ഇടുക്കി വെട്ടിമറ്റം വിമലാ പബ്ലിക് സ്കൂളിലെ എട്ടാംക്ലാസുകാരൻ 'മാത്യു ബെന്നി' ഇന്ന് ഇടുക്കിയറിയപ്പെടുന്ന കുട്ടികർഷകനാണ്. പതിമൂന്നാം വയസ്സിൽ മാത്യു പരിപാലിക്കുന്നത് 14 പശുക്കളെ.
ഈ കുട്ടികർഷകന്റെ ജീവിത കഥ അത്ര ചെറുതല്ല കേട്ടോ. പരേതനായ കിഴക്കേപ്പറമ്പിൽ ബെന്നിയുടെയും ഷൈനിയുടെയും രണ്ടാമത്തെ മകനാണ് മാത്യു. പിതാവ് ബെന്നി കിഴക്കേപ്പറമ്പിലിന്റെ ആകസ്മിക വേർപാടിൽ വഴി മുട്ടി നിന്ന കുടുംബത്തിനെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ പതിമൂന്നു വയസുകാരനാണ്.
മാത്യുവിന്റെ അച്ഛൻ ബെന്നി ഒരു ക്ഷീര കർഷകനായിരുന്നു. ബെന്നിയുടെ മരണശേഷം പശുക്കളെ പരിപാലിക്കാൻ തനിക്ക് ഒറ്റയ്ക്ക് സാധിക്കില്ല എന്ന് തോന്നിയതോടെ പശുക്കളെ വിൽക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു ബെന്നിയുടെ ഭാര്യ ഷൈനി. എന്നാൽ കുട്ടിക്കാലം മുതൽ താൻ കണ്ടുവളർന്ന പശുക്കിടാങ്ങളോടുള്ള സ്നേഹം മാത്യുവിനെ ആകെ സങ്കടത്തിൽ ആക്കി. പശുക്കളെ വിൽക്കല്ലേ എന്ന് നിറകണ്ണുകളോടെ മാത്യു അമ്മയോട് പറഞ്ഞു. മകന്റെ അഭ്യർഥന കണ്ട അമ്മ ഷൈനി വിൽപ്പന വേണ്ടെന്നുവച്ചു. എന്നാൽ ഫാമിന്റെ ചുമതല ആരെറ്റെടുക്കും എന്ന ചോദ്യത്തിന് മറുപടി നൽകികൊണ്ട് മാത്യു തന്നെ രംഗത്തെത്തി. പഠനവും കന്നുകാലികളുടെ പരിപാലനവും ഒരുമിച്ച് കൊണ്ടുപോകാനുള്ള പ്രയത്നത്തിൽ ആണ് മാത്യു ഇപ്പോൾ. തെല്ലും അലസതയില്ലാതെ കൃത്യമായി കാര്യങ്ങൾ നോക്കി നടത്തുന്നതിൽ മാത്യു മിടു മിടുക്കനാണ്.
കുട്ടിക്കാലം മുതലേ പിതാവിന്റെ കൂടെ പശുവിനെ മേയ്ക്കാൻ നടന്ന പരിചയസമ്പത്ത് മാത്രമായിരുന്നു മാത്യുവിന് ഒപ്പമുണ്ടായിരുന്നത്. പിച്ചവയ്ക്കുന്ന പ്രായത്തിൽ തുടങ്ങിയതാണ് മാത്യുവിന് ഇവയോടുള്ള ചങ്ങാത്തം. അച്ഛൻ ബെന്നിയുടെ വിരലിൽ തൂങ്ങി തൊഴുത്തിലെത്തിയ കൊച്ചു മാത്യുവിന് ഇന്ന് എല്ലാമെല്ലാമാണീ പശുക്കൾ.
പുലർച്ചെ നാലിനു ഉണർന്ന് തൊഴുത്ത് വൃത്തിയാക്കി പശുവിനെ കുളിപ്പിക്കും. പിന്നീട് കറവയാണ്. കറവ കഴിഞ്ഞാൽ പശുക്കളെ സമീപത്തെ പാടത്ത് കൊണ്ടുപോയി കെട്ടും. പാൽ കറന്നെടുക്കുന്നതും ഈ എട്ടാം ക്ലാസുകാരനാണ്. എല്ലാ പണിയും തീരുമ്പോൾ ഏഴാകും. പിന്നീട് ഓൺലൈൻ ക്ലാസിൽ കയറും. പഠനത്തിന്റെ ഇടവേളകളിൽ പശുവിന് തീറ്റ നൽകുന്നതും കൂട്ടിൽക്കയറ്റി കെട്ടുന്നതും ഇവൻതന്നെ. രാവിലെ 25 ലിറ്ററോളം പാൽ വിൽക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ 10 മുതൽ 15 ലിറ്റർ വരെ ലഭിക്കാറുണ്ട്. മൊത്തം ശരാശരി ഏകദേശം 40 ലിറ്ററോളം പാൽ ഒരു ദിവസം ലഭിക്കുന്നു.
മാത്യുവിന്റെ വിരൽതൊട്ടാൽ കൂട്ടത്തിലെ കുറുമ്പി പശു പോലും യഥേഷ്ടം പാൽ ചുരത്തും. എന്തുകൊണ്ടാണ് പശുക്കളെ ഇഷ്ടമെന്നു ചോദിച്ചാൽ ഒറ്റ മറുപടിയേയുള്ളൂ ‘അത് ചെറുപ്പത്തിലേ വളർത്തി വളർത്തി ഇതിനെ ഭയങ്കര ഇഷ്ടമായിപ്പോയി’.
ഓരോ പശുവിനും സ്നേഹത്തിന്റെ ഭാഷയിൽ കുട്ടിത്തം നിറഞ്ഞ പേരുകളാണ് നൽകിയിരിക്കുന്നത് കൊച്ചു പശു, ചൊവന്ന പശു എന്നിങ്ങനെയാണ് ആ പേരുകൾ. അതിൽ ഏറ്റവും മൂത്ത പശുവിന് വലിയ പശു എന്നാണ് പേരിട്ടിരിക്കുന്നത്. പേര് പോലെ തന്നെ ഒരു മൂത്ത സഹോദരന്റെ സ്നേഹമാണ് പശുവിന് മാത്യുവിനോട്, അതുപോലെ മാത്യുവിന് തിരിച്ചും.
കൂട്ടുകാരെപ്പോലെയാണ് ഈ പതിമൂന്നുകാരൻ പശുക്കളുമായി ഇടപെടുന്നത്.
കന്നുകാലികളോട് മാത്യുവിന് നല്ല സ്നേഹമാണെന്നും ആരുമില്ലെങ്കിലും ഇവയുടെ കാര്യങ്ങൾ മാത്യു തനിച്ച് നോക്കുമെന്നും അമ്മ പറയുന്നു. പശുക്കൾക്ക് രോഗം വന്നാൽ അത് തിരിച്ചറിയുന്നതിനും ഈ കൊച്ചുമിടുക്കന് നല്ല കഴിവാണ്. ഈ മികവുകണ്ട് കൃത്രിമ ബീജസങ്കലനത്തില്‍ ചെറിയ പരിശീലനവും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. നല്ല ഭക്ഷണവും നല്ല പരിചരണവും സ്നേഹവും നൽകിയാൽ ഇവർ നന്നായി വളരും എന്നാണു മാത്യുവിന് പറയാനുള്ളത്. ഭാവിയിൽ തനിക്കൊരു ഒരു മൃഗ ഡോക്ടറാകാനാണ് താല്പര്യം എന്നും മാത്യു കൃഷി ജാഗരണോട് പറഞ്ഞു.
സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയിൽ പശുവളർത്തലിനൊപ്പം തേനീച്ചകൃഷിയിലും, ചേമ്പ്, ചേന, ഇഞ്ചി, കമുക് എന്നീ കൃഷികളിലും ഒരുകൈ നോക്കുന്നുണ്ട് ഈ മിടുക്കൻ. അമ്മ ഷൈനിയും ജ്യേഷ്‌ഠൻ പത്താം ക്ലാസുകാരനായ ജോർജും അനിയത്തി റോസ്‌മരിയയും മാത്യുവിനൊപ്പമുണ്ട്.
മാത്യുവിനെ കുറിച്ച് അറിഞ്ഞ് വിശേഷം തിരക്കിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി കുടുംബത്തിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. പശുക്കൾക്ക് നല്ല തൊഴുത്തില്ലെന്ന വിഷമം പങ്കുവച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പും നൽകി. മാത്യുവിന്റെ വീട് സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാൻ ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനോട് നിർദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു. മികച്ച ക്ഷീരകർഷകനാകുന്നതിനൊപ്പം മാത്യുവിന്റെ ആഗ്രഹംപോലെ പഠിച്ച് നല്ലൊരു വെറ്ററിനറി ഡോക്ടറാകട്ടെയെന്നും മന്ത്രി ആശംസിച്ചു. അമ്മ ഷൈനിയോടും മന്ത്രി സംസാരിച്ചു.
ഇതിന്റെ ഫലമായി മിൽമയുടെ ചെയർമാൻ നേരിട്ട് മാത്യുവിനോട് സംസാരിക്കുകയും 14 പശുക്കളെയും പരിപാലിക്കാൻ തക്ക ഒരു തൊഴുത്ത് മിൽമയുടെ വക ചെയ്തു കൊടുക്കാമെന്നും വാഗ്ദാനം നൽകുകയും ചെയ്തു.
ഈ ചെറിയ പ്രായത്തിൽ മാത്യുവിനെ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളാണ്. കഴിഞ്ഞ ചിങ്ങം ഒന്നിന് വെട്ടിമറ്റം കൃഷിഭവൻ മികച്ച കർഷകരിൽ ഒരാളായി മാത്യുവിനെ ആദരിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മികച്ച ക്ഷീരകർഷകരിൽ ഒരാളായി മാത്യുവിനെ തിരഞ്ഞെടുത്തിരുന്നു. ഇത് കൂടാതെ ജില്ലാതല സംസ്ഥാന അവാർഡുകൾക്ക് കൃഷിഭവന്റെയും ക്ഷീരവകുപ്പിന്റെയും സഹായത്താൽ അപേക്ഷിച്ചിട്ടുണ്ട്.
Share your comments