പ്രത്യേകിച്ച് ഒരു സീസൺ ഇല്ലാതെ തന്നെ വർഷത്തിൽ 365 ദിവസവും വിളവെടുക്കാവുന്ന കാച്ചിൽ ആണ് പിറവന്തൂർ കാച്ചിൽ അഥവാ കടുവാകൈയ്യൻ കാച്ചിൽ. അഞ്ചര മാസം അല്ലെങ്കിൽ ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന ഒരു കാച്ചിൽ ഇനമാണ് ഇത്.
ഒരു കാച്ചിലില്‍ നിന്നു തന്നെ അനവധി കാച്ചിലുകൾ ഉണ്ടാക്കിയെടുക്കാം. കാച്ചിലിന്റെ വിത്തിന്റെ വലുപ്പമനുസരിച്ചാണ് പുതിയ കാച്ചലിന് വലിപ്പം ഉണ്ടാക്കുന്നത്. 50 ഗ്രാം ഭാരമുള്ള കാച്ചിൽ വിത്ത് ആണെങ്കിൽ 200 അല്ലെങ്കിൽ 500ഗ്രാം വലുപ്പമുള്ള കാച്ചിൽ ഉണ്ടാകും. 500 ഗ്രാം ഭാരമുള്ള കാച്ചിൽ വിത്ത് ആണെങ്കിൽ ഏകദേശം രണ്ട് കിലോ വരെ ഭാരമുള്ള കാച്ചിൽ ഉണ്ടാകും. ഒരു കാച്ചിന്റെ വശങ്ങളിൽ തന്നെ അഞ്ചും ആറും മുകളങ്ങൾ ഉള്ളതിനാൽ ഒരെണ്ണത്തിൽ നിന്ന് തന്നെ ധാരാളം വിത്തുകൾ ഉണ്ടാക്കാം. കൂടാതെ ഒരെണ്ണം വിവിധ കക്ഷണങ്ങളായി മുറിച്ചാലും ധാരാളം വിത്തുകൾ കിട്ടും. അതിനാൽ ഒരു കാച്ചിൽ വിളവെടുത്താൽ തന്നെ കർഷകന് അതിൽ നിന്ന് പത്തിൽ കൂടുതൽ കാച്ചിൽ ഉണ്ടാക്കിയെടുക്കാം. ഇത് കർഷകന് പിന്നീട് വലിയ രീതിയിൽ കാച്ചിൽ കൃഷി വിപുലമാക്കാൻ സഹായിക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു തടത്തിൽ തന്നെ രണ്ടു മൂന്നും കാച്ചിൽ വിളയിച്ചെടുക്കാം എന്നതാണ്. സാധാരണ കാച്ചിൽ ഒരു തടത്തിൽ നിന്ന് ഒരെണ്ണം വിളവെടുക്കുമ്പോൾ ഈ കാച്ചിൽ ഒരു തടത്തിൽ നിന്ന് മൂന്നും നാലും വിളവെടുക്കാൻ കഴിയും. അതും ശരാശരി രണ്ട് കിലോ എങ്കിലും ഭാരമുള്ള കാച്ചിലാണ് ലഭിക്കുക.
സാധാരണ കാച്ചിലിന് പോലെ വർഷത്തിലൊരിക്കൽ വിളവെടുക്കേണ്ട ആവശ്യമില്ല. 365 ദിവസവും വിളവെടുക്കാൻ കഴിയും.
കുംഭ മാസത്തിൽ നട്ട് അടുത്ത വർഷം വൃശ്ചികത്തിൽ സാധാരണ കാച്ചിൽ വിളവെടുക്കുമ്പോൾ ഇത് ഓരോ അഞ്ചു മാസവും വിളവെടുക്കാം. അത് കൂടാതെ ഇന്ന സമയം നട്ടാലേ മികച്ച വിളവ് ലഭിക്കും എന്നൊന്നുമില്ല. ഏത് സമയത്ത് നട്ടാലും നട്ട വിത്തിന്റെ ഗുണം അനുസരിച്ച് നല്ല വിളവ് ലഭിക്കും. അതുകൂടാതെ കാച്ചിലിന് വില കൂടുതൽ എപ്പം ലഭിക്കും എന്ന് മനസ്സിലാക്കി ഇതിനെ കൃഷി ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സാധാരണ കാച്ചിലിനെ അപേക്ഷിച്ചു ഇതിന് വലിപ്പവും ഭാരവും കുറവായതിനാലും കർഷകർക്കും ചന്തയിൽ കാച്ചിൽ വിൽക്കുന്നവർക്കും ഇത് വിൽക്കാൻ വളരെ എളുപ്പമാണ്. അതിനാൽ ഇന്ന് കൊല്ലം ജില്ലയിലെ കർഷകരുടെ പ്രിയപ്പെട്ട കാച്ചിലായി പിറവന്തൂർ കാച്ചിൽ മാറിക്കഴിഞ്ഞു.
Suresh Contact No.: 94954 33262
Share your comments