കോള്‍റാബി നമുക്ക് പുതുമുഖമാണ്. കാബേജ് വര്‍ഗ്ഗത്തില്‍പ്പെട്ട ശീതകാല പച്ചക്കറിവിളയാണ് കോള്‍റാബി. ചെടി ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്‌ളവര്‍ പോലെ. വലുതാകുന്തോറും മണ്ണിന് മുകളിലായി കാണ്ഡം വീര്‍ത്തു വരുന്നു. ഏതാണ്ട് ഒരു പന്ത് പോലെ. കോളിഫ്‌ളവറിന്റെ പൂവാണ് ഭക്ഷ്യയോഗ്യമെങ്കില്‍ കോള്‍റാബിയുടെ വീര്‍ത്തുവരുന്ന തണ്ടാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. കാബേജും കോളിഫ്‌ളവറും കൃഷിചെയ്യുന്നതിന് സമാനമാണ് കോള്‍റാബിയുടെ കൃഷിയും.
നവംബര്‍-ഡിസംബര്‍ മാസത്തെ കുളിരുളള കാലമാണ് കൃഷിയ്ക്ക് അനുയോജ്യം. തവാരണകളില്‍ വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി പ്രധാന കൃഷിയിടത്തിലേക്കോ കൂടകളിലേക്കോ മാറ്റി നടാം. വെളളക്കെട്ടില്ലാത്ത നീര്‍വാര്‍ച്ചയുളള ജൈവാംശം കൂടുതലുളള മണ്ണാണ് അഭികാമ്യം. നേരിയ തോതില്‍ രാസവളം നല്‍കാം. ചുരുങ്ങിയത് 6 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. ക്രമാതീതമായ ചൂട് നല്ലതല്ല. ദിവസവും നനയ്ക്കണം. ചുവട്ടില്‍ വെളളം തളം കെട്ടി നില്‍ക്കാന്‍ ഇട വരരുത്. രണ്ടാഴ്ചയിലൊരിക്കല്‍ വളപ്രയോഗം നടത്താം.
രണ്ട് മാസമാണ് വിളക്കാലം. അധികം മൂപ്പെത്തുന്നതിനു മുമ്പ് വിളവെടുക്കണം. മൂപ്പെത്തിയാല്‍ തണ്ടിന് നാരു കൂടുതലാണ്. നന്നായി വളര്‍ന്നാല്‍ പന്ത് പോലെ തടിച്ച തണ്ടിന് 5 മുതല്‍ 8 സെ.മീ. വരെ വ്യാസം ഉണ്ടായിരിക്കും.
അഴുകല്‍ രോഗവും തുരപ്പന്‍ പുഴുക്കളുമാണ് പ്രധാന ശത്രുക്കള്‍. അഴുകലിന് പ്രതിവിധിയായി സ്യൂഡോമോണസ് ലായനിയും പുഴുക്കള്‍ക്കെതിരെ വേപ്പെണ്ണ ലായനിയും തളിക്കാം. നോള്‍കോള്‍ എന്ന പേരിലും കോള്‍റാബി അറിയപ്പെടുന്നു.
രമേശന്‍ പേരൂല്‍
രമേശന്‍ പേരൂല്‍
Share your comments