അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാവുന്ന വിളയാണ് സോയബീൻ. കൂടുതൽ മണൽ കലർന്നതും അമ്ലഗുണമുള്ളതുമായ മണ്ണിൽ വേണം സോയ കൃഷി ചെയ്യാൻ. അധികം മഞ്ഞും വേനലും ഏൽക്കുന്നത് ചെടിവളർച്ചയെ പ്രതികൂലമായി ബാധിക്കും.
തനിവിളയായും ഇടവിളയായും കൃഷിചെയ്യാം. തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞൾ എന്നിവയ്‌ക്കൊപ്പം കൃഷി ചെയ്യുന്നത് അധികം വെയിൽ ഏൽക്കുന്നതിൽ നിന്നും സോയകൃഷിയെ സംരക്ഷിക്കും. നീർവാർച്ചയുള്ള മണൽ മണ്ണോ ചെളികലർന്ന പശിമരാശി മണ്ണോ എക്കൽ മണ്ണോ ഇതിന്റെ വളർച്ചയ്‌ക്ക് നല്ലതാണ്. കാലവർഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്.
സോയാവിത്തുകൾ ഉഴുത് ഒരുക്കി വച്ചിരിക്കുന്ന കൃഷിസ്ഥലങ്ങളിൽ നേരിട്ട് വിതയ്‌ക്കാവുന്നതാണ്. ജൈവവളങ്ങൾ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേർക്കണം. വിതയ്‌ക്കുന്നതിന് 24 മണിക്കൂർ മുൻപ് ജീവാണുവളങ്ങൾ തണുത്ത കഞ്ഞിവെള്ളത്തിൽ കലക്കി നിഴലിൽ ഉണക്കി വയ്‌ക്കുക.
വിതയ്‌ക്കുന്നതിനു മുൻപായി വിത്ത് കുമിൾ നാശിനിയുമായി കലർത്തി വിതയ്‌ക്കാം. മഴക്കാലത്തു വിത്ത് മുളയ്‌ക്കാനും നന്നായി വളരാനും അവ ഉയർത്തി കോരിയ വാരങ്ങളിൽ പാകണം. ഒരടി തിട്ടയിൽ അരയടി വ്യാസത്തിലുള്ള കുഴികളിൽ രണ്ട് വിത്തുകൾ വീതം വേണം നടേണ്ടത്. വിത്ത് 25cm വരെ താഴ്‌ത്തി നടാം.
അടിവളമായി ഒരു ചെടിക്ക് 2 kg ജൈവവളം ചേർത്തുകൊടുക്കണം. മേൽവളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്‌ചത്തെ ഇടവേളകളിൽ കൊടുക്കണം. മഴ ലഭിക്കുന്നതുവരെ നന കൊടുക്കണം. മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാലുമാസത്തിനകം പൂവിട്ട് കായകൾ ലഭിക്കാൻ തുടങ്ങും. സോയാബീൻസിന് കീടരോഗബാധ പൊതുവെ കുറവാണ്. എങ്കിലും കളകൾ യഥാസമയത്ത് നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നതാണ് വിളവെടുക്കാറായതിന്റെ സൂചന. വിളവെടുത്ത കായ്‌കൾ 10 ദിവസത്തോളം തണലത്ത് ഉണക്കണം. വിത്തുകൾ വടി കൊണ്ട് തല്ലിക്കൊഴിക്കണം.
Share your comments