സംസ്ഥാന കർഷക ജേതാക്കൾക്ക് ഒപ്പം അൽപനേരം
കേരളത്തിൻറെ ഗ്രാമീണ മേഖലയിലെ ഒട്ടേറെ കർഷകരെ ദേശീയ അന്തർദേശീയ തലങ്ങളിൽ എത്തിച്ച കൃഷി ജാഗരൺ ഏറെ അഭിമാനത്തോടെ നിങ്ങൾക്കു മുൻപിൽ എത്തിക്കുന്ന പരിപാടിയാണ് "സംസ്ഥാന കർഷക ജേതാക്കൾക്കൊപ്പം അൽപനേരം". ഈ വരുന്ന ഫെബ്രുവരി ഒന്നാം തീയതി 3 മണിക്ക് 2020ലെ സംസ്ഥാന കർഷക അവാർഡിന് അർഹരായവരിൽ 10 വ്യക്തിഗത വിഭാഗത്തിൽ അവാർഡ് ലഭിച്ച ജേതാക്കൾ ആണ് തങ്ങളുടെ കൃഷി അനുഭവങ്ങളും, വിശേഷങ്ങളും നിങ്ങളുമായി സംവദിക്കുവാൻ എത്തുന്നത്.
2016 സെപ്റ്റംബർ 25നാണ് കൃഷി ജാഗരൺ മലയാളം പതിപ്പ് ആരംഭിച്ചത്. കുറഞ്ഞ കാലയളവിൽ തന്നെ കേരളത്തിൻറെ കാർഷിക രംഗത്ത് ചെറുതല്ലാത്ത സംഭാവന ചെയ്യുവാൻ കൃഷി ജാഗരണിന് സാധിച്ചിരിക്കുന്നു. കേരളത്തിലെ കർഷകർക്ക് വായനാനുഭവം പകരുന്നതോടൊപ്പം കിസാൻ ക്ലബ്ബുകൾ രൂപീകരിച്ചും സെമിനാറുകൾ സംഘടിപ്പിച്ചും കാർഷിക രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് തുടക്കം കുറിക്കുവാൻ കൃഷി ജാഗരണിന് ഇതിനോടകം തന്നെ കഴിഞ്ഞിരിക്കുന്നു. മാസിക വഴി മാത്രം കൃഷി വിവരങ്ങൾ കൈമാറാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കൃഷി ജാഗരൺ പോർട്ടൽ ആരംഭിക്കുന്നത്.
കൃഷിയെ ഇഷ്ടപ്പെടുന്ന കൃഷിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഇന്ന് ഞങ്ങളുടെ പോർട്ടലിന്റെ നിത്യ സന്ദർശകരാണ്. കൃഷി ജാഗരൺ ഫേസ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും കൃഷി ജാഗരൺ സ്വാധീനം ചെലുത്തിയിരുന്നു. ഞങ്ങളുടെ നൂതന പരിപാടികൾ ആയ ഫാർമർ ദി ബ്രാൻഡ്, ഫാർമർ ഫസ്റ്റ് തുടങ്ങിയ പരിപാടികൾ ഇതിനോടകം തന്നെ കേരളത്തിൽ കർഷകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നു. കർഷകർ തങ്ങളുടെ ബ്രാൻഡ് ഉൽപ്പന്നങ്ങൾ സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുന്ന പരിപാടിയാണ് 'ഫാർമർ ദി ബ്രാൻഡ്'. കർഷകരുടെ ശബ്ദമായി മാറിയ പരിപാടിയാണ് ഫാർമർ ഫസ്റ്റ്. കർഷകരുടെ പ്രശ്നങ്ങൾ അധികാരികളിൽ എത്തിക്കുക , അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് ഈ പരിപാടിയുടെ ലക്ഷ്യങ്ങൾ. ഇതുകൂടാതെ കലാ- രാഷ്ട്രീയ- സാംസ്കാരിക രംഗങ്ങളിലെ ഒട്ടേറെ വ്യക്തിത്വങ്ങൾ ഈ കുറഞ്ഞ കാലയളവിൽ തന്നെ കൃഷി ജാഗരൺ വേദിയിൽ എത്തിയിരിക്കുന്നു. ഇതിനോടൊപ്പം ചേർത്തു വയ്ക്കാവുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ഉദ്യമമാണ് "സംസ്ഥാന കർഷക ജേതാക്കൾ ഒപ്പം അൽപ്പനേരം" എന്ന പരിപാടി. ഈ പരിപാടിയിൽ പങ്കെടുക്കുന്ന കാർഷിക മേഖലയിൽ തിളങ്ങിയ ആ പത്ത് പേർ ആരൊക്കെയെന്നു എന്നറിയാം..
സംസ്ഥാന സർക്കാരിൻറെ ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരത്തിന് ഇത്തവണ അർഹമായത് കൃഷി ജീവിത സപര്യയുടെ ഭാഗമാക്കിയ പി ബി അനീഷ് എന്ന കർഷകനാണ്. 2030 ആകുന്നതോടെ ഒരേക്കറിൽനിന്ന് ലഭിക്കുന്നതിന് ഏറ്റവുമധികം വരുമാനം നേടുക എന്നതാണ് ഇപ്പോൾ അനീഷിന്റെ മനസ്സിലെ ലക്ഷ്യം.
ഏറ്റവും മികച്ച കർഷക വനിതയ്ക്ക് ഉള്ള കർഷക തിലകം പുരസ്കാരം സ്വപ്നയുടെ കൈകളിൽ ഭദ്രം. കൃഷിയെ ജീവനുതുല്യം സ്നേഹിച്ച സിബിയുടെ അകാല വിയോഗത്തിന് ശേഷം അദ്ദേഹത്തിൻറെ കാർഷിക സ്വപ്നങ്ങൾ ഏറ്റെടുക്കുകയായിരുന്നു ഭാര്യ സ്വപ്ന. 2017 സംസ്ഥാന കാർഷിക പുരസ്കാരം നേടിയ വ്യക്തിയാണ് സിബി കല്ലിങ്കൽ. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് മികച്ച കർഷകനുള്ള പുരസ്കാരം സിബി കല്ലിങ്കൽ മെമ്മോറിയൽ കർഷകോത്തമ അവാർഡ് എന്ന പേരിൽ നൽകുന്നത്.
കൃഷിയും അദ്ധ്യാപനവും ഒരുപോലെ കൊണ്ടുപോകുന്ന ഒ.വി ജോൺസൺ എന്ന പരമ്പരാഗത നെൽവിത്ത് കർഷകനാണ് ഇത്തവണ മികച്ച ജൈവ കർഷകനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത് രണ്ട് ഏക്കർ പാട്ടത്തിനെടുത്ത സ്ഥലത്ത് 28 ഇനം പരമ്പരാഗത നെൽവിത്തിനങ്ങൾ ആണ് അദ്ദേഹം ഇവിടെ കൃഷി ചെയ്യുന്നത്.
ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവനിലെ പാസ്റ്റർ ജേക്കബ് ജോസഫ് സാറിന് ഇത് അഭിമാന നേട്ടം. കാർഷികമേഖലയിൽ പതിനാറു കൊല്ലമായി സജീവമായി നിലകൊള്ളുന്ന അദ്ദേഹത്തെ തേടി ഇത്തവണ എത്തിയിരിക്കുന്നത് മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് ആണ്. 25 ഏക്കറോളം സ്ഥലത്ത് അദ്ദേഹം ഇന്ന് കൃഷി ചെയ്യുന്നു.
പൂക്കളോട് ഉള്ള ഇഷ്ടമാണ് ഷീജയെ ഉദ്യാന ശ്രേഷ്ഠ അവാർഡിന് അർഹമാക്കിയത്. ഇരുനൂറോളം വ്യത്യസ്ത ഇനത്തിൽപ്പെട്ട 30 മുതൽ 10,000 രൂപവരെ വിലവരുന്ന ചെടികൾ ഷീജയുടെ 15 സ്ഥലത്ത് നിറഞ്ഞുനിൽക്കുന്നു. ആ വർണാഭമായ ഉദ്യാനം ഇന്ന് എല്ലാവരുടെയും മനംകവരുന്ന കാഴ്ചയാണ്.
അരഡസനോളം ബിരുദങ്ങൾ സ്വന്തമാക്കിയ അനിൽകുമാറിന് ഒരു പൊൻതൂവൽ കൂടി സ്വന്തം. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും, പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും, ലൈബ്രറി സയൻസിൽ ബിരുദവും, ബിഎഡും സ്വന്തമാക്കിയ ഈ 34 നെ തേടി ഇത്തവണ എത്തിയിരിക്കുന്നത് സംസ്ഥാന സർക്കാരിൻറെ കർഷക ജ്യോതി പുരസ്കാരമാണ്. സമ്മിശ്ര കർഷകനായ അനിൽകുമാർ കാർഷികരംഗത്തെ മാറ്റത്തിന് മുഖമാണ്.
യുവകർഷക ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് കൃഷി ജീവനുതുല്യം സ്നേഹിക്കുന്ന ശ്രീവിദ്യ എം എന്ന വീട്ടമ്മയ്ക്കാണ്. 40 ഇനം പഴവർഗങ്ങളും പച്ചക്കറികളും, ആയിരത്തി എഴുന്നൂറോളം മീനുകളും, 70 മുട്ടക്കോഴികളും ഒരു പശുവും കിടാവും ഉള്ള ഒരു കൊച്ചു ഹരിത ലോകമാണ് ശ്രീവിദ്യയുടെ കൃഷിയിടം.
24 വർഷമായി ടെറസ് കൃഷിയിൽ സജീവമായ സുൽഫത്ത് മൊയ്ദീൻ ആണ് ഇത്തവണ സംസ്ഥാന സർക്കാരിൻറെ മികച്ച മട്ടുപ്പാവ് കർഷകക്കുള്ള അവാർഡിന് അർഹമായത്. ഇതിനോടകംതന്നെ കൃഷി സംബന്ധമായ 38 അവാർഡുകൾ സുൾഫത്തിനെ തേടിയെത്തിയിരിക്കുന്നു. ടെറസിലും പുരയിടത്തിന് ചുറ്റും ഒന്നര ഏക്കറോളം ഭൂമിയിലും പലവിധ കൃഷികളാണ് ഈ വീട്ടമ്മ ഒരുക്കിയിരിക്കുന്നത്.
പുരോഗമന കൃഷി രീതികൾ അവലംബിക്കുന്ന ശിവ ഗണേഷാണ് ഇത്തവണ മികച്ച കേരകേസരി അവാർഡിന് അർഹമായത് അദ്ദേഹത്തിൻറെ കുടുംബ വിഹിതം കൂടി ആയ എംഎസ്ആർ ഫാംസ് ഇപ്പോൾ 27 ഏക്കറിലായി വ്യത്യസ്തയിനം വിളകളും കന്നുകാലികളും ആയി മിശ്രിത കൃഷി ചെയ്തുവരുന്നു.
മികച്ച ഹൈടെക് കർഷകനുള്ള പുരസ്കാരത്തിന് അർഹനായ വ്യക്തിയാണ് ഷമീർ നെടുമങ്ങാട്. നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങൾ നടത്തി വിജയകരമായ ഹൈടെക് കൃഷിരീതികൾ നടപ്പിലാക്കിയ വ്യക്തിയാണ് ഷമീർ. കൃഷി വകുപ്പിൻറെ എക്കോ ഷോപ്പുകൾ വഴിയും കാർഷിക ചന്തകൾ വഴിയും അദ്ദേഹം തൻറെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചു നൽകുന്നു.
കാർഷിക മേഖലയിൽ തിളങ്ങിയ ഈ പത്ത് കർഷക പ്രതിഭകൾ ആണ് അവരുടെ കൃഷി വിശേഷങ്ങളുമായി നിങ്ങളുടെ മുന്നിൽ എത്തുന്നത്...
English Summary: kerala agriculture awards announced with the kerala state farmer winners for a while
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments