കെതിരെയും മുറിവിലും പുരട്ടാറുണ്ട്. ജീവകം എ, ബി അടക്കം ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള അഗത്തിച്ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണിന്റെ അസുഖങ്ങള്‍ വരാതിരിക്കും.

കെയ്ല്‍ അഥവാ ഇല കാബേജ്
ബ്രാസിക്ക ഒലറേസിയയില്‍ വരുന്ന ഒരുകൂട്ടം പച്ചക്കറി ഇനങ്ങളാണ്. പച്ച, ഇളം പച്ച , കടും പച്ച, വയലറ്റ് പച്ച, വയലറ്റ് ബ്രൗണ്‍ എന്നീ നിറത്തിലുള്ളഇലകളാല്‍ കാണപ്പെടുന്നു. കാണുന്നു. നടുക്കള്ള ഇലകള്‍ കാബേജ് പോലെ ഉരുണ്ടു വരുകയില്ല. കാബേജ് വിത്തുകള്‍ പോലെയുള്ള വിത്തുകളാണ്. വിറ്റാമിന്‍ എ, സി, കെ, ബി, ഇ, ഫോളേറ്റ്, മാംഗനീസ്, തയാമിന്‍, റൈബോഫ്‌ളേവിന്‍, പാന്തോതിനിക്കാസിഡ്, ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. പച്ചക്ക് സാലഡ് ആയും വേവിച്ചും ഉപയോഗിക്കാവുന്നതാണ്. വിദേശരാജ്യങ്ങളില്‍ ബീഫിന്റെ കൂടെ ചേര്‍ത്ത് ഉപയോഗിച്ചുവരുന്നു. ഇലകളുടെ അറ്റം ഭംഗിയായി ചുരുണ്ടിരിക്കും. കേര്‍ളി കെയ്ല്‍ വിദേശരാജ്യങ്ങളില്‍ മൂല്യവര്‍ദ്ധിത ഉല്പന്നമാക്കി മാറ്റുന്നു. ജപ്പാനില്‍ കെയ്ല്‍ ജ്യൂസ് ഉപയോഗിച്ചുവരുന്നു. തണുപ്പുകാലാവസ്ഥയില്‍ നമ്മുടെ നാട്ടില്‍ വളര്‍ത്താവുന്നതാണ്.

പാഴ്‌സ്‌ലി
എപ്പിയേസി കുടുംബത്തില്‍ പിറന്ന പാഴ്‌സ്‌ലിയുടെ ശാസ്ത്രനാമം പെട്രോസെലിനം ക്രിപ്‌സം. പാഴ്‌സ്‌ലി രണ്ടു തരമുണ്ട് ഇല പാഴ്‌സ്‌ലിയും വേരു പാഴ്‌സ്‌ലിയും. ഇല പാഴ്‌സ്‌ലിയില്‍ ചുരുണ്ട ഇലയുള്ളതും പരന്ന ഇലയുള്ളതുമുണ്ട്. നല്ല നീര്‍വാര്‍ച്ചയും ഈര്‍പ്പവുമുള്ള, തുറസായ, സൂര്യപ്രകാശമുള്ള സ്ഥലത്താണ്  പാഴ്‌സ്‌ലി നന്നായി വളരുക. വിത്ത് പാകിയാണ്ണുതൈകള്‍ ഉണ്ടാക്കുന്നത്. വിത്തുകള്‍ കിളിര്‍ക്കാന്‍ 4 മുതല്‍ 6 ആഴ്ച വരെ എടുക്കും. ഇലകള്‍ക്കായി കൃഷി ചെയ്യുന്നത് 10 സെ.മീ. അകലത്തിലും വേരിന് 20 സെ.മീ. അകലത്തിലുമാണ് നടുന്നത്. യൂറോപ്പിലും അമേരിക്കയിലും പാഴ്‌സ്‌ലി ധാരാളമായി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടില്‍ അധികം പ്രചാരത്തിലില്ലെങ്കിലും വളര്‍ത്തുവാന്‍ കഴിയും. 
വേരു പാഴ്‌സ്‌ലി സൂപ്പിലും, സ്റ്റൂവിലും പച്ചയ്ക്കും ഉപയോഗിക്കാം. ചുരുണ്ട ഇല അരിഞ്ഞ് വിവിധ ഇറച്ചി, പച്ചക്കറി വിഭവങ്ങളുടെ മുകളില്‍ വിതറി ഉപയോഗിക്കാം. പരന്ന ഇലയുള്ള പാഴ്‌സ്‌ലി അരിഞ്ഞ് ഉരുളക്കിഴങ്ങ്, ചോറ്, വറുത്ത ഇറച്ചി, പച്ചക്കറി സ്റ്റൂ എന്നിവയോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം. പാഴ്‌സ്‌ലിയില്‍ ആന്റി ഓക്‌സിഡന്റ്‌സ് പ്രത്യേകിച്ച്  ലൂട്ടിയോളിന്‍, അപിജിനിന്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു.

സെലറി  
നമ്മുടെ നാട്ടിലും വളര്‍ത്തുവാന്‍ പറ്റുന്ന പോഷകസമൃദ്ധമായ ഇലവര്‍ഗ്ഗമാണ് സെലറി. എപ്പിയേസി കുടുംബത്തില്‍പ്പെട്ട സെലറിയുടെ ശാസ്ത്രനാമം എപിയം ഗ്രാവിയോലെന്‍സ്. തണുത്ത കാലാവസ്ഥയും എപ്പോഴും ഈര്‍പ്പവും ഇഷ്ടപ്പെടുന്ന ചെടിയാണിത്.
വിത്ത് പാകിയാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്. വിത്തുകള്‍ ചെറിയ ചൂടുവെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ മുക്കിവയ്ച്ചാല്‍ കിളിക്കാനെടുക്കുന്ന സമയം കുകുറയ്ക്കാം. പറിച്ചു നടുന്നതിനു മുന്‍പ് നന കുറയ്ക്കുകയും രണ്ടു മണിക്കൂര്‍ ദിവസവും തുറസ്സായ പ്രദേശത്തു വയ്ക്കുകയും ചെയ്യുക. 30 സെ.മീ. അകലത്തില്‍ പറിച്ചു നടുക. നേരിട്ട് വിത്ത് പാകുകയാണെങ്കില്‍ കാല്‍ ഇഞ്ച് താഴ്ത്തിപ്പാകുക. തൈകള്‍ 15 സെ.മീ ഉയരം ആകുമ്പോള്‍ ഒരടി അകലത്തില്‍ ചെടികള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചു മാറ്റി നടുക. കടകളില്‍ നിന്ന് സെലറി വാങ്ങി പുറമേയുള്ള ഇലകള്‍ ഉപയോഗിക്കാന്‍ എടുത്തശേഷം ഒരു നാമ്പോടു കൂടി തൈകള്‍ തണലത്ത് വച്ചു പിടിപ്പിച്ചും പുതിയ തൈകള്‍ ഉണ്ടാക്കാവുന്നതാണ്.
വളര്‍ച്ചാഘട്ടത്തിലുടനീളം ധാരാളം ജലം ആവശ്യമാണ്. അല്ലെങ്കില്‍ തണ്ടുകള്‍ ചെറുതാകും. ചെടിക്കു ചുറ്റും ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിട്ടു കൊടുക്കണം. സെലറിയുടെ പുറം ഇലകള്‍ മണ്ണില്‍ തൊടാതിരിക്കാന്‍ തണ്ടുകള്‍ അയച്ചു കെട്ടേണ്ടതാണ്. വളക്കൂറുള്ള മണ്ണില്‍ സെലറി നന്നായി വളരും. ചാണകം. കംമ്പോസ്റ്റ് എന്നിവ പത്തു ദിവസത്തിലൊരിക്കല്‍ നല്‍കേണ്ടതാണ്. സെലറിയുടെ തണ്ടുകളാണ് ഉപയോഗിക്കുന്നത്. 20 സെ.മീ. പൊക്കം ആകുമ്പോള്‍ വിളവെടുക്കാം. അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ രണ്ടാഴ്ച വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇറച്ചിവിഭവങ്ങള്‍, ഫ്രൈഡ് റൈസ്, സാലഡ്, സൂപ്പ്, ന്യൂഡില്‍സ് എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം. 

ബോക്‌ചോയ്
ശാസ്ത്രനാമം ബ്രാസിക്ക റാപ ചൈനെന്‍സിസ്. ചൈനീസ് കാബേജിന്റെ ഒരിനമാണ്. ഇതിന്റെ ഇലകള്‍ കാബേജ് പോലെ ഉരുണ്ട് ചേരുകയില്ല. പോഷകസമൃദ്ധമായ ഇലവര്‍ഗമാണ്. വിറ്റാമിന്‍ എ, സി, കെ, ബി 6, എന്നിവയുടെ കലവറയാണ്. കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സോഡിയം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ബോക്‌ചോയിയില്‍ ഗ്ലൂക്കോസിനോലൈറ്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. വിത്തുകള്‍ വഴിയാണ് പ്രജനനം നടത്തുന്നത്. കറിവെച്ചും അല്ലാതെയും ഇത് ഉപയോഗിക്കാം. സാന്‍ഡ്‌വിച്ച്, സാലഡ്, സൂപ്പ്, ബര്‍ഗര്‍, ഇറച്ചി, പച്ചക്കറി വിഭവങ്ങള്‍ എന്നിവയിലെല്ലാം ഉപയോഗിക്കാം.

പൊന്നാങ്കണ്ണിച്ചീര / അക്ഷരച്ചീര
പച്ച, സിങ്ക്, ബ്രൗണ്‍ നിറങ്ങളിലും അവയുടെ സമ്മിശ്രനിറങ്ങളിലും ഈ ചീര കാണപ്പെടുന്നു.  അമരാന്തേസിയേ കുടുംബത്തില്‍പ്പെട്ട ഈ ചീരയുടെ ശാസ്ത്രനാമം അള്‍ട്ടെര്‍നാന്തെരാ സെസില്‍സ്.  പൂന്തോട്ടത്തില്‍ അലങ്കാരച്ചെടിയായി അക്ഷരങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇളം തണ്ടുകളും, ഇലകളും മുറിച്ചെടുത്ത് ഇലക്കറിയായി, വിവിധ വിഭവങ്ങളായ തോരന്‍, കട്‌ലറ്റ്, സൂപ്പ് മുതലായവ ഉണ്ടാക്കാം. ചുവന്ന ഇനത്തില്‍പ്പെട്ടതിനു രുചി കുറവായതിനാല്‍ പച്ച ഇനമാണ് സാധാരണയായി ഉപയോഗിക്കുന്നത്. തണ്ടുകള്‍ മുറിച്ചുനട്ടാണ്ണുപ്രജനനം നടത്തുന്നത്. ചെടി വേരുപിടിച്ച് ഒരാഴ്ചയ്ക്കുശേഷം നാമ്പ് നുള്ളി ശിഖരങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
കണ്ണിനുണ്ടാകുന്ന ചില അസുഖങ്ങള്‍ക്കും  വയറുകടിക്കും മരുന്നായി ഉപയോഗിക്കാറുണ്ട്. കാല്‍സ്യം ചീര എന്നും ഇത് അറിയപ്പെടുന്നു.

ഒറിഗാനോ
പുതുതലമുറയുടെ ഇഷ്ടവിഭവങ്ങള്‍ക്ക് രുചിയും മണവും ഗുണവും നല്കുവാന്‍  ചേര്‍ക്കുന്നതാണ് ഒറിഗാനോ. ജന്മദേശം യു.കെ, അയര്‍ലന്റ്, ഐസ്‌ലന്റ്, ജപ്പാന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ യുറേഷ്യയാണ്. ഇതിന്റെ ചില ഇനങ്ങളെ കാട്ടുമാര്‍ജോറം എന്നും പറയുന്നു. പുതിനയുടെ കുടുംബമായ ലാമിയേസിയയിലെ അംഗമാണ് ഒറിഗാനോ. ഇതിന്റെ ശാസ്ത്രനാമം ഒറിഗാനം വള്‍ഗെയിര്‍. 

വിത്ത് പാകിയും കമ്പുകള്‍ മുറിച്ചുനട്ടുമാണ് വളര്‍ത്തുന്നത്. വിത്ത് പാകി പറിച്ചുനടുകയാണ് ചെയ്യേണ്ടത്. വിത്ത് പാവാന്‍ 1ഒരുഭാഗം ചാണകപ്പൊടി രണ്ടുഭാഗം മണല്‍ നാലുഭാഗം മേല്‍ മണ്ണ് എന്ന അനുപാതത്തില്‍ മിശ്രിതം തയ്യാറാക്കണം. ചാണകത്തിനു പകരം കംമ്പോസ്റ്റും, മണലിനു  പകരംപാകപ്പെടുത്തിയ ചകിരിച്ചോറും ഉപയോഗിക്കാം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണില്‍ നനച്ച ശേഷമാണ് വിത്തുകള്‍ പാകേണ്ടത്. വിത്തുകള്‍ പാകി 2 ഇഞ്ച് നീളം ആകുമ്പോള്‍ ഒരു ചട്ടിയില്‍ ഒരു ചെടി വച്ച് നടാം. ഒറിഗാമിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ പി.എച്ച് 6 മുതല്‍ 8 വരെയാണ്. 30 സെ.മീ അകലത്തിലാണ്ണുനടുന്നത്. വരണ്ട മണ്ണ്, നല്ല സൂര്യപ്രകാശം, വരണ്ടകാലാവസ്ഥ എന്നിവയാണ് അനുയോജ്യമെങ്കിലും മറ്റു കാലാവസ്ഥകളിലും ഇത് വളരും. കാലാവസ്ഥ, സീസണ്‍, മണ്ണ് എന്നീ ഘടകങ്ങള്‍ എല്ലാം ഇതിന്റെ വാസനയുള്ള എണ്ണയുടെ ഗുണത്തെ ബാധിക്കും. ഒറിഗാനോയുടെ ഫ്‌ളേവര്‍ നല്‍കുന്ന രാസപദാര്‍ത്ഥങ്ങള്‍ കാര്‍വക്രോള്‍, തൈമോള്‍, ലിമോണിന്‍, പൈനിന്‍, ഒസിമൈന്‍, കരിയോഫില്ലിന്‍ എന്നിവയാണ്. 

ഇറ്റലി, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഔഷധഗുണമുള്ള ഭക്ഷണമൊരുക്കുന്നതിന് ഒറിഗാനോ ഉപയോഗിക്കുന്നു. വറുത്തതും, പൊരിച്ചതും, ഗ്രില്‍ ചെയ്തതുമായ പച്ചക്കറികള്‍, ഇറച്ചി, മീന്‍ എന്നിവയില്‍ ഉപയോഗിക്കുന്നു. ഉണക്കിപൊടിച്ച ഇലകള്‍ ഗ്രീക്കുകാര്‍ സാലഡിന്രുരുചിയേകാന്‍ ഉപയോഗിക്കുന്നു. ഇറച്ചി വറുക്കുമ്പോള്‍ ഒറിഗാനോ ഇലകള്‍ ചേര്‍ത്താല്‍ രുചി കൂടും. ശ്വാസകോശ ബുദ്ധിമുട്ടുകളായ ചുമ, ആസ്മ എന്നിവയും, ഉദരസംബന്ധമായ അസുഖങ്ങള്‍, തലവേദന, നെഞ്ചെരിച്ചില്‍, അലര്‍ജി, ജലദോഷം, സോറിയാസിസ്, പല്ലുവേദന എന്നിവയ്ക്കും ഉപയോഗിക്കുന്നു. ഒറിഗാനോ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം, നമ്മുടെ നാട്ടില്‍ ഉണക്കിയ ഇലകള്‍ വിപണിയില്‍ ലഭ്യമാണ്. പിസ, ബര്‍ഗര്‍, ഇറച്ചി, മീന്‍, സോസ് എന്നിവയില്‍ ഉപയോഗിച്ചു വരുന്നു. നമ്മുടെ വീട്ടുവളപ്പുകളില്‍ ചട്ടികളില്‍ ഒറിഗാനോ വളര്‍ത്തി ഇലകള്‍ പുതുമയോടെ, ഗുണമേന്മയോടെ കറികളില്‍ ഉപയോഗിക്കാം.

(ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എറണാകുളം കൃഷി അസി. ഡയറക്ടറാണ് ലേഖിക. ഫോണ്‍: 9633040030)
റോസ് മേരി
English Summary: green leafy vegetables

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds