Features

പഴമയെ സ്നേഹിച്ച് ഒരു കർഷകൻ

കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്ന നാടൻ ഇനങ്ങൾ തന്നെയാണ് കേരളത്തിലെ കൃഷിക്ക് ഏറ്റവും യോജ്യം

മുണ്ടക്കയം :കൃഷി ചെയ്യാൻ ആർക്കും കഴിയും എന്നാൽ കാർഷികമേഖലയെ സ്നേഹിച്ച് പരിപാലിക്കാൻ സാമ്യം കണ്ടെത്തുന്നവർ ചുരുക്കമാണ്. അങ്ങനെ കൃഷിയെ സ്നേഹിച്ച് പരിപാലിക്കുന്ന ഒരു കർഷകനാണ് പെരുവന്താനം പാലൂർക്കാവ് പനച്ചിക്കൽ വീട്ടിൽ പി വി ജോസ് .

കൃഷിയോടുള്ള അളവറ്റ സ്നേഹവും അതിനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമാണ് ഇദ്ദേഹത്തെ വേറിട്ട് നിർത്തുന്നത് . കൃഷിയിൽ നിന്നും ഇന്നത്തെ തലമുറ വഴിമാറി പോകുന്ന കാലഘട്ടത്തിൽ സംയോജിത കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷ കൈവരിക്കാനാകും എന്ന് കാട്ടിക്കൊടുക്കുകയാണ് സ്വന്തം ജീവിതത്തിലൂടെ ഈ പ്രകൃതി സ്‌നേഹി.

സാധാരണ കൃഷിയുമായി കഴിഞ്ഞു പോകവെയാണ് ഒരു യാത്രയ്ക്കിടയിൽ പ്രത്യേക രീതിയിലുള്ള ഒരു പയർ ചെടി കണ്ണിൽ പെട്ടത് .നല്ല മഴയുള്ള കാലാവസ്ഥയിലും നിവർന്നു തല ഉയർത്തി നിൽക്കുന്ന പയർചെടി ജോസിൽ കൗതുകം ഉണർത്തി .

കൂടുതൽ അന്വേഷിച്ചപ്പോൾ പണ്ട് കാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന പഴയ ഒരിനം പയർ ചെടി ആണെന്ന് മനസ്സിലായി അതിന്റെ വിത്ത് കൊണ്ടുവന്ന് കുഴിച്ചിട്ടു. പേരൊന്നും അറിയില്ല. പയറിന്റെ പുറത്ത് പാണ്ടുള്ളത് കൊണ്ട് പാണ്ടൻ പയർ എന്ന് പേരിട്ടു. മഴയും വെയിലും മാറിമാറി വന്നിട്ടും രണ്ടുമൂന്നു വർഷക്കാലം പയർ നല്ല രീതിയിൽ പൂവിട്ടു കായ്ച്ചു .

ഇതിനു ശേഷം ജോസ് വംശ നാശം നേരിടുന്ന നാടൻ ഇനങ്ങൾക്കായുള്ള തെരച്ചിൽ വൃതമാക്കി മാറ്റി. കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്ന നാടൻ ഇനങ്ങൾ തന്നെയാണ് കേരളത്തിലെ കൃഷിക്ക് ഏറ്റവും യോജ്യം എന്ന് ജോസ് തറപ്പിച്ചു പറയുന്നു. ദീർഘകാലം നിലനിൽക്കും എന്നത് മാത്രമല്ല ഇവയ്ക്ക് പ്രതിരോധശേഷിയും കൂടുതലാണ് .

പഴയ നാടൻ ഇനം കപ്പകളാണ് ജോസിന്റെ മറ്റൊരു ആകർഷണം .ഊരാളി കപ്പയും മലബാർ വെള്ളയും കാന്താരി കപ്പയും ജോസിന്റെ ശേഖരത്തിലുണ്ട്. ഇവയ്ക്കുള്ള പ്രത്യേകത, പെട്ടന്നു വേവും മാത്രമല്ല നല്ല സ്വാദും. കരിം പയർ, പിരീസ്, ഞാന്ത, തട്ടാതെ തുടങ്ങിയ നാടൻ പയറിനങ്ങൾ ആദിവാസി ഊരുകളിൽ നിന്ന് കണ്ടെടുത്തവയാണ് .

ധാരാളം ഔഷധ സസ്യങ്ങളുടെ ശേഖരം തന്നെയുണ്ട് ജോസിന്റെ കയ്യിൽ. മൃത സഞ്ജീവനി എന്നറിയപ്പെടുന്ന ഗരുഡപ്പച്ച ,സൂര്യനാമപ്പച്ച എന്നറിയപ്പെടുന്ന മറ്റൊരു ഔഷധച്ചെടിയായ തൊലികണ്ണി തുടങ്ങി നാട്ടിൽ അന്യം നിന്ന് കൊണ്ടിരിക്കുന്ന നിരവധി ഔഷധ സസ്യങ്ങളെ സംരക്ഷിച്ചു പോരുന്നു.

അതുപോലെ നിരവധി നാടൻ വാഴ ഇനങ്ങളും കൃഷി ചെയ്തു വരുന്നു. അതിൽ പച്ച ചിങ്ങൻ, വലിയ കാളി, മൂങ്കി ഏത്തൻ,ഞാലിപ്പൂവൻ ഉൾപ്പെടെയുള്ള നാടൻ വാഴകാലും ഉണ്ട്. കിഴങ്ങുവർഗങ്ങൾ ഇപ്പോൾ നാട്ടിൽ തേടിയാൽ പോലും കിട്ടാത്തത്ര ഇങ്ങൽ ജോസ് പരിപാലിക്കുന്നു. ചെറുകിഴങ്ങു് ,നനകിഴങ്ങ് , മുള്ളൻ കിഴങ്ങ് , അടതാപ്പ് ഉൾപ്പെടെ നാടൻ കാച്ചിൽ ഇനങ്ങൾ ആയ കാന്താരി, ഭരണി കാച്ചിൽ, ഭീമൻ കാച്ചിൽ, ഉരുളൻ കാച്ചിൽ, കിഴക്കേ കാച്ചിൽ തുടങ്ങി ഇരുപതോളം കിഴങ്ങിനങ്ങൾ നട്ടുവളർത്തുന്നു .

നാടൻ ഇനങ്ങളോടുള്ള താല്പര്യം പശുക്കളുടെ കാര്യത്തിലും ഉണ്ട്. ജോസ് വളർത്തുന്ന വെച്ചൂർ പശുവും കിടാവും ഇന്നത്തെ കാലത്തെ കൃത്രിമ തീറ്റകളൊന്നും കഴിച്ചിട്ടില്ല. പകരം നല്ല നാടൻ പുല്ലുകളും കഞ്ഞിവെള്ളവും ഒക്കെയാണ് അവയ്ക്കു കൊടുക്കുന്നത്. നാടൻ ഭക്ഷണം കഴിച്ചു വളരുന്ന തന്റെ വെച്ചൂർ പശുവിന്റെ ചാണകം ശേഖരിച്ച് ചാണക പാലിൽ മിത്ര ബാക്ടീരിയ വളർത്തി സസ്യ അമൃതം, ഫ്ലവർ വിറ്റ എന്നിവ നിർമ്മിച്ച് ആവശ്യക്കാർക്ക് വില്പനയും നടത്തി വരുന്നു.

പഴമയെ കൈവിടാതെ കൂടെ നിർത്തുന്ന ജോസിനെ തേടി നിരവധി അംഗീകാരങ്ങളും വന്നിട്ടുണ്ട്. 2013 ൽ പീരുമേട് ബ്ലോക്ക് മികച്ച കർഷകനായി തെരഞ്ഞെടുത്തത് ജോസിനെ ആയിരുന്നു. ആ വർഷം തന്നെ പെരുവന്താനം പഞ്ചായത്തിന്റെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ൽ നടന്ന ഇടുക്കി ഫെസ്റ്റിൽ അപൂർവയിനം കിഴങ്ങു വർഗങ്ങളുടെ പ്രദർശനത്തിന് അന്നത്തെ കൃഷി മന്ത്രി കെ പി മോഹനനിൽ നിന്ന് ആദരവ് ലഭിച്ചിട്ടുണ്ട്. നാടൻ ഇനങ്ങളെ തിരിച്ചറിയാതെ പുതുമയെ തേടി പോകുന്ന ഇന്നത്തെ തലമുറയ്ക്ക് പഴമയുടെ നന്മകൾ കാട്ടിക്കൊടുക്കാൻ ഇതുപോലെയുള്ള ആളുകൾ നാട്ടിൽ കൂടിയേ തീരൂ. അല്ലെങ്കിൽ പഴയ കാലങ്ങൾ ഗൃഹാതുരമായ ചിന്തകൾ മാത്രമായി അവശേഷിക്കും.


English Summary: A farmer who loves the old

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine