മുൻ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാറിന് പറയാനുള്ളത്..
സെപ്റ്റംബർ എട്ടിന് കൃഷി ജാഗ്രൺ കേരളയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ സംഘടിപ്പിച്ച മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർമായുള്ള ചർച്ചയുടെ പൂർണ്ണരൂപം. ചർച്ച നയിച്ചത് കൃഷി ജാഗ്രൺ മാധ്യമത്തിൻറെ മാനേജിങ് ഡയറക്ടർ എം.സി ഡൊമിനിക്കും കൃഷി ജാഗരൺ മലയാളം മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്ററായ സുരേഷ് മുതുകുളവുമാണ്.
1. സാറിന്റെ ഭരണകാലയളവിൽ നിരവധി പ്രതിസന്ധികൾ കടന്നുവന്നിട്ടുണ്ട്. അതിൽ പ്രകൃതിക്ഷോഭവും, മഹാമാരിയും എല്ലാം ഉൾപ്പെടുന്നു. ഈ പ്രതിസന്ധികൾക്കിടയിലും കാർഷികരംഗത്ത് എങ്ങനെ കരുത്തുറ്റ മേഖലയായി നിലനിർത്തി?
ഉത്തരം: ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് അധികാരത്തിൽ വന്ന കാലയളവിൽ മുതൽ ജൈവകൃഷിയ്ക്ക് പ്രാമുഖ്യം നൽകുന്ന നൂതന പരിപാടികൾ ആവിഷ്ക്കരിക്കുകയും, അത് ശാസ്ത്രീയമായ അടിത്തറയോടു കൂടി നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പച്ചക്കറി ഉല്പാദനം ഗണ്യമായി വർദ്ധിക്കുകയും, കൃഷി നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ആയി മാറുകയുമാണ് ചെയ്തത്. ഉൽപ്പാദന രംഗത്ത് മാത്രമല്ല മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മേഖലയിലും വലിയ മാറ്റങ്ങൾ കുറിക്കുവാൻ ഈ പദ്ധതികൾ സഹായകമായി. ഓണത്തിന് ഒരു മുറം പച്ചക്കറി, ജീവനീ, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, വൈഗ പോലുള്ള പദ്ധതികൾ ജനങ്ങൾ ഏറ്റെടുക്കുകയും, കൃഷി ഒരു ട്രെൻഡായി കേരളത്തിൽ മാറുകയും ആണ് ചെയ്തത്. ഈ പ്രവണത തന്നെയാണ് പ്രതിസന്ധികൾക്ക് ഇടയിലുംകാർഷിക മേഖലയെ പിടിച്ചുനിർത്താൻ കാരണമായത്.
2. സാറിൻറെ ഭരണകാലയളവിൽ കൊണ്ടുവന്ന മികച്ച പദ്ധതികൾ ആയിരുന്നു ജീവനീയും താങ്ങുവില നിശ്ചയിച്ചതും. ഇതിനെക്കുറിച്ച് ഒന്നു പറയാമോ?
ഉത്തരം : ഈ പദ്ധതികളുടെ എല്ലാം വിജയം തന്നെയാണ് പച്ചക്കറി ഉല്പാദനം 40 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് എത്തിയത്. പച്ചക്കറിയുടെ ഉൽപാദനം വർദ്ധിച്ചതോടെ വ്യക്തമായ ഒരു വിപണന തന്ത്രം കൊണ്ടു വരേണ്ടി വന്നു. ഇതിൻറെ ഭാഗമായിട്ടായിരുന്നു 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില നിശ്ചയിക്കേണ്ടി വന്നത്. ഈ പദ്ധതികളുടെ എല്ലാം വിജയം നമുക്ക് അടുത്ത കാലയളവിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും.കേരളം ഒരു പ്രൊഡക്ഷൻ സ്റ്റേറ്റ് ആയി ഉയരും. ജീവനി പദ്ധതിയുടെ രൂപവത്കരിക്കുന്നതിൽ പ്രധാന ഘടകം നമ്മുടെ കാലാവസ്ഥവ്യതിയാനം തന്നെയായിരുന്നു.
കേരളത്തിലെ കാർഷിക മേഖലയെ വിവിധ ഇക്കോളജിക്കൽ സോണായി തരംതിരിച്ചു. മണ്ണിന്റെയും, ജലലഭ്യതയുടെയും, വിവിധ ജൈവവൈവിധ്യ ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും, ഓരോ മേഖലയിലും കൃഷി ചെയ്യാൻ സാധിക്കുന്ന പച്ചക്കറികളെ കണ്ടെത്തി അവിടത്തെ കൃഷി പ്രോത്സാഹിപ്പിച്ചു. കൂടാതെ കേരളത്തിൻറെ ആരോഗ്യ മേഖലയിൽ കൂടുതലും സംഭാവന ചെയ്യാൻ സാധിക്കുന്ന ഘടകം കൃഷി ആണെന്ന തിരിച്ചറിവിൽ നിന്ന് കൂടിയാണ് ജീവനി എന്ന പദ്ധതി സുഭിക്ഷ കേരളം പദ്ധതി യുമായി ബന്ധപ്പെടുത്തിയത്. ഇതുകൂടാതെ 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന പദ്ധതിപ്രകാരം ഒരു വ്യക്തിക്ക് ആവശ്യമായ പോഷക ദായകമായ ഭക്ഷ്യവസ്തുക്കൾ ഏതൊക്കെ എന്ന് തിരിച്ചറിയുകയും, ഇതുമായി ബന്ധപ്പെടുത്തി പോഷക തളിക രൂപകൽപ്പന ചെയ്യുകയും ചെയ്തു. ഇതിൻറെ ഉദ്ഘാടനം തൃശൂർ ജില്ലയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഇത് വിപ്ലവകരമായ പല മാറ്റങ്ങളിലേക്ക് വഴിതെളിച്ചു.
3. നെൽകൃഷിക്ക് റോയൽ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം എന്ന ബഹുമതിയും, കർഷക ക്ഷേമനിധി ബോർഡ് കൊണ്ടുവന്ന ആദ്യ സംസ്ഥാനം എന്ന ബഹുമതിയും കേരളം നേടിയത് സാറിൻറെ ഭരണകാലയളവിൽ ആണ് ഈ നേട്ടത്തെ എങ്ങനെ നോക്കി കാണുന്നു?
ഉത്തരം: തീർച്ചയായും അത് വ്യക്തിപരമായ സന്തോഷമാണ്. ഇത് നെൽകൃഷിക്ക് മാത്രമല്ല നെൽകർഷകർക്ക് പ്രോത്സാഹനം നൽകുന്ന കാര്യമാണ്. നമ്മുടെ നാട്ടിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുക എന്നത് കൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത് ഭൂഗർഭജലം സംരക്ഷിക്കുക എന്നത് കൂടിയാണ്. തണ്ണീർത്തട നെൽവയൽ പദ്ധതി പ്രകാരം നെൽവയലിന്റെ വിസ്തൃതി വർദ്ധിപ്പിക്കുവാനും, തരിശ് കിടന്ന ഒരുപാട് ഭൂമിയിൽ കൃഷിയിറക്കിവാനും ഞങ്ങളുടെ സർക്കാർ അധികാരത്തിലേറിയതിനുശേഷം നടന്നുവന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ കർഷക ക്ഷേമനിധി ബോർഡ് എന്ന ആശയം ആവിഷ്കരിക്കാൻ സാധിച്ചു. ഇത് പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ഹേലി സർ കൊണ്ട് വന്ന ഒരു ആശയമാണ്. ഇത് എൻറെ ഭരണകാലയളവിൽ നടപ്പിലാക്കിയെന്നത് ഒത്തിരി സന്തോഷം ഉള്ള കാര്യമാണ്.
4. കൃഷി ജാഗ്രൺ കേരള സംഘടിപ്പിക്കുന്ന കുട്ടി കർഷകർക്കുള്ള പരിപാടിയിലുടനീളം കുട്ടി കർഷകർ മുന്നോട്ടുവെച്ച ആശയമാണ് കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്നത്. ഈ ആശയത്തെ കുറിച്ചുള്ള സാറിൻറെ കാഴ്ചപ്പാട്?
ഉത്തരം: കൃഷി തീർച്ചയായും നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൃഷിയെ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിന് വേണ്ടി തന്നെയാണ് എല്ലാ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളെയും പാടത്തേക്ക് ഇറക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതി ആവിഷ്കരിച്ചത്. കൂടാതെ എല്ലാ സ്കൂളുകളിലും ജൈവവൈവിധ്യ പാർക്ക് കൊണ്ടുവന്നത്. ഇത്തരത്തിലുള്ള പദ്ധതികളുടെയെല്ലാം അടിസ്ഥാനപരമായ ലക്ഷ്യം കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാകുക എന്നതാണ്. തീർച്ചയായും അത് നടപ്പിലാക്കും.
5. കൃഷിഭവനുകൾ വഴി നടപ്പിലാക്കുന്ന പല പദ്ധതികളുടെയും ഗുണഫലങ്ങൾ കർഷകരിലേക്ക് എത്തുന്നില്ല എന്ന് കൃഷി ജാഗരൺ കേരള സംഘടിപ്പിക്കുന്ന ഫാർമർ ഫസ്റ്റ് എന്ന പരിപാടിയിലൂടെ നിരവധി കർഷകർ ഉന്നയിക്കുന്നു. ഈ പ്രശ്നത്തെ എങ്ങനെ നമുക്ക് പരിഹരിക്കാൻ സാധിക്കും?
ഉത്തരം: കൃഷിഭവനുകളെ സ്മാർട്ട് ആക്കാനുള്ള പദ്ധതി പുതിയ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. തീർച്ചയായും അത് നടപ്പിലാക്കും. കൃഷി വകുപ്പ് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും ഗുണഫലം കർഷകർക്ക് എത്തിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ കൊണ്ടുവരും. 2010 ഞങ്ങൾ കൊണ്ടുവന്ന ആശയമാണ് കർഷക സഭകൾ. തിരുവാതിര ഞാറ്റുവേല സമയത്ത് അതാത് വാർഡുകളിൽ അവിടത്തെ കൃഷി ഓഫീസർമാർ പോവുകയും, അവിടുയുള്ള കർഷകരുമായി ചർച്ചനടത്തുകയും, അവർക്ക് വേണ്ട സേവനങ്ങൾ നൽകുകയും ചെയ്യുന്ന പദ്ധതി കാര്യക്ഷമമായി നടക്കുന്നുണ്ട്. 2020ൽ കൃഷി പാഠശാല എന്ന ആശയവും നടപ്പിലാക്കി കഴിഞ്ഞു. വിദഗ്ധരായ കർഷകരെ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങളും കൊണ്ടുവന്നു. ഈ സമഗ്രമായ പദ്ധതികളുടെ എല്ലാം ലക്ഷ്യം കർഷകർക്ക് വേണ്ട സേവനങ്ങൾ കൃത്യസമയങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. പക്ഷേ കോവിഡ് എന്ന മഹാമാരി ചില പദ്ധതികൾ നടപ്പിലാക്കിയതിൽ തടസ്സങ്ങൾ സൃഷ്ടിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതികൾ പൂർണമായ വിജയമായി പറയുന്നില്ല.
English Summary: Former Agriculture Minister Adv. What VS Sunilkumar has to say
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments