<
Features

കാലാവസ്ഥ വ്യതിയാനവും, മാറ്റം വരുത്തേണ്ട കൃഷി രീതികളും

കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയിൽ
കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയിൽ

കാലം തെറ്റിയുള്ള മഴയും ഉരുൾപൊട്ടലും, വരൾച്ചയുമെല്ലാം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു വിഭാഗമാണ് കർഷകർ. ചക്രവാത ചുഴിയും, ന്യൂനമർദ്ദ പാത്തിയും, മേഘവിസ്ഫോടനമെല്ലാം പത്രത്താളുകളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ പലപ്പോഴും കർഷകരുടെ ദുരന്തങ്ങളെക്കുറിച്ച് വളരെ ചെറിയ കോളത്തിൽ എഴുതി മാധ്യമങ്ങൾ അവരുടെ പ്രശ്നങ്ങൾ നിസാരവൽക്കരിക്കുന്നു. ഏതാനും പതിറ്റാണ്ടുകളായി തുടരുന്ന കാലാവസ്ഥ വ്യതിയാന വാർത്തകൾ നമ്മുടെ വരും ഭാവിക്ക് ഒരു വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. ഭൂമിയിൽ കഴിഞ്ഞ നൂറ്റാണ്ടിനേക്കാൾ 0.80 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവ് ഉയർന്നിരിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഈ നില തുടർന്നാൽ ശരാശരി താപനില 6.40 സെൽഷ്യസ് വരെ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഈ നിലയിലേക്ക് കാര്യങ്ങൾ വന്നു ഭവിച്ചാൽ നമ്മുടെ നിലനില്പ് തന്നെ ഇല്ലാതാകും. അതുകൊണ്ടുതന്നെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുവാനും, ആഗോളതാപനം ഇല്ലാതാക്കുവാനും നാം നിരവധി പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി

കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയിൽ

കാലാവസ്ഥ വ്യതിയാനം കാർഷിക സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുന്ന മൂലകാരണമായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള കാലാവസ്ഥ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന കൃഷി നെല്ല് തന്നെയാണ്. ഇതുകൂടാതെ നാണ്യ വിളകളായ കാപ്പി, കുരുമുളക്, ഏലം, തേയില, റബർ തുടങ്ങിയവയിലും വിളവ് ഗണ്യമായി കുറയുന്നു. കാലം തെറ്റിയുള്ള മഴയും അന്തരീക്ഷ ഊഷ്മാവിൽ വന്ന മാറ്റവും നെൽകൃഷിക്ക് ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ ആണ്. ഈ നിലയിൽ കാര്യങ്ങൾ തുടർന്നാൽ നെൽകൃഷി തന്നെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും.

ബന്ധപ്പെട്ട വാർത്തകൾ : താളിയോലകളിലെ 'വൃക്ഷായുർവേദം'

കാലാവസ്ഥ വ്യതിയാനതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ് ഗാഡ്ഗിൽ റിപ്പോർട്ട്. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ കുറിച്ച് പഠിച്ച കമ്മിറ്റിയാണ് ഗാഡ്ഗിൽ കമ്മിറ്റി. ഈ കമ്മിറ്റി മുന്നോട്ടുവെച്ച പല ആശയങ്ങളും നമ്മൾ ഇത്രകാലമായിട്ടും നടപ്പാക്കിയിട്ടില്ല എന്നത് തന്നെയാണ് ഇത്രത്തോളം ഭവിഷ്യത്ത് കേരളം അനുഭവിക്കേണ്ടതായി വരുന്നതിന് പ്രധാനകാരണം. ഈ റിപ്പോർട്ടിൽ വ്യക്തമായി പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ചും അവിടെ നടപ്പിലാക്കേണ്ട കാർഷിക രീതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഈ റിപ്പോർട്ടിന് വേണ്ടത്ര പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ല. ഗാഡ്ഗിൽ കമ്മിറ്റി മുന്നോട്ടുവച്ച പ്രധാനപ്പെട്ട രണ്ട് ആശയങ്ങൾ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചരിവുള്ള പ്രദേശങ്ങളിൽ ഹസ്രകാല വിളകൾ ഒഴിവാക്കണമെന്നും പരമ്പരാഗത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കപ്പെടണം എന്നതും. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഒരിക്കലും ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യുവാൻ പാടുള്ളതല്ല എന്ന് റിപ്പോർട്ടിൽ പറയപ്പെടുന്നു. വികേന്ദ്രീകൃത ജൈവവള ഉൽപാദന യൂണിറ്റുകൾ പ്രോത്സാഹിപ്പിച്ചു ഉത്തമ കൃഷി മുറകൾ പാലിച്ചുകൊണ്ടുള്ള കൃഷിയിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഇവിടങ്ങളിൽ പരമ്പരാഗത കന്നുകാലി -മത്സ്യ സമ്പത്തുകൾ മാത്രമേ പാടുള്ളൂ എന്നും റിപ്പോർട്ടിൽ പറയപ്പെടുന്നു. കൂടാതെ ആഗോളതാപനം തടയുവാൻ ഏറ്റവും നല്ല വഴിയാണ് കാർബൺ ന്യൂട്രൽ കൃഷിരീതികൾ. ആഗോളതാപനത്തിന് കാരണമാകുന്ന ഒരുപാട് വാതകങ്ങൾ കാർഷിക മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുന്നു. ഈ വാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കുവാൻ ജൈവ രീതികളിലേക്ക് മാറേണ്ടതുണ്ട്. വിളയുടെ അവശിഷ്ടങ്ങൾ മണ്ണിൽ കിടക്കുന്നതിന്റെ സമയം വർധിപ്പിച്ചും പരമാവധി മണ്ണിളക്കി ഉള്ള പ്രവർത്തനങ്ങൾ നടത്തിയും കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാം.

കൂടാതെ പയർവർഗ വിളകളുടെ കൃഷി, സംയോജിത കൃഷി സമ്പ്രദായം, സംയോജിത കീടനിയന്ത്രണ മാർഗങ്ങൾ, വിള പരിക്രമണം, നൈട്രജൻ വളങ്ങളുടെ കാര്യക്ഷമതയോടെ കൂടിയുള്ള ഉപയോഗം തുടങ്ങിയവയും ശാസ്ത്രീയമായി നടപ്പിലാക്കിയാൽ കാർഷികമേഖലയിൽ നിന്നുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുവാനും ആഗോളതാപനം ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധ്യം വരുത്തുവാനുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. അതിന് സ്കൂൾ തലം മുതലേ ഇത്തരത്തിൽ ഉള്ള വിദ്യാഭ്യാസം നൽകുക. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക. നമ്മുടെ പഴയകാല കാർഷിക സമ്പ്രദായങ്ങളെ മടക്കിക്കൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങൾ ഇവിടെ ഉണ്ടാകണം.

ബന്ധപ്പെട്ട വാർത്തകൾ : കാർഷികരംഗത്തിന് കരുത്തുപകർന്ന 'സുഭിക്ഷ കേരളം'

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.


English Summary: Climate change and changing farming practices

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds